
എന്റെ ഒടുക്കം
നിന്റെ തുടക്കം
ജിജ്ഞാസയോടെ കേള്ക്കുന്ന നിന്നോട്
ജീവിതം എന്നോട് പറഞ്ഞത്
ഇന്ന് ഞാന് പറയട്ടെ
നിന്റെ പ്രായത്തില്
എന്നെയും ഇവര് തോളിലേറ്റി
വാഗ്ദാനങ്ങളൊരുപാട് നല്കി
യുദ്ധം ഇനി ചെയ്യില്ലെന്ന്
ഊരിയ വാളിനെ ദൂരെ കളഞ്ഞെന്ന്
ചിന്തിയ ചോരയില്
പുതിയ ചാവേറുകള് കിളിര്ക്കില്ലെന്ന്
നവലോക സൃഷ്ടിയ്ക്കായ്
നാടിനെ സേവിക്കുമെന്ന്......
ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
ആശകള് ഇനി ബാക്കിയില്ല
എല്ലാം മറന്നിവര് തീര്ത്ത
പോര്ക്കളത്തില് വീണ നിണത്തില്
എന് അന്ത്യ കൂദാശ
എങ്കിലും നല്കുന്നു നിനക്ക് ഞാന്
ഈ വെള്ളരിപ്പ്രാവിനെ
ഒരു ദിനം നീ ഇതിനെ
വിണ്ണില് പറത്തുക
വരുമാ ദിനം നിശ്ചയം
നിന്റെ ആയുസ്സിലെങ്കിലും



