
ഇംഗ്ലീഷുകാര് വര്ഷത്തോട് വര്ഷം നീണ്ടു നില്ക്കുന്ന അവരുടെ കൊടുംതണുപ്പില് നിന്ന് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന് വേണ്ടി കണ്ടെത്തിയ ഒരു "കളി"യാണല്ലോ ഈ ക്രിക്കെറ്റ്. കൂലിപ്പണിയെടുക്കുന്ന ജോലിക്കാര് പോലും ഇതിലും വൈകി ഇറങ്ങി ഇതിലും നേരത്തെ കയറിപ്പോവും. പിന്നെ നമ്മള്ക്ക് ഇഷ്ടമില്ലെങ്കിലും അവര് ഉച്ചക്ക് ഒരു long ബ്രേക്ക് എടുക്കുകയും ചെയ്യും. എന്നാല് ക്രിക്കെറ്റ് അങ്ങിനെയല്ല ഏകദിന മത്സരമാണെങ്കില് തന്നെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഉദയം മുതല് അസ്തമയം വരെ ഗ്രൗണ്ടില് തന്നെ, അല്ലെങ്കില്
തത്തുല്യ സമയം രാത്രിയായാലും. ടെസ്റ്റ് കളിയാണെങ്കില് പറയുകയും വേണ്ട. പായും തലയിണയും ഭക്ഷണവും എല്ലാം കൂടെ കൊണ്ടുവന്നാല് ഇരുന്നു കിടന്നു കളി കണ്ടു അടുത്ത ആഴ്ച വീട്ടില് പോവാം, ഒരു മത്സരം മാത്രം. പെപ്സിക്കും മറ്റു കുത്തകഭീമന്മാര്ക്കും അവരവരുടെ പരസ്യങ്ങള് 24 മണിക്കൂറും ജനങ്ങളെ തീറ്റിക്കാന് പറ്റിയ ഒരു ദൃശ്യമാധ്യമ "വിനോദ"മാണിത് എന്ന് വന്നപ്പോള് അത് ഉപഭൂഖണ്ഡത്തിലെ ഏറ്റവു വലിയ കായിക വിനോദമായി വളരുകയായിരുന്നു. ഇന്ന് സ്കോര് എത്രയായി എന്ന് ഒരാള് ചോദിക്കുമ്പോള് അറിയില്ല എന്ന് പറയുന്നതില് പരം നാണക്കേടില്ല എന്നാണു വെയ്പ്പ്. ഒക്കെ വിടാം. ഒരു കേവല വിനോദം എന്ന് മാത്രം വരികില് കുഴപ്പമില്ലായിരുന്നു. രണ്ടു രാജ്യങ്ങള് തമ്മില് കളിക്കുമ്പോള് ആവേശം കൊള്ളുക, അതും സ്വാഭാവികം. പക്ഷെ......
കുറെയേറെ പേര് ഇതിനെ കേവലം ഒരു കായികവിനോദം എന്ന നിലയ്ക്ക് മാത്രമേ കാണുന്നുള്ളൂ എന്നത് നേരാവാം. എന്നാല് നല്ലൊരു പങ്ക് ആരാധകരുടെ സ്ഥിതി അതാണോ? പ്രത്യേകിച്ച് ഇന്ത്യ-പാക്ക് മത്സരം വരുമ്പോള്. മനസ്സുകളില് ഒരു വ്യാജരണഭൂമി തീര്ത്ത് അവിടെ ഒരു കൃത്രിമയുദ്ധരതിയും നിര്വൃതിയും അനുഭവിപ്പിക്കുന്ന രീതിശാസ്ത്രമാണ് ഈ ഉന്മാദത്തില് പലപ്പോഴും ദൃശ്യമാവുന്നത്.
ഈ ആവേശത്തില് പെടുന്നവര് കൃത്രിമ രാജ്യസ്നേഹത്തിന്റെ താളം ചവിട്ടിത്തിമിര്ക്കുന്നത് കാണുമ്പോള് എന്ത് കൊണ്ടോ ജോര്ജ് ഓര്വെലിന്റെ വിഖ്യാതമായ 1984 എന്ന കൃതിയില് പറഞ്ഞ കാര്യങ്ങള് പിന്നെയും ഓര്മ്മ വരുന്നു. Oceania എന്ന സാങ്കല്പ്പിക നാമത്തിലുള്ള ഒരു രാജ്യവും അതിലെ ജനങ്ങളും അവരുടെ മനസ്സുകളെ പോലും തടവിലാക്കി അവിടം ഭരിക്കുന്ന ഒരു
സ്വേച്ഛാധിപത്യ സര്ക്കാരും അവരുടെ പാര്ട്ടിയും ഒക്കെയാണ് പശ്ചാത്തലം ഈ കൃതിയില്. Oceania എന്ന നാടും അവിടെ പറയുന്ന അവസ്ഥയും, ഇന്ന് പല നാട്ടിലും നില നില്ക്കുന്നതായാണ് കാണുന്നതാണ്. പേരിനു ജനാധിപത്യം എന്നൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും. കഥയില് പറയുന്ന രാജ്യം അതിന്റെ അയല് രാജ്യങ്ങളുമായി നിതാന്തയുദ്ധത്തിലാണ്. മണ്ണില് യുദ്ധമില്ലാത്ത നേരത്തും