Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, April 17, 2012

ആന്റില

അംബാനിയുടെ ആന്റില
മുംബയിലെ മാനത്തെ നക്ഷത്രക്കൊട്ടാരം.
ആലീസിന്‍ അത്ഭുതക്കാഴ്ച്ചയല്ല
ലോകത്തിന്‍ നെറുകയിലെ അതിശയ താരകം.
 

ആകാശം ചുംബിക്കുമിരുപത്തേഴു മാളികകള്‍
മേഘവാഹിനിയിറങ്ങാന്‍ മൂന്ന് ഹെലിപ്പാടുകള്‍
ഒഴുകിയിറങ്ങുന്ന ഒന്‍പത് ലിഫ്റ്റുകള്‍
ബാല്‍ക്കണികള്‍ പോലെ ഉയരത്തിലുദ്യാനങ്ങള്‍
ആറു നിലകളില്‍ പാര്‍ക്കിംഗ് റോഡുശകടങ്ങള്‍ക്കായ്
സദാ സന്നദ്ധരായ് എഴുനൂറു വീട്ടുവേലക്കാര്‍
അറബിക്കഥകളിലെ ആശ്ചര്യമൂറ്റുന്ന
ആയിരത്തൊന്നല്ല വിസ്മയക്കാഴ്ച്ചകള്‍.

 

"ഭൂമിയിലേറ്റം വിലയേറും ഭവനം 
ജി.ഡി.പി* ഉയരുന്ന നിന്‍ നാട്ടിലാണല്ലോ!" 
അത്ഭുതം കൂറി പരദേശിയൊരുവന്‍‍
പത്രത്താളില്‍ നിന്നറിയാതെ തലയൂരി
നിറയുമാരാധനയോടെന്നെ കണ്ണെറിയുന്നങ്ങിനെ

തിളങ്ങുന്നയിന്ത്യയുടെയോമല്‍ പ്രതീകമായ്
സാകൂതം നിന്നു ഞാനൊട്ടുമഹങ്കാരമില്ലാതെ.  


പിന്നെ പത്രത്തിനിരുതാളുകള്‍ സൂത്രത്തില്‍
ചേര്‍ത്തു മറിച്ചു ഞാന്‍ മിഴി ചിമ്മിത്തുറക്കുംപോല്‍
ചെറുകോളത്തിലൊരു ചെറുവാര്‍ത്തയതിനിടയില്‍

ചത്തു ചതഞ്ഞു പ്രേതമായ് കിടക്കുന്നു;
ഇരുപത്തിരണ്ടു രൂപക്ക് കീഴോട്ട്

പട്ടിണി രേഖ പിന്നെയും താഴ്ത്തി വരച്ചതും,

മൂന്നില്‍ രണ്ടെന്നു പ്രജകളെന്നിട്ടും
പുതിയ വരയുടെയടിയില്‍ കിടപ്പതും, 

അന്നമില്ലാതെയര്‍ദ്ധനഗ്നരായവര്‍
തണുത്തുറയുന്ന പുലര്ക്കാല‍ വേളകളില്‍
നഗരപ്രാന്തങ്ങളിലഴുക്കിന്‍ ചേരികളിലെ ‍
തെരുവുതിണ്ണയിലുണരുന്ന നിര്‍വര്‍ണ്ണ ചിത്രവും.


 *GDP (Gross domestic product, മൊത്ത ആഭ്യന്തര ഉല്പാദന വളര്ച്ച)

Sunday, July 3, 2011

ഓര്‍മ്മകള്‍ മഴപോലെയാണ്



ഓര്‍മ്മകള്‍
മഴപോലെയാണ്

ചിലപ്പോഴത് ചാറ്റല്‍ മഴപോലരിച്ചെത്തും

കണികകളായവ കാറ്റില്‍ ചെരിഞ്ഞു പറന്നെത്തും

കണ്ണുകളിലവ കരുണയോടെ പതിയ്ക്കും

സ്മൃതിയുടെ ചെറു നീര്‍മുത്തുകള്‍

അറ്റമില്ലാതെ പിറകോട്ടു പറക്കും

സൌമ്യസാന്ദ്രമാം ഋതുഭേദങ്ങളുടെ

ആരാമങ്ങളിലവയൊരു വേള പൂക്കളിറുക്കും

മിഴികള്‍ മുന്നോട്ടു ഗമിക്കുമ്പൊഴും

കാഴ്ചകള്‍ പിന്‍വെളിച്ചങ്ങളില്‍ രമിയ്ക്കും

മേഘ ശകലങ്ങള്‍‍ക്കിടയിലെ ചന്ദ്രമുഖം പോലെ

ഒളിഞ്ഞും തെളിഞ്ഞുമോര്‍മ്മകള്‍ മിന്നിമറയും.


ഓര്‍മ്മകള്‍ മഴപോലെയാണ്

ചിലപ്പോഴത് തുള്ളിക്കൊരു കുടം പേമാരിയാവും

കലങ്ങി മറിഞ്ഞവ കൂലം കുത്തിയൊഴുകിയെത്തും

കല്ലുകളും മുള്ളുകളും പരന്ന പാതയുടെ

പിന്‍ഗര്‍ത്തങ്ങളിലേക്കവ ചുഴറ്റിയെടുക്കും

തുഴഞ്ഞു കയറാന്‍ കരകളില്ലാത്ത

കരുണയേതുമില്ലാത്ത കയങ്ങളിലൂടെ

വിക്ഷുബ്ധമായിരമ്പും കടലിലേക്കവ

വന്യവേഗതയില്‍ വലിച്ചുകൊണ്ടു പോവും.

Saturday, March 5, 2011

ശാന്തി തേടുന്ന യുദ്ധങ്ങള്‍


പാരിലാകെ ശാന്തി പടര്‍ത്താനീ
യുദ്ധങ്ങളനിവാര്യമെന്നുരയുന്നു
ചില്ലുമേടയിലുയരങ്ങളിലിരുന്നീ
നാട് വാഴും തമ്പ്രാക്കള്‍ നിങ്ങള്‍

നേരോ, നിങ്ങളുരിയാടുമീ വചസ്സുകള്‍?
പറയട്ടെയിവര്‍ പതിത കോടികള്‍
ബോംബു വര്‍ഷത്തിന്‍ പുകച്ചുരുളില്‍
ജീവിതം ആവിയായ് പുകഞ്ഞവര്‍

പറയട്ടെ, മണ്ണില്‍ കട്ട പിടിച്ചു കിടക്കും
കടും ചോരയിലാര്‍ത്തിയോടെ
കണ്‍ പാര്‍ത്തിരിയ്ക്കുമീ കഴുകന്‍റെ കണ്ണുകള്‍.

പറയട്ടെയീ
അച്ഛന്‍ തന്‍റെ
മൃതനായ മകന്
ശവക്കച്ച ചാര്‍ത്തി ശിലയായിരിക്കുമ്പോള്‍.

പറയട്ടെയീ
പ്രണയിനിയവ
ന്‍റെ ചുടുചുംബനത്തില്‍
തുടുത്തയവളുടെ വിരല്‍തുമ്പില്‍ വിതുമ്പുമ്പോള്‍.

പറയട്ടെയവ
ന്‍റെ ജീവന്‍റെ ജീവനീ
പ്രിയ പത്നിയവളുടെ ബോധമുണരുമ്പോള്‍.

പറയട്ടെയവന്‍റെ ജനനിയവളുടെ
കണ്ണീരു തോര്‍ന്നെങ്കില്‍.

പറയട്ടെയീ അനാഥബാല്യങ്ങള്‍
തെരുവിലലയും സങ്കടങ്ങള്‍.
തകര്‍ന്നുടഞ്ഞ ശേഷിപ്പുകളില്‍‍
ജീവിതം തെണ്ടിയലയും ചോദ്യങ്ങള്‍.

Thursday, February 24, 2011

പ്രണയിക്കുന്നവര്‍ക്കായ്‌


പൂര്‍ണ ചന്ദ്രന്റെ പൂമുഖം കാണ്‍കെ
ശിശിര സൂര്യന്‍റെ പ്രദോഷ കിരണമെന്‍
ജാലകപ്പടിയില്‍ തീര്‍ക്കും
സുവര്‍ണ്ണ വെളിച്ചം കണ്‍കെ,
എന്നോര്‍മ്മകള്‍ നിന്നിലേക്ക് ചിറകടിക്കുന്നു.
സുഗന്ധങ്ങള്‍, ദള മര്‍മ്മരങ്ങള്‍, എല്ലാം
എനിക്കായ്‌ നീ കാത്തു നില്‍ക്കും തീരത്തിലേക്കെന്നെ
വന്നു വീണ്ടും വിളിക്കുന്നു.

എങ്കിലും, ഈ വേളയില്‍ നീയെന്നെ
മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.
ഞാന്‍ ചവിട്ടും വഴികള്‍, വീഥികള്‍
ദീര്‍ഘവും, ഭ്രാന്തവുമെന്നു മടുത്തു നിനക്കെങ്കില്‍
എന്‍ വേരുകള്‍ പടര്‍ന്നൊരീ ഹൃദയതീരത്തിലെന്നെ
തനിച്ചാക്കി, വിട പറയുവാന്‍ നിന്‍ മനം കൊതിക്കുകില്‍
ആ ദിവസമാ നിമിഷം നീ
നിന്‍ ചിറകു വിടത്തി പറന്നകന്നീടുക

അതല്ലാതെ,
ഓരോ ദിനവുമോരോ നിനവും
നീയെന്നില്‍ നിറയേണ്ട
മധുവാണെന്നു നിന്‍ മനസ്സ് മന്ത്രിയ്ക്കുകില്‍
ദിനമോരോന്നും ഒരു പൂ
നിന്നധരത്തിലെന്നെ തിരയുന്നുവെങ്കില്‍
പിന്നെയും ജ്വലിക്കുന്നുവെന്‍ പ്രണയം
നിനക്കായ്‌,
എന്നിലെയഗ്നി പിന്നെയണയുന്നില്ല
മറവിയായ്‌ മൃതമാവുന്നില്ല
നിന്‍ പ്രണയതുടിപ്പുകളിലാണെന്‍
പ്രണയത്തുടര്‍ച്ചയുടെ ജീവജലം
നിന്‍ ആയുസ്സഖിലവുമെന്‍ പ്രണയം
നിന്‍ കൈകളില്‍ കോര്‍ത്തിടു
മെന്‍ കൈകള്‍ വിടാതെ
****************************************************************

Note: *പാബ്ലോ നെരൂദയുടെ ചില വരികള്‍ വായിച്ചപ്പോള്‍ കുത്തിക്കുറിച്ചതാണ്.
*ഒരു പദാനുപദ വിവര്‍ത്തനമല്ല.
* കവിതയെന്നു വിളിക്കുന്നുമില്ല.

Thursday, January 27, 2011

മ്മിണി ബല്യ ഒന്ന്


("രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്നേഹത്തിന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ശക്തിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കി": സ്വാമി അസീമാനന്ദ)
ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ഇത് കൂടി വായിക്കുക.
(വാര്‍ത്തയുടെ ഇംപാക്റ്റ്.) , (ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?)
*******************************************************************************

അഴികള്‍ക്കകത്തു വെച്ചാണവരറിഞ്ഞത്
മതങ്ങള്‍ക്കപ്പുറം മനുഷ്യരുണ്ടെന്ന്
അലറിവിളിച്ചിരുന്നവര്‍ പരസ്പരം
മതിലിനപ്പുറം നടന്ന നാള്‍കളില്‍

കലീമിന്‍ കണ്ണിലെ നിരാശ്രയ ഭാവം
സ്വാമിതന്നുള്ളില്‍ പെരും നോവായ്‌ നിറഞ്ഞു
കിരാത ചിന്തകള്‍ക്കറുതി വന്നപ്പോള്‍
സീമകള്‍ക്കപ്പുറം സ്നേഹം തുളുമ്പിനാള്‍

രചിപ്പതിക്കഥ പുതിയ പാഥേയം
വെറുപ്പിന്‍ വാക്കുകള്‍ വെറും സ്മരണയാവട്ടെ
ഋതുഭേദങ്ങളില്‍ ഒരേ കുടക്കീഴില്‍ നമ്മള്‍
വഴികളെത്ര മേല്‍ നടന്നു തീര്‍ത്തില്ല

പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ
തിരിച്ചു പോവുക സ്വസ്ഥ ഹൃദയ വനികയില്‍
പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി
തീര്‍ത്ഥ ജലത്തിന്‍ ശുദ്ധിയില്‍ തൊട്ടിനി നമിക്കുക.

Friday, December 31, 2010

ഡിസമ്പര്‍ ജനുവരിയോട് പറഞ്ഞത്



എന്‍റെ ഒടുക്കം
നിന്‍റെ തുടക്കം
ജിജ്ഞാസയോടെ കേള്‍ക്കുന്ന നിന്നോട്
ജീവിതം എന്നോട് പറഞ്ഞത്
ഇന്ന് ഞാന്‍ പറയട്ടെ

നിന്‍റെ പ്രായത്തില്‍
എന്നെയും ഇവര്‍ തോളിലേറ്റി
വാഗ്ദാനങ്ങളൊരുപാട് നല്‍കി
യുദ്ധം ഇനി ചെയ്യില്ലെന്ന്
ഊരിയ വാളിനെ ദൂരെ കളഞ്ഞെന്ന്
ചിന്തിയ ചോരയില്‍
പുതിയ ചാവേറുകള്‍ കിളിര്‍ക്കില്ലെന്ന്
നവലോക സൃഷ്ടിയ്ക്കായ്‌
നാടിനെ സേവിക്കുമെന്ന്......

ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
ആശകള്‍ ഇനി ബാക്കിയില്ല
എല്ലാം മറന്നിവര്‍ തീര്‍ത്ത
പോര്‍ക്കളത്തില്‍ വീണ നിണത്തില്‍
എന്‍ അന്ത്യ കൂദാശ

എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
ഈ വെള്ളരിപ്പ്രാവിനെ
ഒരു ദിനം നീ ഇതിനെ
വിണ്ണില്‍ പറത്തുക
വരുമാ ദിനം നിശ്ചയം
നിന്‍റെ ആയുസ്സിലെങ്കിലും

Friday, December 3, 2010

ഇരുളും വെളിച്ചവും



എന്‍റെ തിന്‍മകളുടെ ഇരുളില്‍
നിന്‍റെ നന്‍മയുടെ പ്രകാശ വര്‍ഷം
കത്തി നിന്ന വെയിലില്‍
നിന്‍റെ കുടക്കീഴിലഭയം
ഊഷരമായ് തപിക്കും രാവില്‍
പെയ്തിറങ്ങി നീ മഴവര്‍ഷമായ്
എങ്കിലും, നിന്നസാന്നിദ്ധ്യം പകരും വിഭ്രാന്തി
എന്‍റെ ഉറക്കത്തെ ഉണര്‍ച്ചയില്‍ കോര്‍ക്കുന്നു
പ്രഭാത പ്രദോഷ വേളകളിലെ
ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....

Saturday, July 10, 2010

വഴിയറിയാതെ

കൈവഴികള്‍ പിരിയുന്നിടത്ത്
സന്ദേഹിയായ് അയാള്‍ നിന്നു
ഇതിലെയെന്നൊരു കൂട്ടര്‍
അല്ലിതിലെയെന്ന് മറുകൂട്ടര്‍
മുന്നിലിരുളില്‍ അയാള്‍ കണ്ടു
നിണമണിഞ്ഞുകിടക്കും പാഥേയങ്ങള്‍
അവരുടെ നിഴലിന്‍ പിറകില്‍ കഠാരകള്‍
ദൈവത്തിന്‍ ശ്രീകോവില്‍ പിശാചിന്‍ പ്രതിഷ്ഠ
പങ്കുവെയ്പ്പിന്‍ ഗുണിതങ്ങളോരോ മിഴിയിലും
കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ജാഥയായ് നീങ്ങുന്നു
അറവു ശാലയെ ആഘോഷമാക്കുവാന്‍
ഉയരുന്നു ആരവം, അടയുന്നു കാതുകള്‍
നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
എവിടെ വെളിച്ചം, എവിടെ നേര്‍വഴി?

Sunday, April 11, 2010

സാക്ഷിയാവും നാം



സാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന്‍ സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം

മര്‍ദ്ധക വ്യവസ്ഥതന്‍ പര്‍വ്വതങ്ങള്‍
അപ്പൂപന്‍ താടിപോല്‍ വിണ്ണിലുയരുമ്പോള്‍
മര്‍ദ്ധിത ജനതതന്‍ പാദത്തിന്‍ കീഴെ
സ്പന്ദനം കൊളളുമീ ഭൂമി നിരന്തരം
രാജപ്രമാണികള്‍തന്‍ ശിരസുകളില്‍
വെള്ളിടിവാളുകള്‍ പടര്‍ന്നിറങ്ങും

അധികാരികുലത്തിന്‍ അരങ്ങുകളില്‍ നിന്ന്
ഭൂമിയിലെ തംബ്രാക്കളെ പടിയിറക്കുമ്പോള്‍
തിരസ്കൃത മര്‍ത്യരാം സദ്‌വൃത്തദാസന്‍മാര്‍
സോപാനങ്ങളിലേക്കുയര്‍ത്തപ്പെടും
രാജകിരീടങ്ങള്‍ തെറിച്ചുപോവും
സിംഹാസനങ്ങള്‍ തകര്‍ന്നു വീഴും

ശേഷിക്കുമൊരുവന്‍റെ പേരു മാത്രം
അദൃശ്യനെങ്കിലുമരികിലുളളവന്‍
കഴ്ച്ചയുമവന്‍, കണ്ണുകളുമവന്‍ തന്നെ
ഞാനാണു സത്യമെന്നാര്‍പുയരും
ഞാന്‍ തന്നെയാണത്, നിങ്ങളും
ദൈവസൃഷ്ടികള്‍ സിംഹാസനമേറുമാ നേരം
ഞാന്‍ തന്നെയാണത്, നിങ്ങളും


സാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന്‍ സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം
....................................................
* ആശയത്തിന് കടപ്പാട്: Faiz Ahmed Faiz

Friday, April 9, 2010

സ്വപ്നങ്ങളെ കൈവിടാതിരിക്കുക



സ്വപ്നങ്ങളെ കൈവിടാതിരിക്കുക
സ്വപ്‌നങ്ങള്‍ മരിച്ചാല്‍
ജീവിതം പിന്നെ ചിറകൊടിഞ്ഞൊരു പക്ഷി
പറന്നുയരില്ലത് വിണ്ണിലേക്ക്

സ്വപ്നങ്ങളെ മുറുകെ പിടിക്കുക
സ്വപ്‌നങ്ങള്‍ കരിഞ്ഞാല്‍
ജീവിതം പിന്നെ തരിശുഭൂമി
തളിരില കിളിര്‍കാത്ത പാഴ്മരുഭൂമി