മനസ്സുകളില് യുദ്ധമാണ്. സര്ക്കാര് ചാരകണ്ണുകള് സ്വന്തം പ്രജകള്ക്കു മേല് സദാ ജാഗരൂകമാണ്. ജനത എന്ത് ചിന്തിക്കണം എന്ത് ചിന്തിക്കരുത് എന്നതും സര്ക്കാര് തന്നെ തീരുമാനിക്കും. സര്ക്കാര് എന്ന് പറഞ്ഞാല് പാര്ട്ടി. പാര്ട്ടി പ്രോപഗണ്ട പ്രവൃത്തി പഥത്തില് കൊണ്ടുവരാന് പ്രത്യേക വകുപ്പ് തന്നെയുണ്ട്. Big Brother എല്ലാം ഇപ്പോഴും വീക്ഷിക്കുന്നുണ്ട്. Big Brother എന്ന് പറഞ്ഞാല് സര്ക്കാര്, അഥവാ പാര്ട്ടി തന്നെ. ബ്ലോഗ് എഴുത്ത് പോലും സര്ക്കാര് നേരിട്ട് തന്നെ നിരീക്ഷിക്കുന്ന സംവിധാനം ഇന്ത്യയില് പോലും വന്നുകൊണ്ടിരിക്കുന്നു എന്നത് വേണമെങ്കില് ചേര്ത്തു വായിക്കാം. മനുഷ്യാവകാശ പ്രവര്ത്തകന് ബിനായക് സെന്നിന്റെ അറസ്റ്റ്. മവോയിസ്റ്റുകളുമായുള്ള സര്ക്കാരിന്റെ സമാധാന ചര്ച്ചയില് മാവോയിസ്റ്റുകളുടെ ഏക പ്രധിനിധി മാത്രമായിരുന്ന Cherukuri Rajkumar എന്ന Azad നെ സര്ക്കാര് തന്നെ വ്യാജ ഏറ്റുമുട്ടലില് വധിച്ചത്. ഇങ്ങിനെ ഉദാഹരണങ്ങള് എത്ര.
Big Brother, doublethink, thoughtcrime,എന്നിങ്ങിനെ ഓര്വെല് 1949ല് രചിച്ച ഈ നോവലില് അവതരിപ്പിച്ച സംജ്ഞകളെല്ലാം ഇന്നും പുതുപുത്തനായി നിലകൊള്ളുന്നത് കൊണ്ടാണ് ഈ കൃതി ഇന്നലെ മാത്രം എഴുതിയ പോലെ ഇന്നും നമുക്ക് തോന്നുന്നത്. ജനങ്ങള്ക്ക് വേണ്ടാത്ത യുദ്ധങ്ങളെ ഒരു ഉന്മാദരോഗമാക്കി പരിവര്ത്തിപ്പിച്ചു വളര്ത്തിയെടുക്കുന്ന സര്ക്കാരുകളും പാര്ട്ടികളും നാള്ക്കുനാള് കൂടിവരുന്നു. സമാധാനത്തിലേക്കുള്ള ഏതു കാല്വെപ്പിനും തുരങ്കം വെയ്ക്കാന് തിടുക്കം കൂട്ടുന്ന അവസരവാദ പാര്ട്ടികള്.
ഓര്വെല് പറഞ്ഞതിലും അപ്പുറം കടന്ന് മതങ്ങളുടേയും മതമന്ദിരങ്ങളുടേയും പേരില് വരെ നാടിനകത്തു തന്നെ നിരന്തരമായ ആഭ്യന്തരകലാപങ്ങള് തന്നെ കൃത്രിമമായി സംഘടിപ്പിച്ച് സ്ഥിരമായി സംഘര്ഷാവസ്ഥ നില നിര്ത്തി വോട്ടുറപ്പാക്കലോളം കാര്യങ്ങള് "പുരോഗമിച്ചിരിക്കുന്നു"
doublethink എന്ന് പറഞ്ഞാല് യാഥാര്ത്ഥ്യം എന്താണെന്ന് മനസ്സില് അറിഞ്ഞു കൊണ്ടു തന്നെ അതിനു തീര്ത്തും വിരുദ്ധമായ കല്ലുവെച്ച നുണകള് പൊതു വേദികളില് പാര്ട്ടിക്കുവേണ്ടി സ്ഥാപിച്ചെടുക്കല്. ഇന്ത്യയില്, കേരളത്തില് കഴിയുന്നവര്ക്ക് ഇതിനു ഉദാഹരണം ആവശ്യമേയില്ലല്ലോ. thoughtcrime എന്ന് പറഞ്ഞാല്, പാര്ട്ടി പറയുന്നതിനപ്പുറമുള്ള ഏതു ചിന്തയും ആ ഗണത്തില് വരും. അത് കണ്ടെത്താനും നടപടിയെടുക്കാനുമുള്ള സംവിധാനങ്ങള് വലിയേട്ടന് ഉണ്ട്.
ക്രിക്കെറ്റായാലും, അമ്പലവും പള്ളിയുമായാലും ഇതിന്റെ പേരിലുള്ള കോലാഹലങ്ങള്ക്ക് വേണ്ടി, അരിയെക്കാളും അന്നത്തെക്കാളും അതിന്റെ കുതിച്ചുയരുന്ന വിലയേക്കാളും ബേജാറ് കാണിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുന്നതില്
വലിയേട്ടന് വിജയിക്കുന്നു എന്ന് വരുന്നത് എത്ര മേല് അസ്വസ്ഥജനകമാണ്.
A related read: