Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts

Tuesday, February 7, 2012

കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍



 "സ്വന്തമായി ബിസ്സിനസ്സ് വല്ലതും ചെയ്‌താല്‍ മാത്രമേ ഇക്കാലത്ത് രക്ഷപെടൂ." എല്ലാവരും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ കാലക്രമേണ കുഞ്ഞുണ്ണിയും തലയാട്ടി തുടങ്ങി. എന്നല്ല, നിശ്ചിത ശമ്പളത്തിന് ജോലി ചെയ്തു കഴിയുന്നവരുടെ തീരാത്ത പായാരം പറച്ചിലിനു പരിഹാരമായി തന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ബുദ്ധി ഈയിടെയായി കുഞ്ഞുണ്ണി മറ്റുള്ളവരോടും ഉപദേശിക്കാന്‍ കൂടി തുടങ്ങിയിരുന്നു. 

അറബ് വസന്തവും സാമ്പത്തിക മാന്ദ്യവും കൈകോര്‍ത്തു വന്നതില്‍ പിന്നെ ഗള്‍ഫ് പ്രവാസികള്‍ കൂടിയ തോതില്‍ തൊഴില്‍ അനിശ്ചിതത്വം നേരിടുന്ന കാലം കൂടിയായതിനാല്‍ ഈ വക ചര്‍ച്ചകള്‍ തന്നെയായിരുന്നു ഒന്നിലേറെ പേര്‍ കൂടുന്നിടത്തെല്ലാം ഏറെയും. ജീവിതവിജയത്തിനാധാരം തീര്‍ച്ചയായും പണമല്ല എന്ന തത്വമായിരുന്നു കുഞ്ഞുണ്ണി ഇത്ര നാളും പിന്‍തുടര്‍ന്ന് പോന്നത്. എന്നാല്‍ ഇത് പറഞ്ഞു തരുന്ന പുണ്ണ്യഗുരുവല്ലഭന്‍ പോലും തന്നെ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്ക് യാത്ര ചെയ്തത് വേഗതയേറിയ മേഴ്സ്ഡിസ് ബെന്‍സിലാണല്ലോ എന്ന വിരുദ്ധ സത്യം പുലര്‍ക്കാലത്തിനു മുന്‍പുള്ള ഉറക്കം കിട്ടാത്ത പേക്കിനാവുകളില്‍ ഇതിനു മുന്‍പേ കുഞ്ഞുണ്ണിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു. നല്ല പാതി പിന്നിട്ട തന്റെ ജീവിതത്തിന്റെ ഇറക്കവഴിയില്‍ ഈ ചിന്തകള്‍ കുഞ്ഞുണ്ണിയെ ചിലപ്പോള്‍ അസ്വസ്ഥനും മൂകനുമാക്കി. ദി ആള്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്ന നിമിത്തങ്ങളുടെ ദര്‍ശനം തന്നെ നേട്ടങ്ങളുടെ വഴിയെ നടത്തിക്കൊള്ളുമെന്നു അയാള്‍ അത്യാഗ്രഹം കൊണ്ടു ചിലപ്പോള്‍. എന്നാല്‍ അതിലെ നായകന്‍ സാന്റിയാഗോ യുവാവായിരുന്നു. നിമിത്തങ്ങള്‍ ഒക്കെ ഒത്തു നോക്കി വിജയത്തിന്റെ ദിശ നിര്‍ണ്ണയിച്ചു മുന്നോട്ടു പോവാന്‍ ജീവിതം മുഴുവനും അവനു മുന്നില്‍ ബാക്കി കിടപ്പുണ്ടായിരുന്നു. എന്നാല്‍ തനിക്കു മുന്‍പില്‍ വികാരവും വിചാരവും അഗ്നി പകരുന്ന വര്‍ഷങ്ങള്‍ വിരലിലെണ്ണാന്‍ മാത്രമേ ബാക്കിയുള്ളുവല്ലോ എന്ന് കുഞ്ഞുണ്ണി ഖേദം കൊണ്ടു. ജീവിതം ഒരാഘോഷമാണെന്നും ഓരോ നിമിഷവും അതാസ്വദിക്കണമെന്നും മോഹന്‍ലാല്‍ ടി.വി സ്ക്രീനിലൂടെ വിണ്ടും ഓര്‍മിപ്പിക്കുമ്പോഴാണ് അയാള്‍ ചാനല്‍ മാറ്റിയത്. അവിടെ പാട്ടു മത്സരത്തിലെ എലിമിനേഷന്‍ റൌണ്ട് ആയിരുന്നു. ഔട്ട്‌ ആയ മത്സരാര്‍ത്ഥികളെ സുന്ദരിയായ അവതാരക ആശ്ലേശിച്ചാശ്വസിപ്പിക്കുന്നു. യേശുദാസിനെ പോലും പാടാന്‍ കൊള്ളില്ല ശബ്ദം എന്ന് പറഞ്ഞു ചെറുപ്പത്തില്‍ തിരിച്ചയച്ച ചരിതം പാനല്‍ ജഡ്ജ് മത്സരത്തില്‍ പുറത്തായവരോട് കണ്ണീരില്‍ പങ്കു വെയ്ക്കുന്നു. 

പിന്നെയും ചാനല്‍ മാറ്റി. വിമോചകനായ യേശുവിനെ പറ്റി വാചാലനാവുന്ന ഇടതു നേതാവ്. മാര്‍ക്സിനൊപ്പം കര്‍ത്താവിനെ പ്രതിഷ്ഠിക്കുന്നതില്‍ പ്രകോപനം കൊള്ളുന്ന ബിഷപ്പ്. തര്‍ക്കം മുതലെടുപ്പിനെപറ്റിയാണ്. ആര് ആരെ മുതലെടുക്കുന്നു എന്ന ചോദ്യങ്ങള്‍ അപ്പോഴും അങ്ങിനെ തന്നെ അവശേഷിക്കുന്നു. സത്യത്തില്‍ ഇരുകൂട്ടരും മുതലെടുപ്പുകാര്‍ തന്നെയായിരുന്നു. കര്‍ത്താവ് പിന്നെയും പിന്നെയും കുരിശില്‍ തറക്കപ്പെടുന്നതിനു അയാള്‍ സാക്ഷിയാവുന്നത് ഇതാദ്യമായിരുന്നില്ല.

തുടര്‍ന്ന് വന്ന ചര്‍ച്ച പ്രവാചകന്റെ "തിരു കേശ" ത്തെ പറ്റിയായിരുന്നു. ഈ കേശം ശരിക്കും പ്രവാചകന്റേത് തന്നെയാണോ അല്ലേ എന്നതായിരുന്നു ഗവേഷണവിഷയം. ശരിക്കുള്ളതാണെങ്കില്‍ പോലും കേശം വെച്ചുള്ള ഈ കാശുപദ്ധതി ജനങ്ങളുടെ ബുദ്ധിയെ അവഹേളിക്കലല്ലേ എന്ന ചോദ്യം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നില്ല.

എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം. യഥാര്‍ത്ഥമായ, നിസ്വാര്‍ത്ഥരായ ഗുരുപരമ്പരകള്‍ അറ്റുപോയ ഒരു കാലത്തിന്റെ കൊലക്കളത്തിലാണ് താന്‍ വേച്ചു വേച്ചു നീങ്ങുന്നതെന്ന് കുഞ്ഞുണ്ണി വ്യസനത്തോടെ ഓര്‍ത്തു. മിക്ക മതങ്ങളും ഇസങ്ങളും അതിന്‍റെ അടിസ്ഥാന അക്ഷരങ്ങളില്‍ നില കൊള്ളുന്നത്‌ സാര്‍വ്വ ലൌകിക നീതിക്ക് വേണ്ടിയാണെങ്കിലും കേവല മനുഷ്യര്‍ അതിനു തീര്‍ക്കുന്ന ഭാഷ്യങ്ങളില്‍ കുത്സിത പ്രചാരണങ്ങളും കൂട്ടക്കുരുതികളും, ചുടു ചോരയും ചൂഷണവും നിറയുന്നത് എങ്ങിനെയാണെന്ന് അയാള്‍ ആശ്ചര്യം കൊണ്ടു. എവിടെയാണ് ഇങ്ങിനെയൊരു error bug കയറിക്കൂടിയത്? ഒരു പിടിയും കിട്ടുന്നില്ല. 

എങ്കിലും, ഒരു നാള്‍, വിദൂരമല്ലാത്ത ഒരു നാള്‍ ആ bug നെ fix ചെയ്യാന്‍ കെല്പുള്ള ഒരു മുനിമഹാന്‍ ലോകത്തിനു കരുണയായി പ്രപഞ്ചത്തില്‍ അവതരിക്കുക തന്നെ ചെയ്യുമെന്ന് കുഞ്ഞുണ്ണി പിന്നെപ്പിന്നെ സ്വയം ആശ്വസിക്കാന്‍ വേണ്ടിയാണെങ്കില്‍കൂടി വിശ്വസിച്ചു തുടങ്ങിയിരുന്നു. വിശ്വാസമല്ലേ എല്ലാം എന്ന മറ്റൊരു പരസ്യവാചകം ആ പ്രതീക്ഷയിലും സന്ദേഹം വിതച്ചിരുന്നുവെങ്കിലും.

Wednesday, August 31, 2011

ഓണവും, പെരുന്നാളും, ചില നുറുങ്ങുകള്‍




Chirag dil kay jalao kay eid ka din hai
Tharane jhoom ke gao kay eid ka din hai
Ghamon ko dilse bhulao ke eid ka din hai
Khushi se bazm sajaao ke eid ka din hai
Huzoor uske karo ab salaamathi ki dua
sabhi muraade hu poori har ek savaale ki
Dua ko haat utaao ke eid ka din hein...

 ഈദുല്‍ഫിത്വര്‍ ദിനമായി. തൊട്ടു പിറകെ ഓണവുമെത്തുന്നു. രണ്ടിന്‍റെയും സന്ദേശം സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും തന്നെ. മനസ്സുകളിലെ നന്‍മകള്‍ എങ്ങിനെയൊക്കെ നഷ്ടമായാലും അതിന്‍റെയെല്ലാം ഒരു വീണ്ടെടുപ്പിനെ ത്വരിതപ്പെടുത്താന്‍ ഈ നാളുകള്‍ക്കാവും. കേവലമായ ആഘോഷങ്ങളുടെ പകിട്ട് മാത്രമായി കൊണ്ടാടപ്പെടുന്നതിലപ്പുറം ഈ ദിനങ്ങളുടെ പവിത്രമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. നന്‍മകള്‍ നഷ്ടമായ ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നു പൂര്‍ണ്ണമായൊരു വിഷാദപ്പകര്‍ച്ചയിലേക്ക് വഴുതി വീഴാതെ തന്നെ പോയ കാലത്തിന്‍റെ അമൂല്യമായ ചില നാമവിശേഷണങ്ങളെ സ്മൃതിപഥത്തില്‍ ഒന്ന് കൂടി മിനുക്കിയെടുക്കാന്‍ അല്‍പനേരം ചിലവഴിക്കാം. ടെലിവിഷനും നൈമിഷിക മേളങ്ങളുടെ കൃത്രിമ വര്‍ണ്ണക്കൊടിതോരണങ്ങളും നമ്മുടെ നാട്ടു ജീവിതത്തിന്‍റെ നൈസര്‍ഗികമായ ഉണ്‍മകളെ ഇല്ലായ്മ ചെയ്യുന്നതിനും മുന്‍പ്, പിറകോട്ട്, ചരിത്രത്തിന്‍റെ സ്നേഹസാന്ദ്രമായ നിഷ്കളങ്ക നൂറ്റാണ്ടുകളിലേക്ക് പരന്നു കിടക്കുന്ന മാനവികതയുടെ ഒരു സമ്പന്നഭൂതകാലം നമുക്കുണ്ട്.  സമ്പത്തെന്നാല്‍ ആദായ നികുതിക്കാരുടെ നോട്ടപ്പുള്ളിയാവും വിധം സ്വയം തടിച്ചു വീര്‍ക്കലാണെന്ന നവലിബറല്‍ മുതലാളിത്ത ദര്‍ശനം നമ്മുടെ ആത്മാവിനെ സാത്താനു പണയം വയ്ക്കുന്നതിനും മുന്‍പ്, മാവേലിയുടെ നന്മയുണരും നാടിനെ മനസ്സിലേറ്റിയ മലയാളത്തിന്‍റെ ഒരു ഭൂമികയുണ്ടായിരുന്നു. ഇന്നത്തെ ഏതു അളവുകോല്‍ വെച്ച് അളന്നു നോക്കിയാലും ഒരു വേള അന്നത്തെയാളുകള്‍ ദരിദ്രനാരായണന്‍മാരായി നമ്മുടെ മനസ്സിന്‍റെ പിന്നാംപുറങ്ങളില്‍ സഹതാപം കാത്തു കഴിയുന്ന ഏഴകളായി തോന്നിയേക്കാം. ജീവിതവിജയം എന്നത് പുറം മോടികളുടെ തിളക്കം കൂട്ടാന്‍ വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലപ്പുറം ഒന്നുമല്ലെന്ന "ആധുനിക ചിന്ത" മലയാളിയുടെ പൊതു ബോധത്തില്‍ അധിനിവേശം നടത്തിയതിന്‍റെ ദുരന്ത പരിണിതിയത്രേ അത്.

ആ കാലത്തിന്‍റെ നല്ല നേരങ്ങളില്‍ കുട്ടിക്കാലം ഓടിക്കളിച്ചതിന്‍റെ മധുരം മനസ്സില്‍ മരിക്കാന്‍ കൂട്ടാക്കാതെ യൌവ്വനം കൊള്ളുന്നവര്‍ ഓര്‍ത്തെടുക്കുന്നുണ്ട് ഇപ്പോഴും. ഓണത്തിനും പെരുന്നാളിനും പരസ്പരം ഇടപഴകി സ്നേഹമതത്തിന്‍റെ ശ്രീകോവിലുകളില്‍ സ്നേഹദൈവത്തെ ഒരേ മനസ്സാല്‍ നമിച്ചു, സായഹ്നങ്ങളില്‍ അസ്തമയം ഒന്നിച്ചാസ്വദിച്ച പച്ച മനുഷ്യര്‍. അവര്‍ പാടത്തെ പണിയില്‍ വിയര്‍പ്പൊഴുക്കിയതും ഒന്നിച്ച്, കൊയ്ത്തു കാലത്ത് കതിര്‍ കറ്റകള്‍ കൂട്ടിവെച്ചതും ഒരേ മനസ്സോടെ.  കൃഷിനാശത്തിന്‍റെയും, പ്രകൃതിക്ഷോഭങ്ങളുടേയും പരീക്ഷണ നാളുകളില്‍ ദാരിദ്ര്യത്തിന്‍റെ അന്നമില്ലാദിനങ്ങളിലും മനസ്സുകൊണ്ട് ദാരിദ്രരാവാത്ത അതിസമ്പന്നര്‍. വിഭിന്ന വിശ്വാസങ്ങളുടെയും, ജാതി വിടവുകളുടേയും എല്ലാ അസമത്വങ്ങളും പേറിയിരുന്നവര്‍ തന്നെയാണ് ആ തലമുറയും. ചില കാര്യങ്ങളില്‍ ഇന്നത്തേക്കാള്‍ ശോചനീയമായിരുന്നു അന്നത്തെ അവസ്ഥയെന്നതും തര്‍ക്കമറ്റ കാര്യം തന്നെ. എന്നിരുന്നാലും ഒരു നല്ല പുലര്‍ക്കാല സ്വപ്നത്തിന്‍റെ പങ്കുവെയ്പ്പ് പരസ്പരം സാധ്യമാവുന്ന ഒരു പുണ്ണ്യകാലത്തിലായിരുന്നു അവര്‍ ഉറങ്ങിയതും ഉണര്‍ന്നതും. അതുകൊണ്ടു തന്നെയാവാം ബഷീറിന്‍റെ ആനവാരി രാമന്‍ നായരും പൊന്‍ കുരിശു തോമ്മയും മണ്ടന്‍ മുത്തപ്പയും ഇന്നും നമുക്ക് പ്രിയതരമാവുന്നത്. ഓരോ കാലത്തെയും യഥാര്‍ത്ഥ സാഹിത്യം അതത് കാലത്തിന്‍റെ കണ്ണാടി തന്നെയാണ്. ആരാധനാലയങ്ങള്‍ കുറവായിരുന്നിട്ടും മനസ്സുകളിലെ സ്നേഹവെളിച്ചത്തിന് അന്ന് കൂടുതല്‍ തെളിച്ചമുണ്ടായിരുന്നു. മുക്കിനു മുക്കിനു വന്‍ കോണ്‍ക്രീറ്റ് സൌധങ്ങളില്‍ ദൈവത്തെ തടവിലിട്ടു പ്രചാരണം നടത്തുന്ന വര്‍ത്തമാനകാലത്ത് പക്ഷെ ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്ന് ചോദിക്കാനുള്ള നിഷ്കളങ്കത തോമ്മയ്ക്ക് കൈമോശം വന്നു പോയിരിക്കുന്നു. തോമ്മയ്ക്കും ആനവാരി രാമന്‍ നായര്‍ക്കും മുസ്തഫാക്കും അത് എവിടെയാണ് നഷ്ടമായത്.   

സമുദായ സേവനവും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് ധനാഗമമാര്‍ഗത്തിനുള്ള കുറുക്കുവഴികള്‍ തേടുന്ന സമുദായക്കുറുക്കന്‍മാരാണ് സ്ഥലത്തെ പ്രധാന സദാചാരക്കമ്മിറ്റികളുടെയെല്ലാം ചോദ്യം ചെയ്യപ്പെടരുതാത്ത അധികാര കേന്ദ്രങ്ങള്‍.
"ഗാന്ധിയന്‍" തുടര്‍ച്ചപ്പാര്‍ട്ടികള്‍ മുതല്‍ "വിപ്ലവപ്പാര്‍ട്ടികള്‍" വരെ അവരുടെ വരുതിയില്‍ തന്നെ. തീവ്ര വലതു പക്ഷക്കാര്‍ക്ക് പിന്നെ അത് എന്നും ജീവവായു തന്നെയാണ്. ഓരോരുത്തരും അവരവരുടെ ദൈവരാജ്യം വേലി കെട്ടിത്തിരിച്ചു മതിലുകള്‍ തീര്‍ക്കാന്‍  മത്സരിക്കുമ്പോള്‍ കുഞ്ഞാടിന്‍കൂട്ടങ്ങള്‍ കൂടി വരുന്നുണ്ട്. ഏതെങ്കിലും ഒരു കൂട്ടത്തിനോടൊട്ടി നില്‍ക്കാത്തവന്‍ പെരുവഴിയിലാണെന്നാണ് വെയ്പ്‌. ജാതി വേണ്ടെന്നു തീരുമാനിച്ചവനും സര്‍ക്കാര്‍ രേഖയില്‍ വല്ല നിലക്കും ഒപ്പ്‌ വെയ്ക്കേണ്ടി വരുമ്പോള്‍ ജാതി സ്വയം നിര്‍വചിച്ചേ പറ്റൂ. അല്ലെങ്കില്‍ അവന്‍ അനാഥനത്രേ. ഇത്തരത്തിലുള്ള കൃത്രിമ സാമൂഹിക വൈരുദ്ധ്യങ്ങള്‍ മനുഷ്യരെ മൊത്തം പിറകോട്ടു വലിക്കുമ്പോള്‍, അതിനെയൊക്കെ മറികടക്കാനുള്ള ഒരു തുടക്കം കുറിക്കാന്‍ ഓണം, പെരുന്നാള്‍ പോലുള്ള ആഘോഷവേളകള്‍ പ്രചോദനമാക്കാവുന്നതാണ്. ശരിയായ ദിശയിലുള്ള ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ ഈ അവസരങ്ങളെ വിനിയോഗിക്കാം. മത-സാമുദായിക നേതൃത്വം സ്വയം ഏറ്റെടുത്തവരില്‍ നിന്ന് ഇതിനുള്ള നേതൃത്വം പ്രതീക്ഷിക്കേണ്ട. സാധാരണക്കാരായ ജനങ്ങള്‍ ഇതിനായി മുന്നോട്ടു വരുന്നുണ്ട്. അവരോടു ഐക്യപ്പെടുക നമ്മളും. 

Friday, July 15, 2011

വന്‍ വീഴ്ച്ചകള്‍


റൂപര്‍ട്ട് മര്‍ഡോക്ക് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിനൊടൊപ്പം

വന്‍ വീഴ്ച്ചകള്‍ എന്ന് പറഞ്ഞാല്‍ ഇതാണ്. ഈ വീഴ്ച്ച എത്ര ആഴത്തിലേക്ക് എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും രാജാവ് വിവസ്ത്രനാണ് എന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. റൂപര്‍ട്ട് മര്‍ഡോക്കിനെ പറ്റിയാവുമ്പോള്‍ ഇത്തരമൊരു വീഴ്ച അചിന്ത്യമായിരുന്നു ഏതാനും ദിവസം മുന്‍പ് വരെയും. ടിയാന്‍ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന തന്‍റെ വിഖ്യാത പത്രം കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. വാര്‍ത്തകളും സ്കൂപും ഒപ്പിക്കാനായി രാഷ്ട്രീയക്കാരുടെയും, രാജ കുടുംബാംഗങ്ങളുടെയും അരമനകളിലേക്ക് വരെ "ചാരന്‍" മാരെ നിയോഗിച്ചതും ഫോണുകള്‍ ചോര്‍ത്തിയതും പുറത്തായതോടെ ഈ മാധ്യമശിങ്കം നിവൃത്തിയി
ല്ലാതെ ഇതിലുള്‍പ്പെട്ട തന്‍റെ പ്രധാന പ്രസാധനങ്ങളിലൊന്നിനു ദയാവധം അനുവദിക്കുകയായിരുന്നു.



മര്‍ഡോക്ക് മുതലാളിയുടെ കാര്യമോര്‍ക്കുമ്പോള്‍ ഏഷ്യാനെറ്റും, ജോണ്‍ ബ്രിട്ടാസുമൊക്കെ ഇപ്പോള്‍ ഏതു മാനസികാവസ്ഥയിലായിരിക്കും എന്ന് അലോചിക്കുകയാവും പ്രേക്ഷകര്‍. കൈരളിയുടെ ചുവന്ന ഡസ്ക്കില്‍ ഇരുന്നു കൊണ്ട് നമ്മളുടെയെല്ലാം സിരകളില്‍ സാമ്രാജ്യത്വ വിരുദ്ധ - ചെറുത്തു നില്‍പ്പിന്‍റെ വിപ്ലവാഗ്നി കോരിയിട്ടു നക്ഷത്രമായ ഷെ-ഗുവേരയാണ് ബ്രിട്ടാസ്‌. പറഞ്ഞപ്പോള്‍ ഓര്‍മ്മ വരുന്നത് എന്‍റെ സുഹൃത്ത്‌ പറഞ്ഞ ഒരു സംഭവമാണ്. പ്രസ്തുത സുഹൃത്തും അയാളുടെയൊരു കൂട്ടുകാരനും കൂടി ഒരു ദിവസം അങ്ങാടിയിലേക്ക് നടക്കുകയായിരുന്നു. നല്ല വെയിലും ചൂടുമുള്ള നേരം. എതിരെ വന്ന മറ്റൊരു കൂട്ടുകാരന്‍റെ കയ്യില്‍ ബാഗില്‍ ഒരു വലിയ ബോട്ടില്‍ പെപ്സി അവര്‍ കണ്ടു. ഇത് കണ്ട പാടെ അവരിലെ ചെറുത്തു നില്‍പ്പ് രാഷ്ട്രീയം ഉണര്‍ന്നു. ആ കൂട്ടുകാരന് അവര്‍ വേണ്ട വിധം ക്ലാസ്സ്‌ എടുത്തു കൊടുക്കാന്‍ തുടങ്ങി.
വിശദമായ ചര്‍ച്ചയ്ക്കായി അവര്‍ റോഡില്‍ നിന്ന് മാറി അരികിലുള്ള മരത്തണലിലേക്ക് നിന്നു. കൂട്ടുകാരന്‍റെ മുഖത്ത് കുറ്റബോധം തെളിയുകയും കയ്യിലിരുന്ന പെപ്സിയെ അയാള്‍ വെറുപ്പോടെ നോക്കുകയും ചെയ്തു. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമര നായികയായ മയിലമ്മയെ തൊട്ടു ഇനി ഈ പാനീയം വാങ്ങില്ല എന്ന് അതോടെ ആ കൂട്ടുകാരന്‍ അവിടെ വെച്ച് സത്യം ചെയ്തു. അതിനു ശേഷം കയ്യിലിരുന്ന തണുത്ത പെപ്സി ദൂരെ കളയാന്‍ മുതിര്‍ന്ന അയാളെ ക്ലാസ്സ്‌ എടുത്തു കൊടുത്ത രണ്ടു പേരും ചേര്‍ന്ന് അതില്‍ നിന്ന് വിലക്കി. പണം കൊടുത്തു വാങ്ങിയ സാധനങ്ങള്‍ അങ്ങിനെ വെറുതെ കളയാന്‍ പാടില്ലെന്ന മറ്റൊരു ഉപദേശം കൂടി നല്‍കി. പിന്നെ എന്ത് ചെയ്യും എന്നായി അയാള്‍. അത് സാരമില്ല ഒരു സമരവീഥിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന നിന്നെ ഈ കാര്യത്തില്‍ സഹായിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ എന്തോന്നു കാംറേഡ്സ് എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു കൊണ്ട് രണ്ടു കൂട്ടുകാരും അവന്‍റെ കയ്യില്‍ നിന്ന് ആ പെപ്സി ബോട്ടില്‍ വാങ്ങി പകുതി പകുതിയായി മാനത്തേക്ക് നോക്കി, പിന്നെ കണ്ണ് ചിമ്മി വായിലേക്ക് കമഴ്ത്തി. അത് കണ്ടു നവവിപ്ളവ വീര്യത്തില്‍ ദാഹം മറന്നു നിന്നു പെപ്സി വാങ്ങിയയാള്‍.

നമ്മുടെ ബ്രിട്ടാസ്‌ മര്‍ഡോക്കിന്‍റെ ചാനലില്‍ ഇരുന്നു കൊണ്ട് നമ്മള്‍ തമ്മില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു നമ്മെ നിര്‍ഭയം നിരന്തരം പരിഷ്ക്കരിക്കുമ്പോള്‍ നമ്മള്‍ അതെല്ലാം ചെവിക്കൊള്ളുകയും വിപ്ലവം ഒരു നിരന്തര പ്രക്രിയയാണെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞത് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. ഓരോ വന്‍ വീഴ്ചകളും കണ്ടു തളര്‍ന്നാണ് നമ്മള്‍ ഓരോ ദിനാന്ത്യത്തിലും ഉറങ്ങാന്‍ പോവുന്നത്. എന്നാല്‍ മര്‍ഡോക്കിന്‍റെ ഈ വീഴ്ച ഭാവനയുടെ എല്ലാ സീമകളേയും ലംഘിക്കുന്നതായിപ്പോയി. ഏഷ്യാനെറ്റിലെ വന്‍വീഴ്ച്ചകളുടെ ക്യാമറയില്‍ മാര്‍ഡോക്കിന്‍റെ മുഖം തെളിയുമോ?

നവലിബറല്‍ നയങ്ങളില്‍ സര്‍ക്കാരുകളെല്ലാം പൊതുസ്ഥാപനങ്ങളുടെയും പൊതു സമ്പത്തിന്‍റെയും വില്‍പനാബ്രോക്കര്‍മാര്‍ മാത്രമായി ചുരുങ്ങുകായും, കംപ്യൂട്ടറിന്‍റെ വില താഴോട്ടും അരിയുടെ വില മേലോട്ടും ഇടതടവില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ദുരിതകാലത്തിന്‍റെ അടയാളങ്ങള്‍ മാത്രമാണ് ഈ മാര്‍ഡോക്കുമാരും, ദയാനിധിമാരന്‍മാരുമൊക്കെ. ഭരിക്കുന്നവരും ഇവരോടൊപ്പം ചേര്‍ന്ന് രാജ്യത്തിന്‍റെ സര്‍വ്വ വിഭവങ്ങളും വന്‍കിട കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന രാജകീയ കൊള്ളയില്‍ വ്യാപൃതരാവുമ്പോഴാണ് തിരസ്കൃത ജനതകള്‍ ദണ്ഡകാരണ്ണ്യ വനങ്ങളില്‍ ചെറുത്തുനില്‍പ്പിനണിചേരുന്നതും മാവോയിസ്റ്റുകള്‍ എന്ന മുദ്ര ചാര്‍ത്തി അവരുടെ ജീവനും കൂരകളും നമ്മള്‍ ചുട്ടെരിയ്ക്കുന്നതും. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് പൊതുജന ശ്രദ്ധയെ മറച്ചു പിടിയ്ക്കാന്‍ മര്‍ഡോക്ക് മോഡല്‍ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സാധ്യമാവുന്നുണ്ട് എന്നതിനാല്‍ മര്‍ഡോക്കുമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഈ തര്‍ക്കം ഒരു താത്ക്കാലിക കൊട്ടാര കലഹം മാത്രമാവാനെ തരമുള്ളൂ. എങ്കില്‍ പോലും സാധാരണ ജനത്തിന് ഇതില്‍ ചെറുതല്ലാത്ത ഒരു നിര്‍വൃതിയുണ്ട്.

Friday, June 10, 2011

Robert Fisk is Robert Fisk



What's the difference between our armchair journalists and Robert Fisk? It's very simple. Our journos are those who don't know what a journalist should be doing. According to Fisk, journalism must "challenge authority, all authority, especially so when governments and politicians take us to war." Another famous remarks of his about journalism is this: "There is a misconception that journalists can be objective ... What journalism is really about is to monitor power and the centers of power." The last one is a view held by Israeli journalist Amira Hass and Fisk too approves of this definition of fair journalism. Now, how many of our journos are really eligible in this regard? We may have a Tharun Tejpal, Sainath or Praful Bidwai. That must be enough in fact. But how much heed our main stream media is paying to these greats? That's where we fail ourselves. It shouldn't be surprising for it's all too natural that we only get what we really deserve. We are a people who are always too ready and happy to be deluded ourselves into manufactured images of self grandioseness by our rulers or anyone else for that matter.

Coming back to our subject Robert Fisk, let's have a few more words. Fisk is currently writing for the prestigious The independent of UK. Whatever he writes is eagerly awaited each day across the continents. Then his words are translated into a large number of international and vernacular languages in the respected dailies and weeklies the world over. What prompts this kind of receptivity among the readers for a journalist who lives so far away from them? It's his objectivity and sincerity while analyzing the events. contrary to our belief it's not because of the impartiality. He is not impartial always. If there is an obvious aggressor and a clear victim, you have to be partial in solidarity with the victim. This rule especially applies to a sincere journalist. Fisk always upholds this basic principle. Fisk's father was a world war(ii) veteran. and he used to talk about the necessity of wars to achieve a peaceful world. The young Fisk may have realized even at this tender age the perennial futility of war and destruction. Perhaps that's what made him dead set against injustice and imposed wars and invasions.

Though his is a British, he has primarily been based in Beirut for more than 30 years. The New York Times once described Robert Fisk as "probably the most famous foreign correspondent in Britain." He reported the Northern Ireland troubles in the 1970s, the Portuguese Revolution in 1974, the Lebanese Civil War, the Iranian revolution in 1979, the Soviet war in Afghanistan, the Iran–Iraq War, the Gulf War and the invasion of Iraq in 2003. A vernacular Arabic speaker, he is one of few Western journalists to have interviewed Osama bin Laden, and did so three times between 1994 and 1997.His awards include being voted International Journalist of the Year seven times.

Fisk has published a number of books. His 2005 work, The Great War for Civilisation: The Conquest of the Middle East, with its criticism of Western and Israeli approaches to the Middle East, was well-received by critics and students of international affairs, and is perhaps his best-known work.

Thursday, May 19, 2011

നിനക്കോര്‍മ്മയുണ്ടോ ഗംഗാനദീ?


മഴ കനത്തു തടിച്ചപ്പോള്‍ വന്യമായ ആവേഗത്തിലാണ് നദി ഒഴുകിയത്. കടലിന്‍റെ ആഴങ്ങളില്‍ ചെന്ന് ഒരു കണികയായി അലിയുവാനായുള്ള ഈ നിതാന്ത യാത്ര കാലങ്ങള്‍‍ക്കപ്പുറത്തു നിന്ന്, ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് തുടങ്ങിയതായിരുന്നു. പിന്നീട്, വേനലിന്‍റെ വറുതിയില്‍ ഒഴുക്ക് നിലയ്ക്കുമ്പോള്‍ അറ്റുപോയ കര്‍മ ബന്ധങ്ങളുടെ പുനര്‍ജനി തേടി തപസ്സു ചെയ്തിട്ടുണ്ട്.
നീരുറവയുടെ കനിവിനു കാത്തു ശിലയായി നിദ്ര കൊണ്ടിട്ടുണ്ട്. മറ്റൊരു വര്‍ഷ നിറവില്‍ പിന്നെയും ഉണരുകയും സുരതാവേഗത്തിന്‍റെ ഉന്മാദമുള്‍കൊണ്ട് കവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്.

മന്വന്തരങ്ങള്‍ക്കക്കരെ തുടങ്ങിയ തേട്ടമാണ്‌. ഗുരു പരമ്പരകള്‍, താപസ
മുനിമാര്‍ പ്രപഞ്ചദര്‍ശനം കൊണ്ട തീര്‍ത്ഥമാണ്. കാളിന്ദീ തീരങ്ങളില്‍ രാധ കാതോര്‍ത്തു നിന്ന വേണു നാദത്തിലും നിറഞ്ഞ ഈണമാണ്.


ai ab-e-rud-e-ganga wo din hai yad tujh ko
utare tere kinare jab karwan hamara

ഹേ, ഗംഗാ നദിയിലെ ഓളങ്ങളെ, നിങ്ങള്‍ക്കോര്‍മയുണ്ടോ?
ഞങ്ങളുടെ സാര്‍ത്ഥ വാഹകസംഘം നിന്‍റെ തീരത്ത്‌ വന്നണഞ്ഞ ദിനങ്ങളെ, നിനക്കോര്‍മയുണ്ടോ ഗംഗാനദീ?
അല്ലാമാ ഇഖ്ബാല്‍ ഗംഗാ നദിയിലെ ഓളങ്ങളോട് ചോദിച്ച ഈ ചോദ്യം സംവദിച്ചത് കാലത്തോടാണ്. നദി കാലമാണ്. കാലം നദിയാണ്. നദി അനാദിയാണ്.

ഈ നീരുറവയുടെ കരുണയിലാണ് വനവും വന്യമൃഗങ്ങളും ഉയിര്‍ കൊണ്ടതും മാനവരാശിയുടെ നാഗരികതകള്‍ ഉദയമാര്‍ന്നതും. എത്രയെത്ര സംസ്കാരങ്ങളാ
ണ്, ജനതതികളാണ് നൈല്‍ നദീ തടങ്ങളിലും, ഗംഗാ, യമുനാ, ടൈഗ്രീസ് തീരങ്ങളിലും പിച്ചവെച്ചു വളര്‍ന്നു വേരുറച്ചു പടര്‍ന്നത്. എല്ലാവര്‍ക്കും ‍ കനിവ് നല്‍കി, കനവു നല്‍കി, കാടും മേടും കടന്നു പിന്നെയും ഒഴുകി അത് കടലിന്‍റെ മാറില്‍ ചെന്നു മുത്തമിട്ടു. ദീര്‍ഘമായ കാത്തിരിപ്പിന്‍റെയും യാത്രയുടെയും ഒടുക്കം സംഗമത്തിന്‍റെ നിര്‍വൃതിയില്‍ ലയിച്ചു ചേര്‍ന്നു, ഒരു ജീവിത വൃത്തം പൂര്‍ത്തിയാവുമ്പോള്‍ ഭൂമിയെ തളിരണിയിക്കാനായി പിന്നെയും നീരാവിയായി വിണ്ണിലുയര്‍ന്നു മേഘങ്ങളില്‍ ഘനീഭവിച്ചു കനിവായ് ഭൂമിയുടെ ഊഷരതയിലേക്ക് പെയ്തിറങ്ങി പിന്നെയും നിദ്ര കൊള്ളുന്ന നീര്‍ചാലുകള്‍ക്ക് ജീവന്‍ കൊടുത്തു യാത്ര തുടര്‍ന്നു. ജീവന്‍റെ പ്രവാഹത്തിന് തുടര്‍ച്ച നല്‍കാന്‍ വൃത്താന്തവൃത്തം ഒഴുകി.

ഇരുകാലികള്‍ നിബിഡ വനങ്ങളെ ഇല്ലായ്മ ചെയ്യാനാരംഭിക്കുകയും, പകരം കോണ്‍ക്രീറ്റു വനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയ കാലത്താണ് നദിയുടെ യാത്രാ പഥങ്ങള്‍ ദുര്‍ഘടമായി തുടങ്ങിയത്. ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നവനെ മരമണ്ടനായിട്ടാണ് മനുഷ്യര്‍ ഗണിക്കുന്നത്. ഒഴുകുന്ന നദിയുടെ ഉടലും തലയും അറുത്തു പച്ചപ്പിന്‍റെ അവസാന തുരുത്തിലും
കോണ്‍ക്രീറ്റു പാകി ചുട്ടു പൊള്ളുമ്പോള്‍, നമുക്ക് അണുനിലയം പണിത് അതിന്‍റെ ഊര്‍ജ്ജത്തില്‍ നിന്ന് ശീതീകരണ യന്ത്രം പ്രവര്‍ത്തിപ്പിച്ചു ചൂടകറ്റാം എന്നു പുരോഗമന പരമായി ചിന്തിക്കുന്ന ആധുനിക മനുഷ്യന്‍റെ കരവിരുതുകളില്‍ പിടഞ്ഞു തീരുന്നു ഈ നദി, എങ്കിലും അവനെ അതു വെറുക്കുന്നില്ല, അതിനാല്‍ ഈ നദി പറയുന്നതെന്തെന്നാല്‍, നിങ്ങള്‍ മനുഷ്യര്‍ അവലംബിക്കുന്ന ചില മാനദണ്ഡങ്ങളോടു നീതി പുലര്‍ത്തിക്കൊണ്ട്, ഈ നദി വികസന വിരോധിയും പുതിയ കാലത്തെ ഉള്‍കൊള്ളാനാവാത്ത പഴഞ്ചനുമായിരുന്നുവെന്ന് നിങ്ങള്‍ വരും തലമുറയെ പഠിപ്പിക്കുക. അര്‍ഹതയുള്ളത് അവശേഷിക്കും (survival of the fittest) എന്ന നിങ്ങളുടെ വിപ്ലവ ദര്‍ശനം ഇവിടെ ശരിക്ക് സമാസമം ചേര്‍ത്താല്‍ മതി. ആ കാലത്തെ കുരുന്നുകള്‍ക്ക് നിങ്ങള്‍ ഭൂമിയില്‍ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ദിനോസറുകളുടെയും നദികളുടെയും കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ഇതെല്ലാം അവരെ ബോധ്യപ്പെടുത്തുക. എന്തുകൊണ്ടെന്നാല്‍ കെട്ടുകഥളാല്‍ സമ്പന്നമായ നിങ്ങളുടെ ചരിത്രത്തിന്‍റെ തുടര്‍ച്ച‍ക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഇത്തരം കൊച്ചു കള്ളങ്ങള്‍ അനിവാര്യമാവുന്നു. മറിച്ചായാല്‍ നിങ്ങളുടെ മക്കള്‍, പേരമക്കള്‍ നിങ്ങളോട് പൊറുക്കാതിരുന്നാലോ!

Sunday, May 8, 2011

ലോകാ സമസ്താ സുഖിനോ ഭവന്തു


വധിക്കപ്പെട്ട താടിക്കാരനായ വൃദ്ധന്‍ ഒരു കാലത്ത് നയിച്ച ഭീകരതയുടെ വേലിയേറ്റത്തില്‍ Sept/11/2001 ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം തകര്‍ന്നു വീണപ്പോള്‍ കൊല്ലപ്പെട്ട മുവായിരം നിരപരാധികളും, അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധത്തിന്‍റെ ഫലമായി ഇറാഖിലും മറ്റു വിവിധയിടങ്ങളിലുമായി കൊല്ലപ്പെട്ട പത്തു ലക്ഷം നിരപരാധികളും പരലോകത്ത് വെച്ച് കണ്ടു മുട്ടുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കാര്യങ്ങളെ ഒരിക്കല്‍ കൂടി അവലോകനം ചെയ്യാനായി സമ്മേളിക്കുകയുമുണ്ടായി. (ഇറാഖില്‍ കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിനും പത്തിനും ഇടയിലെന്നാണ് വേറെ ഒരു കണക്ക്)

ഇഹലോകത്തു നിന്ന് കാലമെത്തും മുന്‍പേ പരലോകത്തേക്കുള്ള തങ്ങളുടെ ദുരിത പ്രയാണത്തിനിടയാക്കിയതിനും ദശലക്ഷക്കണക്കിനാളുകളെ ഭൂമിക്കുമേല്‍ മൃതപ്രായരാക്കിയിതിനുമെല്ലാം കാരണം സാമുവല്‍ ഹണ്‍ടിംഗ്ടന്‍ പറഞ്ഞതുപോലെയുള്ള നാഗരികതകളുടെ സംഘട്ടനമല്ലെന്നും, മറിച്ച് പെട്രോള്‍ പാടങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളില്‍ ലോകാവസാനം വരെ ഭദ്രമാക്കാന്‍ മത്സരിക്കുന്നവരുടെ കുത്സിത തന്ത്രങ്ങളുടെ ഫലമാണെന്നുമുള്ള സത്യത്തെ അവര്‍ ഒരിക്കല്‍ കൂടി ഖേദത്തോടെ
അയവിറക്കി. ശീതയുദ്ധ കാലത്ത് അഫ്ഘാനിസ്ഥാനിലെ ഖൈബര്‍ ചുരങ്ങളുടെ ഉള്‍പിരിവുകളിലും, തോറാ ബോറായുടെ തുറസ്സുകളിലുമായി അന്ന് യുവാവായിരുന്ന വൃദ്ധനെയും കൂട്ടാളികളെയും സോവിയറ്റ്‌ അധിനിവേശക്കാര്‍ക്കെതിരെ ആളും അര്‍ത്ഥവും, ആയുധവും അനുഭവവും നല്‍കി പരിശീലിപ്പിച്ചെടുത്തവര്‍ തന്നെയാണല്ലോ ഇന്ന് ധര്‍മയുദ്ധത്തെ പറ്റി വാചാലരാവുന്നത് എന്ന വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ ഇതിനകം തന്നെ പഠിച്ചു കഴിഞ്ഞിരുന്നു. സോവിയറ്റ്‌‌ അധിനിവേശം പൊറുക്കപ്പെടരുതാത്ത ആപത്തും യാങ്കി അധിനിവേശം സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വിശാലമായ വാതായനമാവുന്നു എന്നതായിരുന്നു അതിന്‍റെ യുക്തി.


തങ്ങളെല്ലാവരും ഭൂമിയില്‍ കഴിഞ്ഞ കാലത്ത് "
മദ" ങ്ങളുടെ സങ്കുചിതമായ മതില്‍കെട്ടിനകത്തിരുന്നു ലോകത്തെ വീക്ഷിച്ചത്‌ മണ്ടത്തരമായിരുന്നു വെന്നും, ചില ഇസങ്ങളുടെ പ്രാഗ്`രൂപങ്ങളില്‍ സ്വയം തളച്ചിട്ടത് അബദ്ധമായിരുന്നുവെന്നും അവര്‍ വിഷാദം കൊണ്ടു. ദേശീയതയുടെ കൊടിവര്‍ണ്ണങ്ങളില്‍ തുടികൊട്ടി കൃത്രിമ ആവേശങ്ങളില്‍ മുഴുകി വിയോജിക്കുന്നവരുടെ കഴുത്തറുത്തത് മാപര്‍ഹിക്കാത്ത പാതകമായിരുന്നുവെന്ന് വ്യസനപ്പെട്ടു. സത്കര്‍മ്മങ്ങളിലൂടെയും സ്നേഹത്തിലൂടെയും സായൂജ്യം തേടേണ്ട മനുഷ്യര്‍ ഇവ്വിധം സ്വയം നഷ്ടത്തിലാവുന്നത് എങ്ങിനെയാണെന്ന് കൂലങ്കൂഷമായി ചിന്തിച്ചു നോക്കുകയും, ഗീതയുടെയും ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും ആഴത്തിലുള്ള അടിസ്ഥാനസത്ത ഒരേ ഒരു സത്യമാണെന്ന അറിവില്‍ അവര്‍ വിനയാന്വിതരാവുകയും ചെയ്തു. ചെറിയ വിടവുകളെ പെരുപ്പിക്കുന്നവര്‍ക്ക് കാര്യമറിയാതെ ചെവികൊടുത്തതില്‍ നിന്നാണ് വന്‍പിളര്‍പ്പുകള്‍ രൂപം കൊണ്ടതെന്ന ഉള്‍വിളി അവര്‍ക്ക് പുത്തനായിരുന്നില്ല.

ഭൂമിക്കു മേല്‍ ജീവിച്ചിരിക്കുന്ന തങ്ങളുടെ ബാക്കിയുള്ളവര്‍ അവിടെ പല വലിപ്പങ്ങളില്‍ പല ദിക്കുകളില്‍ അതിര്‍ത്തികള്‍ വരച്ചു അപ്പുറവും ഇപ്പുറവും ഇരുന്ന്‌ സര്‍വ്വ സംഹാരിയായ അണുബോംബ് ഉണ്ടാക്കി പരസ്പരം ചാരമാക്കിക്കളയും എന്ന് കൂടെക്കൂടെ വീമ്പു പറയുന്ന വിഷയം ചര്‍ച്ചക്ക് വന്നപാടെ അതിര്‍ത്തികളില്ലാതെ പരലോകത്ത് ഒത്തുകൂടിയ അവര്‍ അനാദിയായ എല്ലാ വിഷാദങ്ങളും വിസ്മരിച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭൂമിയില്‍ വെച്ചു നഷ്ടപ്പെട്ടു പോയിരുന്ന തങ്ങളുടെ നൈസര്‍ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള്‍ അതിര്‍ത്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതെ, അവരറിയാതെ അവരില്‍ പിന്നെയും പിറവി കൊള്ളുകയായിരുന്നു.

Thursday, April 28, 2011

നിര്‍വാണ



കമ്മ്യൂണിസത്തിനു മേല്‍ മുതലാളിത്തം അതിന്‍റെ അന്തിമ വിജയം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നും അതോടെ ചരിത്രം അവസാനിച്ചിരിക്കുന്നു എന്നും ഫ്രാന്‍സിസ് ഫൂക്കുയാമ പുസ്തകം എഴുതിയ കാലത്താണ് അയാള്‍ തന്‍റെ മാനസിക പരിവര്‍ത്തനചക്രം പൂര്‍ത്തിയാക്കിയത്. ഇന്‍ക്വിലാബിന്‍റെ കൊടികള്‍ വലിച്ചെറിഞ്ഞ അയാള്‍ ഇന്‍ഫോസിസ് മുതലാളിയുടെ ജീവചരിത്രപഠനത്തില്‍ മുഴുസമയം വ്യാപൃതനായി. മാര്‍ക്സിന്‍റെ മൂലധനം അതിനു മുന്‍പേ തന്നെ അയാളുടെ ലൈബ്രറിയുടെ മൂലയില്‍ കിടന്നു മാറാല പിടിച്ചു തുടങ്ങിയിരുന്നു. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്നതിനും എത്രയോ മുന്‍പ് അഫ്ഘാന്‍ മലമടക്കുകളിലാണ് കമ്മ്യൂണിസം അതിന്‍റെ നിര്‍ണ്ണായക തോല്‍വി ഏറ്റുവാങ്ങിയതെന്നും പിന്നീടു വന്ന തോല്‍വികളെല്ലാം ഭൂകമ്പത്തിനു ശേഷമുള്ള സുനാമികള്‍ മാത്രമായിരുന്നുവെന്നും വരും വരായ്കകളിലെവിടെയോ അയാള്‍ ഉള്ളാലെ വായിച്ചെടുത്തിരുന്നു.

അനിയന്ത്രിത സാമ്പത്തിക ഉദാരീകരണത്തിലാണ് ലോകത്തിന്‍റെ, വിശേഷിച്ച് ഇന്ത്യയുടെ ഭാവി കുടിയിരിക്കുന്നതെന്ന് ടി.വി ചര്‍ച്ചകളില്‍ അയാള്‍ ശക്തിയുക്തം സ്ഥാപിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായിരുന്ന, മൃദുഭാഷിയായ തന്‍റെ പ്രധാനമന്ത്രിയായിരുന്നു അയാളുടെ പുതിയ ഹീറോ. എന്ടോ സള്‍ഫാന്‍ നിരോധിക്കേണ്ടതില്ല എന്ന് പ്രധാനമന്ത്രി സ്റ്റോക്ക്‌ഹോം ചര്‍ച്ചയില്‍ നയം വ്യക്തമാക്കിയ ദിനം അയാള്‍ ഏറെ ആനന്ദപുളകിതനായിരുന്നു. തന്‍റെ ഏക സന്താനത്തിന്‍റെ ജനിതകവൈകല്യം ബാധിച്ച വികൃത രൂപം ഓര്‍മ വരുന്ന ഓരോ നേരത്തും എന്ടോ സള്‍ഫാന്‍റെ ദുരിത പരിസരത്ത് ജീവിക്കേണ്ടി വന്നതിന്‍റെ അമര്‍ഷം അയാള്‍ക്ക് പ്രധാനമന്ത്രിജിയോട് മുന്‍പ് ഉണ്ടായിരുന്നു എന്നത് നേര് തന്നെ. പിന്നീട്‌ അയാള്‍ ബാബയുടെ ആശ്രമത്തില്‍ വെച്ചാണ് സത്യങ്ങള്‍ തിരിച്ചറിഞ്ഞത്. അതോടെ അയാള്‍ അത്തരം ലോല വികാരങ്ങളെയെല്ലാം മറികടന്നു. രാജ്യപുരോഗതിക്കു വേണ്ടി തന്‍റെ സന്താനത്തെ മാത്രമല്ല തന്നെത്തന്നെ അര്‍പ്പിക്കാന്‍ അയാള്‍ കരുത്തു നേടി.

പിന്നീട്‌ ബാബ സ്വയം പ്രവചിച്ച സമയത്തിനു മുന്‍പേ മരിച്ചു എന്ന് ആളുകള്‍ പറഞ്ഞപ്പോള്‍, ബാബ മരിച്ചതല്ലെന്നും ആത്മീയമായ ഒരു നിര്‍വാണയില്‍ അല്‍പ നേരത്തേക്ക് കണ്ണടച്ചതാണെന്നും ഉള്ള സത്യവും അയാള്‍ക്കറിയാമായിരുന്നു. ബാബ പറഞ്ഞ സത്യങ്ങള്‍ അയാളെ ആത്മീയമായും പ്രധാനമന്ത്രി പറയുന്ന സത്യങ്ങള്‍ അയാളെ ഭൌതികമായും ആത്യന്തികമായി വഴിനടത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും അയാള്‍ക്കില്ലായിരുന്നു.

Wednesday, April 20, 2011

നിണമണിഞ്ഞ റോസാപൂക്കള്‍


20,700 അടി ഉയരത്തില്‍ പൂജ്യത്തിനു താഴെ 70 ഡിഗ്രി വരെ പോകുന്ന അതിശൈത്യത്തില്‍ അവര്‍ സര്‍വ്വായുധ സജ്ജരായി നിലയുറപ്പിച്ചിരിക്കുന്നു. അതിര്‍ത്തിരേഖക്കപ്പുറത്ത് അതെ ഉയരത്തില്‍, അതെ തണുപ്പില്‍, അത്ര തന്നെ തയ്യാറെടുപ്പില്‍ പതുങ്ങിയിരിക്കുന്ന അയല്‍ രാജ്യത്തിന്‍റെ സൈന്യവുമുണ്ട്, മുഖാമുഖം. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധമേഖലയായ കശ്മീരിലെ സിയാച്ചിന്‍ ഹിമശൈലശൃംഗത്തിലാണ് രംഗവേദി. മരവിക്കുന്ന തണുപ്പില്‍ പരസ്പരം കൊല്ലാന്‍ പതുങ്ങിയിരിക്കുന്നവര്‍. രാവും പകലും, മാസത്തോടു മാസം, വര്‍ഷത്തോട് വര്‍ഷവും.

രക്തം കട്ട പിടിച്ചു നിമിഷങ്ങള്‍ക്കകം മനുഷ്യന്‍ അസ്ഥികണക്കെ മരവിച്ചു
മൃതമാവുന്ന അതിശൈത്യത്തെ "അതിജീവിക്കാനായി" അഞ്ച് അടുക്കുകള്‍ ഉള്ള, കനം കൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ഓക്സിജന്‍ മാസ്കില്‍ നിന്നു സദാ ശ്വസിച്ചു ജീവനെ വെല്ലുവിളിക്കുന്ന പ്രത്യേകചുറ്റുപാടുകളിലാണ് അവരുടെ ജീവിതം. അവരുടെ കണ്ണുകള്‍ അടയുന്നില്ല, തോക്കിന്‍റെ കാഞ്ചിയില്‍ നിന്നു അവരുടെ വിരലുകള്‍ വിരമിക്കുന്നില്ല ഒരിയ്ക്കലും. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ യുദ്ധമേഖലയായ സിയാചിനില്‍ അസഹ്യമായ കാലാവസ്ഥ താങ്ങാനാവാതെ രണ്ടു ദിവസത്തില്‍ ഒരു സൈനികനെങ്കിലും മരിച്ചു വീഴുന്നു. 1984 നും 2004 നും ഇടയില്‍ മാത്രം ഇന്ത്യയുടെ 4000 സൈനികരാണ് ഇവിടെ ഇങ്ങിനെ മൃതിയടഞ്ഞത് എന്നാണു അനൗദ്യോഗിക കണക്കുകള്‍. സിയാചിന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കാട്ടുറോസാപ്പൂക്കള്‍ വിരിയുന്നിടം എന്നത്രെ. വിധിവൈപരീത്യമെന്നു പറയാം യുവസൈനികരുടെ മൃതപുഷ്പങ്ങള്‍ വിരിയുന്നിടമായി ഇരുരാജ്യത്തെയും ഭരണകൂടങ്ങള്‍ ഈ സ്ഥലത്തെ പരിവര്‍ത്തിപ്പിച്ചിരിക്കുന്നു .

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് നില കൊള്ളുന്നതും ഇവിടെ തന്നെ. 21000 അടി ഉയരത്തില്‍. പ്രത്യേക നിര്‍മിത ഹെലികോപ്റ്റര്‍ ഈ കാലാവസ്ഥയില്‍ അവിടെയിറക്കിയാലെ സൈനികര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാന്‍ പറ്റൂ. ജെല്‍ ടൂത്ത് പേസ്റ്റ് മരവിച്ചു കല്ലായിപ്പോവുന്ന ഈ തണുപ്പില്‍, ഒരാള്‍ സംസാരിച്ചാല്‍ ആ സംസാരം അവ്യക്തമായി പുറത്തു വരുന്ന, കോച്ചുന്ന കാലാവസ്ഥയുള്ള ഈ പ്രദേശത്ത് പട്ടാളക്കാരെ വിന്യസിപ്പിച്ചു നില നിര്‍ത്തുന്നതിനു ഇന്ത്യക്ക് ഒരു ദിവസം ചിലവാകുന്നത് 50 മില്യന്‍ രൂപ. ഒരു വര്‍ഷം എത്ര ബില്യന്‍ ആയിരിക്കുമെന്നു ഊഹിച്ചു നോക്കുക. ഒരു രൂപ വില വരുന്ന ഒരു റൊട്ടി സിയാച്ചിന് മുകളില്‍ സൈനികരുടെ അടുത്ത് എത്തിക്കുമ്പോഴെക്ക് അതിനു പതിനായിരം രൂപയുടെ ചിലവ് വരും എന്ന് പറയുന്നത് അവിശ്വസനീയമായി തോന്നാം. പക്ഷെ സത്യമാണ്.

77 ശതമാനം ജനങ്ങള്‍ 20 രൂപയില്‍ താഴെ വരുമാനക്കാരായുള്ള ഇന്ത്യ. (Former Rajya Sabha MP Arjun Kumar Sengupta report), (wikipedia) ബോളിവുഡിന്‍റെയും IPL ക്രിക്കറ്റിന്‍റെയും വര്‍ണരാജിയില്‍ പൂത്തുല്ലസിക്കുന്ന നാമമാത്ര ക്രീമിലേയര്‍ ഇന്ത്യയല്ല. ആഫ്രിക്കയിലെ ആകെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ആകെ കണക്കെടുത്താലും പട്ടിണിരേഖയ്ക്ക് താഴെനില്‍ക്കുന്നവരുടെ കാര്യത്തില്‍ പിന്നെയും മുന്നില്‍ തന്നെ നില്‍ക്കുന്ന നാട്.

പാക്കിസ്ഥാന്റെ കഥ പതിന്‍മടങ്ങ്‌ പരിതാപകരമെന്നു പറയേണ്ടതില്ല. തുടര്‍ച്ചയായി
സ്വേച്ഛാധിപതികളും പട്ടാള മേധാവികളും ഭരിച്ചു മുടിച്ച ആ നാടും ഇത്രയും തുക ചിലവിട്ടു തന്നെയാണ് സൈനികരെ ആകാശ സീമയോളമെത്തുന്ന ഈ ഉയരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ദരിദ്രനാരായണ കോടികളുടെ ഉന്നമനത്തിനുതകേണ്ട സമ്പത്ത് ഹിമാലയ സാനുക്കളില്‍‍ ആയിരക്കണക്കിന് സൈനികരെ തോക്കും ബോംബും പിടിച്ചു മുഖാമുഖം നോക്കി കൊല്ലത്തോട് കൊല്ലം മസില്‍ പിടിച്ചിരിക്കാനും freez ചെയ്തു കൊലയ്ക്കു കൊടുക്കാനും ചിലവാക്കുന്ന ഇന്ത്യ പാക്ക് ഭരണ കൂടങ്ങള്‍ ആരുടെ താത്പര്യത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്‌ എന്ന് വിവേകമതികളായ പൌരന്‍മാര്‍ എല്ലാ കാലത്തും സന്ദേഹം കൊണ്ടിട്ടുണ്ട്. അരിയില്ലെങ്കിലും അണുബോംബ് ഉണ്ടാക്കാന്‍ മത്സരിച്ചു വിജയിച്ചു നില്‍ക്കുന്ന മാതൃകാ അയല്‍ക്കാര്‍.

സിയാച്ചിന്‍ പ്രദേശം തന്ത്രപ്രാധാന്യമുള്ള ഒരിടമല്ലെന്ന് ഈ കാര്യങ്ങളില്‍ അറിവുള്ള ആളുകള്‍ തന്നെ വ്യക്തമാക്കുന്നു. സിയാചിന്‍റെ ഉയരങ്ങളിലുള്ള ഈ സൈനിക വിന്യാസം പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റം കൂടിയാണ്. മനുഷ്യ വാസയോഗ്യമല്ലാത്ത ഈ സ്ഥലത്ത് കഴിഞ്ഞു കൂടാന്‍‍ പല കൃത്രിമ മുറകളും രീതികളും അവലംബിക്കാതെ തരമില്ല. ഇതിന്‍റെ ഫലമായി ടണ്‍ കണക്കിന് വിഷരാസ മിശ്രിതങ്ങള്‍ ഈ മലനിരകളുടെ ഉപരിതലങ്ങളില്‍ ദിനേന ഒഴുക്കപ്പെടുന്നുണ്ട്. ഇത് മൂലം അവിടെ നിന്നു ഉത്ഭവിക്കുന്ന നദികളുടെ ഒഴുക്ക് തുടങ്ങുന്നത് തന്നെ ഈ രാസമാലിന്യങ്ങളുടെ അകമ്പടിയോടെയാവുന്നു. മനുഷ്യരുടെ മലിനകരങ്ങള്‍ കന്യാപര്‍വതശിഖരങ്ങള്‍ വരെ നീളുകയും അതേറ്റു വാങ്ങാന്‍ നദികള്‍ പോലും വിധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മരുഭൂമികള്‍ ഉണ്ടാവുന്നത്.

1984 വരെ സിയാച്ചിന്‍ പ്രദേശത്ത് ഇരു രാജ്യങ്ങള്‍ക്കും സൈനിക സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ചിരുന്നു. ഈ കാലത്താണ് ഓപറേഷന്‍ മേഘദൂത് എന്ന ഓമനപ്പേരിട്ട ഒരു നീക്കത്തിലൂടെ സിയാച്ചിന്‍ പര്‍വ്വതത്തിന്‍റെ സിംഹഭാഗവും ഇന്ത്യ നിയന്ത്രണത്തിലാക്കിയത്. ഇതോടെ കിട്ടുന്ന ഭാഗത്ത് പാകിസ്ഥാനും കയറി നിലയുറപ്പിച്ചു. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്‍റെ എത്രയോ ആയിരം മടങ്ങ്‌ സൈനികര്‍ ഇവിടെ ഇരുഭാഗത്തും മനുഷ്യവാസയോഗ്യമല്ലാത്ത കാലവസ്ഥ താങ്ങാനാവാതെ മരിച്ചു വീഴുന്നു എന്നത് തന്നെ ഈ ഹിമാലയന്‍ മണ്ടത്തരത്തിലടങ്ങിയ യുക്തിരാഹിത്യത്തിനു അടിവരയിടു
ന്നു.

1980 നു ശേഷം സിയാചിന്‍ വിഷയത്തില്‍ ഇന്ത്യ-പാക് ചര്‍ച്ച പല തവണ നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാരുടെയും ഭരിക്കുന്നവരുടെയും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള അവസരവാദ അധരവ്യയത്തിനപ്പുറം അതൊന്നും വളര്‍ന്നിട്ടില്ല. ഈ ഏപ്രില്‍ 22 ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍ ഇസ്‌ലാമാബാദില്‍ ഇക്കാര്യം ഗൗരവമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞുപോയ എണ്ണമറ്റ നിഷ്ഫല ചര്‍ച്ചകള്‍പ്പുറം ഇത്തവണ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാമോ? പ്രതീക്ഷകളാണ് എല്ലാ നൈരാശ്യങ്ങളുടെയും മരണ വാഞ്ഛകള്‍ക്കപ്പുറവും നാളെയിലേക്കുണരാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഏക ഘടകം. ദേശരാഷ്ട്രങ്ങളുടെ മുന്നോട്ടു പോക്കിനുള്ള പ്രത്യാശയും ഇതുതന്നെയാവാതെ തരമില്ല.

Friday, April 1, 2011

ക്രിക്കെറ്റ്, ജോര്‍ജ് ഓര്‍വെല്‍ പിന്നെ വലിയേട്ടനും‌


ഇംഗ്ലീഷുകാര്‍ വര്‍ഷത്തോട് വര്‍ഷം നീണ്ടു നില്‍ക്കുന്ന അവരുടെ കൊടുംതണുപ്പില്‍ നിന്ന് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ വേണ്ടി കണ്ടെത്തിയ ഒരു "കളി"യാണല്ലോ ഈ ക്രിക്കെറ്റ്. കൂലിപ്പണിയെടുക്കുന്ന ജോലിക്കാര്‍ പോലും ഇതിലും വൈകി ഇറങ്ങി ഇതിലും നേരത്തെ കയറിപ്പോവും. പിന്നെ നമ്മള്‍ക്ക് ഇഷ്ടമില്ലെങ്കിലും അവര്‍ ഉച്ചക്ക് ഒരു long ബ്രേക്ക് എടുക്കുകയും ചെയ്യും. എന്നാല്‍ ക്രിക്കെറ്റ്‌ അങ്ങിനെയല്ല ഏകദിന മത്സരമാണെങ്കില്‍ തന്നെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഉദയം മുതല്‍ അസ്തമയം വരെ ഗ്രൗണ്ടില്‍ തന്നെ, അല്ലെങ്കില്‍ തത്തുല്യ സമയം രാത്രിയായാലും. ടെസ്റ്റ്‌ കളിയാണെങ്കില്‍ പറയുകയും വേണ്ട. പായും തലയിണയും ഭക്ഷണവും എല്ലാം കൂടെ കൊണ്ടുവന്നാല്‍ ഇരുന്നു കിടന്നു കളി കണ്ടു അടുത്ത ആഴ്ച വീട്ടില്‍ പോവാം, ഒരു മത്സരം മാത്രം. പെപ്സിക്കും മറ്റു കുത്തകഭീമന്‍മാര്‍ക്കും അവരവരുടെ പരസ്യങ്ങള്‍ 24 മണിക്കൂറും ജനങ്ങളെ തീറ്റിക്കാന്‍ പറ്റിയ ഒരു ദൃശ്യമാധ്യമ "വിനോദ"മാണിത് എന്ന് വന്നപ്പോള്‍ അത് ഉപഭൂഖണ്ഡത്തിലെ ഏറ്റവു വലിയ കായിക വിനോദമായി വളരുകയായിരുന്നു. ഇന്ന് സ്കോര്‍ എത്രയായി എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറയുന്നതില്‍ പരം നാണക്കേടില്ല എന്നാണു വെയ്പ്പ്. ഒക്കെ വിടാം. ഒരു കേവല വിനോദം എന്ന് മാത്രം വരികില്‍ കുഴപ്പമില്ലായിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കളിക്കുമ്പോള്‍ ആവേശം കൊള്ളുക, അതും സ്വാഭാവികം. പക്ഷെ......

കുറെയേറെ പേര്‍ ഇതിനെ കേവലം ഒരു കായികവിനോദം എന്ന നിലയ്ക്ക് മാത്രമേ കാണുന്നുള്ളൂ എന്നത് നേരാവാം. എന്നാല്‍ നല്ലൊരു പങ്ക് ആരാധകരുടെ സ്ഥിതി അതാണോ? പ്രത്യേകിച്ച് ഇന്ത്യ-പാക്ക്‌ മത്സരം വരുമ്പോള്‍. മനസ്സുകളില്‍ ഒരു വ്യാജരണഭൂമി തീര്‍ത്ത്‌ അവിടെ ഒരു കൃത്രിമയുദ്ധരതിയും നിര്‍വൃതിയും അനുഭവിപ്പിക്കുന്ന രീതിശാസ്ത്രമാണ് ഈ ഉന്മാദത്തില്‍ പലപ്പോഴും ദൃശ്യമാവുന്നത്.

ഈ ആവേശത്തില്‍ പെടുന്നവര്‍ കൃത്രിമ രാജ്യസ്നേഹത്തിന്‍റെ താളം ചവിട്ടിത്തിമിര്‍ക്കുന്നത് കാണുമ്പോള്‍ എന്ത് കൊണ്ടോ ജോര്‍ജ് ഓര്‍വെലിന്‍റെ വിഖ്യാതമായ 1984 എന്ന കൃതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നെയും ഓര്‍മ്മ വരുന്നു. Oceania എന്ന സാങ്കല്‍പ്പിക നാമത്തിലുള്ള ഒരു രാജ്യവും അതിലെ ജനങ്ങളും അവരുടെ മനസ്സുകളെ പോലും തടവിലാക്കി അവിടം ഭരിക്കുന്ന ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരും അവരുടെ പാര്‍ട്ടിയും ഒക്കെയാണ് പശ്ചാത്തലം ഈ കൃതിയില്‍. Oceania എന്ന നാടും അവിടെ പറയുന്ന അവസ്ഥയും, ഇന്ന് പല നാട്ടിലും നില നില്‍ക്കുന്നതായാണ് കാണുന്നതാണ്. പേരിനു ജനാധിപത്യം എന്നൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും. കഥയില്‍ പറയുന്ന രാജ്യം അതിന്‍റെ അയല്‍ രാജ്യങ്ങളുമായി നിതാന്തയുദ്ധത്തിലാണ്. മണ്ണില്‍ യുദ്ധമില്ലാത്ത നേരത്തും മനസ്സുകളില്‍ യുദ്ധമാണ്. സര്‍ക്കാര്‍ ചാരകണ്ണുകള്‍ സ്വന്തം പ്രജകള്‍ക്കു മേല്‍ സദാ ജാഗരൂകമാണ്. ജനത എന്ത് ചിന്തിക്കണം എന്ത് ചിന്തിക്കരുത് എന്നതും സര്‍ക്കാര്‍ തന്നെ തീരുമാനിക്കും. സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ പാര്‍ട്ടി. പാര്‍ട്ടി പ്രോപഗണ്ട പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ പ്രത്യേക വകുപ്പ് തന്നെയുണ്ട്. Big Brother എല്ലാം ഇപ്പോഴും വീക്ഷിക്കുന്നുണ്ട്. Big Brother എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍, അഥവാ പാര്‍ട്ടി തന്നെ. ബ്ലോഗ്‌ എഴുത്ത് പോലും സര്‍ക്കാര്‍ നേരിട്ട് തന്നെ നിരീക്ഷിക്കുന്ന സംവിധാനം ഇന്ത്യയില്‍ പോലും വന്നുകൊണ്ടിരിക്കുന്നു എന്നത് വേണമെങ്കില്‍ ചേര്‍ത്തു വായിക്കാം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന്‍റെ അറസ്റ്റ്. മവോയിസ്റ്റുകളുമായുള്ള സര്‍ക്കാരിന്‍റെ സമാധാന ചര്‍ച്ചയില്‍ മാവോയിസ്റ്റുകളുടെ ഏക പ്രധിനിധി മാത്രമായിരുന്ന Cherukuri Rajkumar എന്ന Azad നെ സര്‍ക്കാര്‍ തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത്. ഇങ്ങിനെ ഉദാഹരണങ്ങള്‍ എത്ര.

Big Brother, doublethink, thoughtcrime,എന്നിങ്ങിനെ ഓര്‍വെല്‍ 1949ല്‍ രചിച്ച ഈ നോവലില്‍ അവതരിപ്പിച്ച സംജ്ഞകളെല്ലാം ഇന്നും പുതുപുത്തനായി നിലകൊള്ളുന്നത് കൊണ്ടാണ് ഈ കൃതി ഇന്നലെ മാത്രം എഴുതിയ പോലെ ഇന്നും നമുക്ക് തോന്നുന്നത്. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത യുദ്ധങ്ങളെ ഒരു ഉന്മാദരോഗമാക്കി പരിവര്‍ത്തിപ്പിച്ചു വളര്‍ത്തിയെടുക്കുന്ന സര്‍ക്കാരുകളും പാര്‍ട്ടികളും നാള്‍ക്കുനാള്‍ കൂടിവരുന്നു. സമാധാനത്തിലേക്കുള്ള ഏതു കാല്‍വെപ്പിനും തുരങ്കം വെയ്ക്കാന്‍ തിടുക്കം കൂട്ടുന്ന അവസരവാദ പാര്‍ട്ടികള്‍.
ഓര്‍വെല്‍ പറഞ്ഞതിലും അപ്പുറം കടന്ന് മതങ്ങളുടേയും മതമന്ദിരങ്ങളുടേയും പേരില്‍ വരെ നാടിനകത്തു തന്നെ നിരന്തരമായ ആഭ്യന്തരകലാപങ്ങള്‍ തന്നെ കൃത്രിമമായി സംഘടിപ്പിച്ച് സ്ഥിരമായി സംഘര്‍ഷാവസ്ഥ നില നിര്‍ത്തി വോട്ടുറപ്പാക്കലോളം കാര്യങ്ങള്‍ "പുരോഗമിച്ചിരിക്കുന്നു"

doublethink എന്ന് പറഞ്ഞാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് മനസ്സില്‍ അറിഞ്ഞു കൊണ്ടു തന്നെ അതിനു തീര്‍ത്തും വിരുദ്ധമായ കല്ലുവെച്ച നുണകള്‍ പൊതു വേദികളില്‍ പാര്‍ട്ടിക്കുവേണ്ടി സ്ഥാപിച്ചെടുക്കല്‍. ഇന്ത്യയില്‍, കേരളത്തില്‍ കഴിയുന്നവര്‍ക്ക് ഇതിനു ഉദാഹരണം ആവശ്യമേയില്ലല്ലോ. thoughtcrime എന്ന് പറഞ്ഞാല്‍, പാര്‍ട്ടി പറയുന്നതിനപ്പുറമുള്ള ഏതു ചിന്തയും ആ ഗണത്തില്‍ വരും. അത് കണ്ടെത്താനും നടപടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ വലിയേട്ടന് ഉണ്ട്.

ക്രിക്കെറ്റായാലും, അമ്പലവും പള്ളിയുമായാലും ഇതിന്‍റെ പേരിലുള്ള കോലാഹലങ്ങള്‍ക്ക് വേണ്ടി, അരിയെക്കാളും അന്നത്തെക്കാളും അതിന്‍റെ കുതിച്ചുയരുന്ന വിലയേക്കാളും ബേജാറ് കാണിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുന്ന‌തില്‍
വലിയേട്ടന്‍ വിജയിക്കുന്നു എന്ന് വരുന്നത് എത്ര മേല്‍ അസ്വസ്ഥജനകമാണ്.

A related read:

ദുരന്തങ്ങളെ വിസ്മൃതിയിലാഴ്ത്തുന്ന ക്രിക്കറ്റ് ജ്വരം

Saturday, March 12, 2011

വഴിയില്‍ കണ്ട പന്ത്രണ്ടുകാരന്‍





ആരാണ് നീ? ഇവിടെ എന്തു ചെയ്യുന്നു?
ഞാന്‍ സുനില്‍. ഞാന്‍ ഈ ഫ്ലാറ്റുകളില്‍ നിന്ന് ടിഫിനുകള്‍ ശേഖരിക്കുകയാണ്.

എന്ത് ടിഫിനുകള്‍?
ഞങ്ങള്‍ ഈ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാകി കൊടുക്കുന്നു. വൈകുന്നേരങ്ങളില്‍ ഞാന്‍ അവര്‍ക്ക് ഭക്ഷണം ഫ്ലാറ്റില്‍ കൊണ്ടുപോയി കൊടുക്കുന്നു. രാവിലെ വന്നു ഈ കാലി ടിഫിനുകള്‍ ശേഖരിക്കുന്നു.

അതാണോ നിന്‍റെ ജോലി?

അതെ, അല്ല. ഞാന്‍ സോണിയുടെ ഹോട്ടലില്‍ കുക്ക് ആണ്. അടുക്കളയില്‍ റൊട്ടി ഉണ്ടാകുന്ന പണിയാണ് എന്‍റെത്.

നിനക്ക് എത്ര വയസ്സായി?
12 .

ഒരു ദിവസം നീ എത്ര റൊട്ടി ഉണ്ടാക്കും?
800 നു മീതെ ഉണ്ടാക്കും.

നിനക്ക് എത്ര കൂലി കിട്ടും?
2000 കിട്ടും മാസം. അതെല്ലാം മണി ഓര്‍ഡര്‍ ആയി ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കും.

അച്ഛനും അമ്മയും? എവിടെയാണ് നിന്‍റെ വീട്?

മധ്യപ്രദേശിലെ, മോരേന ജില്ലയില്‍ ബാകപൂരില്‍ ആണ് എന്‍റെ വീട്. എന്‍റെ അച്ഛനു അര ഏക്കര്‍ ഭൂമി ഉണ്ട്. എനിക്ക് രണ്ടു സഹോദരിമാര്‍ ഉണ്ട്; അനിതയും, ശ്രീയും. രണ്ടു സഹോദരന്മാരും ഉണ്ട്. രാഹുലും രാജുവും. ഞാനാണ് ഏറ്റവും മൂത്തത്.

നീ പഠിച്ചിട്ടുണ്ടോ?

ഇല്ല എനിക്ക് എഴുതാനും വായിക്കാനും അറിയില്ല.

നീ ഒഴിവുസമയത്ത് എന്തു ചെയ്യുന്നു?

എനിക്ക് ഒഴിവുസമയം ഉണ്ടാവാറില്ല. ഞാന്‍ രാവിലെ 7.30 നു ജോലിക്ക് നിന്നാല്‍ രാത്രി വൈകിയിട്ടു വരെ ജോലിത്തിരക്കാണ്‌.

നീ എവിടെയാണ് ഉറങ്ങുന്നത്?

ഹോട്ടലിലെ അടുക്കളയില്‍.

നീന്‍റെ സ്വപ്നം എന്താണ്?

എനിക്ക് ഒരു ക്രിക്കെറ്റ് കളിക്കാരന്‍ ആവണം. ഞാന്‍ നല്ല ഒരു ബാറ്റ്സ്മാന്‍ ആണ്. എന്‍റെ ഗ്രാമത്തില്‍ ഞാന്‍ എപ്പോഴും കളിക്കുമായിരുന്നു. എനിക്ക് ബോള്‍ നല്ല ശക്തിയില്‍ അടിക്കാന്‍ അറിയാം. എന്‍റെ അടിയില്‍ ബോള്‍ പലപ്പോഴും കളിക്കളത്തിനു പുറത്തു, കാട്ടിലേക്ക് പറന്നു പോവാറുണ്ട്. എന്‍റെ അടിയില്‍ ഞങ്ങള്‍ക്ക്‌ 5 ബാളുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

നീന്‍റെ കയ്യിലെ വാച്ച് നല്ല ഭംഗിയുണ്ടല്ലോ?

അത് ഞാന്‍ 35 രൂപയ്ക്കു ഞാറാഴ്ച ചന്തയില്‍ നിന്ന് വാങ്ങിയതാണ്.

നിനക്ക് വീട് വിട്ടു നില്‍ക്കുന്നതില്‍ വിഷമമില്ലേ?

ഉണ്ട്. പ്രത്ത്യകിച്ചു എനിക്ക് ഏപ്പോഴും അമ്മയെ കാണണം എന്ന് തോന്നും.

നീ കരയാരുണ്ടോ?

ഒരിക്കലും ഇല്ല ചേട്ടാ. ഒരു വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ എവിടെ കിട്ടുമെന്ന് പറയാമോ? ഇവിടെ വന്ന ശേഷം ഞാന്‍ എന്‍റെ അമ്മയോടും അച്ഛനോടും സംസാരിച്ചിട്ടില്ല. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. നാനൂറു രൂപയ്ക്കു ഒരെണ്ണം കിട്ടുകയാണെങ്കില്‍ ഈ മാസാവസാനം നാട്ടില്‍ പോവുമ്പോള്‍ ഞാന്‍ അത് അവര്‍ക്ക് നല്‍കും. എങ്കില്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ വിളിച്ചു വര്‍ത്തമാനം പറയാമല്ലോ.

Friday, February 11, 2011

മേ ഗൂര്‍ഖാ ഹൈ! ഹും!! ഹൈ!!! ഹൈ!!!!


16000 രൂപയിലേറെ വിലയുള്ള സ്മാര്‍ട്ട്‌ ഫോണായിരുന്നു. നഷ്ടപ്പെട്ടിരിക്കുന്നു. അതോടൊപ്പം അമൂല്യമായ ഒരുപാട് ഫോട്ടോയും വീഡിയോയും. കഴിഞ്ഞ വെക്കേഷന്‍ കാലത്തിന്‍റെ തുടിക്കുന്ന ചിന്തുകള്‍.

തലക്കകത്ത് ഒരു കൊള്ളിയാന്‍ മിന്നി. പാന്‍റിന്‍റെ ഇടതു, വലതു, പിന്‍ പോക്കറ്റുകളിലും ഷര്‍ട്ടിന്‍റെ ഒരു പോക്കറ്റിന്‍മേലും രണ്ടു കൈകളും മാറി മാറി അമര്‍ത്തി നോക്കി. മൈക്ക്‌ള്‍ ജാക്സന്‍റെ ഒരു നൃത്ത-പോസിലെന്നപോലെ.

കാറിറങ്ങി ഓഫീസിലേക്കുള്ള പാതി വഴിയിലാണ്. എന്ത് ചെയ്യണം? ധൃതിയില്‍‍ മുന്നോട്ടു നടന്നു, ഓഫീസിലേക്ക് തന്നെ. എന്‍റെ അവസ്ഥ കണ്ട സഹപ്രവര്‍ത്തകന്‍ അഹമദ്‌ (യമനി) അവന്‍റെ ഫോണ്‍ എടുത്ത് എന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ടര്ര്ര്‍ , ടര്ര്ര്‍ , ടര്ര്ര്‍ , റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ആരും എടുക്കുന്നില്ല. പിന്നെയും ചെയ്തു. ഒന്നും ഇല്ല. അപ്പോള്‍ കേട്ടത്: "ആഫുഅന്‍..., "The number you've dialed cannot be reached at this time. please try later." പിന്നെയും ഡയല്‍ ചെയ്തു നോക്കുന്നു. ഇല്ല. ഓഫ്‌ തന്നെ. കിട്ടിയവന്‍ ഒരു തവണ റിംഗ് ചെയ്യുന്നത് കേട്ട ശേഷം ഫോണ്‍ സ്വിച് ഓഫ്‌ അക്കിക്കൊണ്ട് തന്‍റെ നയം വ്യക്തമാക്കിയിരിക്കുന്നു. ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു ചെറിയ ശ്രമം കൂടി നടത്തി നോക്കാം. കാര്യമൊന്നുമില്ലെങ്കിലും. ഉടനെ കാറെടുത്ത് ഒരു സുഹൃതുമൊന്നിച്ച് ഞാന്‍ വന്ന ടാക്സി പോയ വഴിയെ വെച്ച് പിടിക്കുന്നു. പക്ഷെ, പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.

ഡ്രൈവര്‍ ഒരു പാകിസ്ഥാനി, മുന്നിലെ സീറ്റില്‍ ഒരു ബംഗാളി, പിറകില്‍ എന്‍റെ അടുത്ത് ഒരു ഇന്ത്യക്കാരന്‍ തമിഴന്‍, ഇത്രയും പേര്‍ ആണ് ഞാന്‍ വന്ന ടാക്സിയില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. വഴിയില്‍ നിന്ന് വേറെ ആരെങ്കിലും പിന്നെ കയറാനുള്ള സാധ്യത വളരെ കുറവാണ്. അവര്‍ക്ക് അവരവരുടെ ഓഫീസിലേക്കെത്താന്‍ പിന്നെ കുറച്ചു ദൂരമേ ബാക്കിയുള്ളൂ. എന്ന് വെച്ചാല്‍, കിട്ടിയത്‌ ഒന്നുകില്‍ തമിഴന് അല്ലെങ്കില്‍ പാകിസ്ഥാനി ഡ്രൈവര്‍ക്ക്. രണ്ടു കൂട്ടരെയും എനിക്ക് പണ്ടേ വിശ്വാസമില്ല. ഇവരെപ്പറ്റി സങ്കുചിത മനസ്ഥിതിക്കാരായ ചില പരിചയക്കാര്‍ അവജ്ഞയോടെ സംസാരിക്കുമ്പോള്‍ "പുരോഗമനവാദിയും വിശാലമനസ്കനുമായ" ഞാന്‍ അവരെ എപ്പോഴും തിരുത്താറുണ്ട് എന്നത് സത്യം തന്നെ. പക്ഷെ, സ്വന്തം കാര്യം വരുമ്പോള്‍ എന്തു പുരോഗമന ചിന്ത, എന്ത് വിശാലമനസ്കത? എന്‍റെ ഫോണ്‍ എടുത്തത്‌ ഈ തമിഴനോ പാകിസ്ഥാനിയോ ആണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. ഏതായാലും അധികമൊന്നും ചുറ്റിത്തിരിയാതെ ഞാനും സ്നേഹിതനും തിരച്ചില്‍ നിര്‍ത്തി ഓഫീസിലേക്ക് തന്നെ തരിച്ചു പോന്നു.

ഇനിയിപ്പോള്‍, ആ മൊബൈല്‍ തന്നെ ബ്ലോക്ക്‌ ചെയത് കിട്ടിയവര്‍ക്കത് ഉപയോഗ്യമല്ലാതാക്കാന്‍ വഴിയുണ്ടോ എന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാം. ഇല്ല, അതിനും ഒരു വഴി കാണുന്നില്ല. അങ്ങിനെ ഞാന്‍ മ്ഴാന്നു വിഷാദം കൊണ്ടിരിക്കുമ്പോഴാണ് സഹൃദയനായ അഹമദ് അവന്‍റെ ഓഫീസില്‍ നിന്ന് എന്‍റെ നേരെ വീണ്ടും വരുന്നത്. അവന്‍ എന്‍റെ നമ്പറില്‍ വീണ്ടും ഡയല്‍ ചെയ്തതാണ്. ഒരാള്‍ ഫോണ്‍ എടുത്തിരിക്കുന്നു. അയാള്‍ പറയുന്നത് അഹമദിനും, അഹമദ് പറയുന്നത് അയാള്‍ക്കും മനസ്സിലാവുന്നില്ല. ഫോണ്‍ എന്‍റെ കയ്യില്‍ തന്നു അഹമദ്. അങ്ങേ തലക്കല്‍ നേപ്പാളിയായ ഡ്രൈവര്‍ ബസുവാന്. ഞങ്ങളുടെ കംപനിയിലെ ലോജിസ്റ്റിക്കില്‍ കോണ്ട്രാക്റ്റ് ബേസില്‍ ജോലി ചെയ്യുന്ന മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരന്‍‍. "ഇത് ആരാണ്?" ഞാന്‍ ചോദിച്ചു. "മെ, ബസു ആപ്ക കംപനിമേ..." "ആപ് ക ഫോണ്‍ ഹമാരെ പാസ് ഹൈ. റോഡ്‌ക്ക സൈഡ് മെ പടാ ഥാ." നിന്‍റെ ഫോണ്‍ എനിക്ക് കിട്ടിയിട്ടുണ്ട്. റോഡ്‌ സൈഡില്‍ കിടക്കുകയായിരുന്നു." ഒരു നിമിഷം! ഇവന് ഇത് എങ്ങിനെ കിട്ടിയെന്നും, ഇവന്‍ എങ്ങിനെ ഇതൊക്കെ അറിഞ്ഞെന്നും ഞാന്‍ വാ പൊളിച്ചു. യാദൃശ്ചികതയ്ക്ക് ഇത്ര യാദൃശ്ചികതയുണ്ടാവുമോ? ‍ വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് പറഞ്ഞപോലെ. കിട്ടിയ ഫോണില്‍ നിന്ന് അവന്‍റെ ഫോണിലേക്ക് ഡയല്‍ ചെയ്തു നോക്കിയപ്പോഴാണ് ബസുവിന് ഇത് എന്‍റെ ഫോണ്‍ ആണെന്ന് മനസ്സിലായത്‌. ഞാന്‍ ടാക്സിയിറങ്ങി നടക്കുന്ന സമയത്ത് എങ്ങിനെയോ എന്‍റെ കയ്യില്‍ നിന്നു തന്നെ റോഡില്‍ വീണു പോയതാണ്. എന്‍റെ കയ്യിലുള്ള ബാഗ്‌ തോളിലിട്ടപ്പോഴാവാം. ഫോണിന്‍റെ ഒരു സൈഡില്‍ വേറെ വാഹനം തട്ടി ചില്ലറ കേടുപടുണ്ട്. അപ്പോഴാവാം ആദ്യം സ്വിച് ഓഫ്‌ ആയ അറിയിപ്പ് വന്നത്. ഞാന്‍ പോക്കറ്റ് പരതി വെപ്രാളപ്പെട്ട് നിന്ന നേരത്ത്, രണ്ടടി പിറകോട്ടു താഴെ നോക്കി നടന്നിരുന്നെങ്കില്‍ സാധനം കേടു കൂടാതെ തിരികെ കിട്ടുമായിരുന്നു.

ഭയങ്കര ബുദ്ധിമാന്‍ തന്നെ എന്നാണല്ലോ ഞാന്‍ എന്നെക്കുറിച്ച് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടായിരിക്കാം ഞാന്‍ നേരെ മുന്‍പോട്ടു തന്നെ നടന്നത്. കള്ളന്മാരെ കൂര്‍മബുദ്ധിയായ ഞാന്‍ ഇതിനകം തന്നെ മനസ്സില്‍ കണ്ടു പിടിച്ചു തീരുമാനിച്ചു കഴിഞ്ഞിരുന്നല്ലോ. പിന്നെ എന്തിനു പിറകോട്ടും മുന്‍പോട്ടും ഒക്കെ ആലോചിക്കണം? സ്ഫോടനം നടന്നാലുടനെ പ്രതികള്‍ ആരെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ കുറ്റാന്വേഷകരെക്കാള്‍ സ്മാര്‍ട്ടല്ലേ ഞാന്‍.

അങ്ങിനെ ബസു നല്‍കിയ വെളിപാട് കേട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെയെന്നോ മറ്റോ പറയാവുന്ന ഒരു നില്‍പ്പ് നിന്നു ഞാന്‍. പാക്കിസ്ഥാനി ഡ്രൈവറെയും അണ്ണനെയും മനസ്സില്‍ പറഞ്ഞ തെറിയെല്ലാം ഞൊടിയിടയില്‍ ഞാന്‍ തിരിച്ചെടുത്തു. അടുത്ത ദിവസം രാവിലെ ടാക്സി നില്‍ക്കുന്ന ജംഗ്ഷനില്‍ ചെന്ന് പാക്കിസ്ഥാനിയെയും തമിഴനെയും ഒന്ന് എന്‍കൌണ്ടര്‍ ചെയ്യണം എന്ന് മനസ്സില്‍ വിശദമായി പ്ലാന്‍ ഇട്ടിരുന്നതാണ്. രണ്ടു പേരെയും അവിടെ വെച്ച് രാവിലെ കാണാറുണ്ട്‌. ഏതായാലും ആ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ഒരു സീന്‍ ഉണ്ടാക്കി തടി കേടാവാതിരിക്കാനും ദൈവം തുണച്ചു. ബസു തുണച്ചു.

മറ്റുള്ളവരുടെ സത്യസന്ധതയെ സംശയത്തോടെ കാണുകയും, നന്മകളുടേയും മൂല്യങ്ങളുടേയും മൊത്തക്കുത്തകയും മൊണോപൊളിയും എനിക്കാണെന്നു സ്വയം ഭാവിച്ചു നടക്കുകയും ചെയ്യുന്ന എന്‍റെ അഹന്തയുടെ ബലൂണില്‍ പതിച്ച ഒരു സൂചിമുനയായിരുന്നു ഈ സംഭവം.

Monday, February 7, 2011

മീനച്ചിലാറിന്‍റെ ശോകവും, നൈല്‍ നദിയുടെ ക്ഷോഭവും


ഫറോവമാര്‍ക്ക് മേല്‍ സാഗരങ്ങള്‍ ഗര്‍ജ്ജിക്കുമ്പോള്‍
ബിന്‍ അലിയുടെ പലായനം ഒരു നിമിത്തം മാത്രമായിരുന്നു. തുനിഷ്യന്‍ സ്വേഛാധിപതി ബഹുജന പ്രക്ഷോഭത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ നാട് വിട്ടപ്പോള്‍ തന്നെ പിരമിഡുകളുടെ നാട്ടിലെ അമേരിക്കന്‍ പാവ ഹുസ്നി മുബാറക്ക്‌ ചരിത്രത്തിന്‍റെ ചുവരെഴുത്ത് വായിച്ചു കഴിഞ്ഞിരുന്നു. പക്ഷെ അത് ഇത്ര പെട്ടെന്ന് ഇത്രമേല്‍ ശക്തമായി ഒരു മഴവില്‍ വിപ്ലവമായി ചക്രവാള സീമകള്‍ കയ്യടക്കുമെന്ന് ടിയാന്‍ സ്വപ്നേപി നിനച്ചിരിക്കില്ല. ‍ഏതായാലും ചരിത്രം അതിന്‍റെ പ്രതികാരനിര്‍വഹണത്തില്‍ ഒരിക്കലും പിറകോട്ടു പോവാറില്ല. അത് അനുസ്യൂതമായി തുടരുക തന്നെ ചെയ്യും, നൈല്‍ നദിയിലെ ഒഴുക്കുപോലെ. ലോകപോലിസുകാരന്‍റെ ചിറകിനടിയില്‍ എത്ര പോയൊളിച്ചാലും അത് അലകളായ് വന്ന് എല്ലാം തൂത്തെറിയും. കാത്തിരിക്കുകയാണ്, പ്രവാചകന്‍ മൂസയുടെ (മോശെയുടെ) വിമോചന കാഹളത്തിന്‍റെ പുതിയ കൊമ്പുവിളികള്‍ വിണ്ണില്‍ മുഴങ്ങുന്നു. സാഗരങ്ങള്‍ വീണ്ടും പിളരാന്‍ വെമ്പി കാത്തു നില്‍ക്കുന്നു. നോക്കൂ. നൈല്‍ നദീ തടങ്ങളില്‍ ചരിത്രം പിന്നെയും വിരേതിഹാസം രചിക്കയായി. ചെവിയോര്‍ക്കുക, കണ്ണ് ചിമ്മാതെ കാത്തിരിക്കുക, നാം കടന്നു പോവുന്ന ഈ ചരിത്രമുഹൂര്‍ത്തം അത്ര മേല്‍ ഉന്നതമാണ്. അത് കണ്ണിലും കരളിലും ഖല്‍ബിലും രേഖപ്പെടുത്തുക.


റാഹേലും എസ്തയും വരുന്നു.
എഴുത്തിലെ മാസ്മരിക സ്പര്‍ശം കൊണ്ടും, അതിരുകള്‍ അപ്രസക്തമാക്കുന്ന ചിന്തയുടെ ഔന്നത്യം കൊണ്ടും വായനാലോകത്തിന്‍റെ തീരാ വിസ്മയമായി മാറിയ പ്രിയപ്പെട്ട എഴുത്തുകാരി അരുന്ധതി റോയ് കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിക്കുകയുണ്ടായി. തന്‍റെ The God Of Small Things ഡി സി ബുക്സ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കുവാനായിരുന്നു അവര്‍ വന്നത്.
റാഹേലും, എസ്തയും ഇനി അവരുടെ മാതൃഭാഷയായ മലയാളത്തില്‍ സംസാരിക്കും എന്നാണ് അരുന്ധതി പറഞ്ഞത്.

റാഹേലും എസ്തയും അയ്മനത്ത് മീനച്ചിലാറിന്‍റെ തീരങ്ങളിലാണ് വളര്‍ന്നത്‌. 40 തിലധികം ലോകഭാഷകളില്‍ ഈ പുസ്തകത്തിനു പരിഭാഷ ഇറങ്ങിയെങ്കിലും, 1997 ല്‍ ഇറങ്ങി ബുക്കര്‍ പ്രൈസ്‌ വാങ്ങിയ ഈ ലോകനിലവാരത്തിലുള്ള കൃതിക്ക് ഇപ്പോഴാണ് അതിലെ കഥാപാത്രങ്ങളുടെ സ്വന്തം ഭാഷയില്‍ പുസ്തകം ഇറങ്ങുന്നത്. റാഹേലും, എസ്തയും ഇരട്ടക്കുട്ടികള്‍. അരുന്ധതിയുടെ ആത്മാംശം കലര്‍ന്ന കഥ. മറ്റൊരു മുഖ്യ കഥാപാത്രം "വെളുത്ത", കീഴാള ജാതിക്കാരനായ, പേരിന്‍റെ ‌വിപരീത നിറമുള്ള കറുത്തവന്‍. ചടങ്ങില്‍ വെച്ച് അരുന്ധതി കാര്യമായും പറഞ്ഞത് മലയാളികള്‍ ഈ നോവലിനെ അതിന്‍റെ യഥാര്‍‍ത്ഥ സത്തയില്‍ ഒന്നുകൂടി മനസ്സിരുത്തി അറിയണം എന്നായിരുന്നു. ഇത് കേവലം ഒരു പ്രണയ കഥയല്ല. മറിച്ച് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് ആണ് എന്നായിരുന്നു.

നക്സല്‍ ഉണര്‍വിന്‍റെ, കാലത്തിന്‍റെ പാശ്ചാതലത്തിലാണ് കഥ തുടങ്ങുന്നത്. അത് പിന്നെ വിമോചന സമരകാലത്തിലേക്ക് ഇടയ്ക്ക് പിറകോട്ടു സഞ്ചരിക്കുന്നുണ്ട്. ഇ.എം.എസ്സിനെ "running dog" "Soviet stooge" എന്നൊക്കെ നോവലില്‍ അപഹസിക്കുന്നുണ്ട് എന്ന ഒരു ആരോപണം ഇടതു സുഹൃത്തുക്കള്‍ അരുന്ധതിക്കെതിരെ ഉന്നയിച്ചിരുന്നു ഈ പുസ്തകത്തിന് അവര്‍ക്ക് ബുക്കര്‍ പ്രൈസ് കിട്ടി അവര്‍ നക്ഷത്ര നഭസ്സിലേക്കുയര്‍ന്ന കാലത്ത് തന്നെ. യഥാര്‍ത്ഥത്തില്‍, തീവ്ര ഇടതുപക്ഷക്കാര്‍ ഇ.എം.എസ്സിന് ചാര്‍ത്തിയ ചില വിശേഷണങ്ങള്‍ സാന്ദര്‍ഭികമായി കഥയില്‍ ഉദ്ധരിക്കുകയായിരുന്നു എന്ന സത്യം അവര്‍ വിസ്മരിച്ചു.

"വെളുത്ത" കീഴാള വിഭാഗമായ പറയ സമുദായത്തില്‍ പെട്ടയാളാണ്. റാഹേലിന്‍റെ മുത്തശ്ശി മമ്മാച്ചി ഒരു ഘട്ടത്തില്‍ റാഹേലിനോടും എസ്തയോടും ഓര്‍ത്ത്‌ പറയുന്നുണ്ട് അവരുടെ കുട്ടിക്കാലത്തെ കാഴ്ചകളെ പറ്റി. അന്ന് വെളുത്തയുടെ സമുദായക്കാര്‍ നടക്കുമ്പോള്‍ പിറകില്‍ ഒരു ചൂല് കെട്ടിയിട്ടാണ് നടക്കുക. അവര്‍ നടക്കുന്ന കാലടിപ്പാടുകള്‍ ആ നടത്തത്തില്‍ തന്നെ മായ്ഞ്ഞു പോവാന്‍ വേണ്ടിയാണത്. കാരണം ബ്രാഹ്മണരും, സവര്‍ണ്ണ സിറിയന്‍ ക്രിസ്ത്യാനികളും ആ കാല്‍പാടുകളില്‍ അറിയാതെ ചവിട്ടി സ്വയം ആശുദ്ധമാവാതിരിക്കാന്‍ വേണ്ടി. പിന്നോക്ക ജാതിക്കാര്‍ അവരവരുടെ മേനിയില്‍ തന്നെ ഒരു ചൂല് കെട്ടി താഴ്ത്തിയിട്ടു തങ്ങളുടെ അശുദ്ധ കാലടിപ്പാടുകള്‍ നടത്തത്തില്‍ തന്നെ മായ്ച്ചു കളയണം എന്നത് അക്കാലത്തെ ഒരു അംഗീകൃത നിയമമായിരുന്നു.
ഇങ്ങിനെ അതി ശക്തമായ രാഷ്ട്രീയ മാനങ്ങളുള്ള ഈ കൃതി മലയാളത്തില്‍ ഇറങ്ങുന്നതോടെ അത് കൂടുതല്‍ വായിക്കപ്പെടാനും, വിലയിരുത്തപ്പെടാനും ഇടയാവട്ടെ. paulo coelho എന്നൊക്കെ പറഞ്ഞു മേനി നടിക്കുന്ന നമ്മള്‍ മലയാളികള്‍ പക്ഷെ അരുന്ധതി റോയ് എന്ന മലയാളി നക്ഷത്രത്തെ അറിയേണ്ട വിധം ഇനിയും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
*******************
Links to download free and read some of the works by Arundhati Roy
THE GREATER COMMON GOOD

Saturday, January 22, 2011

പാലപ്പൂമണം കാറ്റില്‍ പരന്ന നാള്‍


ഇന്‍ബോക്സില്‍ പുതുതായി വന്നു കിടക്കുന്ന ഒരു ഇ-മെയില്‍, അയച്ച ആളുടെ പേരിനു താഴെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളുടെ പേര്. അവാച്യമായ ഒരനുഭൂതി അത് നല്‍കുന്നു. അത് കൊണ്ടു വരുന്ന വാര്‍ത്ത സന്തോഷത്തിന്‍റെതാവാം സന്താപത്തിന്‍റെതാവാം. പക്ഷെ, വന്നു കിടക്കുന്ന കുറിമാനത്തിന് ജീവന്‍ തുടിയ്ക്കുന്ന ഒരാത്മാവുണ്ട്.

അത് അങ്ങിനെയായിരുന്നു, അന്നും, അത് കടലാസില്‍ ചുരുണ്ട് കൂടി വിവിധ വര്‍ണ്ണങ്ങളുടെ കുപ്പായമണിഞ്ഞു വന്ന കാലത്തും. അല്ല, അന്ന് ഇതിലേറെ വശ്യമായിരുന്നു അതിന്‍റെ അകംപുറ കാഴ്ചകള്‍. അന്ന് നിങ്ങള്‍ അതിനെ തൊട്ടു താലോടിയറിഞ്ഞിരുന്നു. ചിലപ്പോഴത് സുഗന്ധവാഹിയായി, മറ്റു ചിലപ്പോള്‍ സല്ലാപം ചൊരിയുന്ന സുഹൃത്തായി, സാന്ത്വനമായി.

ഓരോരുത്തരുടെ കത്തുകള്‍ക്കും അവരവരുടെ മുഖങ്ങള്‍ പോലെ വ്യത്യസ്തമായ കയ്യക്ഷരങ്ങള്‍ പകരുന്ന ഒരു ജീവന്‍ ഉണ്ടായിരുന്നു. ‍അതിലെ ഒരു കുത്തും കോമയും വരെ അത് എഴുതിയ വ്യക്തിയെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ചു. മൈക്രോസോഫ്റ്റ്‌ നല്‍കുന്ന മനോഹര(!) ലിപികള്‍കൊണ്ട് അതിനു പകരം വെയ്ക്കാനാവുമോ?

കാത്തിരിക്കാറുണ്ടായിരുന്നു നിങ്ങള്‍, കാക്കിയണിഞ്ഞു കുട ചൂടി വരുന്ന ആ ചെറുപ്പാക്കാരനെ, അതെ, ചിലപ്പോള്‍ വയസ്സനെ. ഇടവഴിയില്‍, റോഡില്‍, കവലയില്‍, പാടവരമ്പില്‍, പ്രത്യക്ഷപ്പെടുന്നത് കാണാന്‍, കുന്നിറങ്ങി വരുന്നത് കാണാന്‍, കുറിമാനത്തിന്‍റെ കെട്ടുകള്‍ അടുക്കി വെച്ച ബാഗുമായി.

വെയിലില്‍, കുളിരില്‍, മഴയില്‍, മഞ്ഞില്‍, മിഴികള്‍ തുറന്നു നിങ്ങള്‍ എത്ര കാത്തു നിന്നില്ല! അങ്ങകലെ, പുഴക്കടവിറങ്ങി, അവന്‍റെ രൂപം തെളിഞ്ഞു വരുന്ന നിമിഷം നിങ്ങളുടെ ഹൃദയത്തില്‍ തുടികൊട്ടുകള്‍ എത്ര ഉയര്‍ന്നില്ല! അതെ, ചിലപ്പോഴത് സന്ദേഹങ്ങളുടെ പെരുമഴക്കാറായ്‍ നിറഞ്ഞു.

അത് അങ്ങിനെയായിരുന്നു. ഒരു വിരലമര്‍ത്തലിന്‍റെ ദൂരത്ത് പ്രിയപ്പെട്ടവര്‍ വിശേഷങ്ങള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങുന്ന കാലത്തിനും മുന്‍പ്, ഈ മനോഹരമായ ടാറിട്ട റോഡുകള്‍ അതിനു മുന്‍പ് ചെമ്മണ്‍ പാതകളായി രൂപപരിണാമം പ്രാപിയ്ക്കും മുന്‍പ്, അതിന്‍റെ ആദിരൂപമായ ഇടവഴികള്‍ അനാദിയായ സര്‍പ്പങ്ങളെപോലെ, ഗ്രാമമേനിയിലെ ജീവരക്ത വാഹിനികളായ നാഡി ഞരമ്പുകള്‍ പോലെ വളഞ്ഞു പുളഞ്ഞു കിടന്ന കാലം. കുണ്ടനിടവഴികളില്‍ കൈവഴികള്‍ പിരിയുന്നിടങ്ങളില്‍ പാമ്പുകള്‍ ഇണ ചേര്‍ന്ന കാലം‍, വഴിയരികില്‍ പൂത്തു പടര്‍ന്നു മാദക സുഗന്ധം പരത്തിയ പാലമരക്കൊമ്പില്‍ യക്ഷികള്‍ കുടി പാര്‍ത്ത കാലം, അതും കഴിഞ്ഞുള്ള നാലും കൂടിയ തിരിവില്‍ ജിന്നുകള്‍ പതിയിരുന്ന് മന്ത്രിച്ചു വിളിച്ച കാലം, അവരോടു കലഹിച്ചും, പിന്നെ കഥ പറഞ്ഞും നിങ്ങള്‍ കൂടണഞ്ഞ കാലം.

കാലവര്‍ഷം കൂലം കുത്തിയൊഴുകി വന്ന നടവഴികളിലെ നീര്‍ച്ചാലുകള്‍ നീന്തി, ഇരുപുറവും നിറഞ്ഞ പറക്കെട്ടിനാല്‍, വൃക്ഷലതാതികളാല്‍ ഇരുട്ട് വീണ, തണുത്തുറഞ്ഞ കല്ലുവെട്ടിടവഴികളും കടന്നു, നടക്കാന്‍ പേടിയാവുന്ന തങ്ങളുപ്പാപാന്‍റെ ഇടവഴിയും അതിനപ്പുറത്തെ സര്‍പ്പക്കാവും ചുറ്റി, എല്ലാ ദുര്‍ഘട വഴികളും താണ്ടി അവന്‍ വന്നു, തന്‍റെ കുറിമാനക്കെട്ടുകളുമായി, നിങ്ങളുടെ ഊരും പേരും പരതി.

അവന്‍ വന്നു, വീട്ടമ്മയുടെ കാതങ്ങള്‍ക്കകലെയുള്ള, കടലുകള്‍ക്കക്കരെയുള്ള വീട്ടുകാരന്‍റെ
വിശേഷങ്ങളുമായി, അവന്‍റെ ആത്മാവില്‍നിന്നുയിര്‍കൊണ്ട വാക്കുകളുമായി, പേനയില്‍ നിണം നിറച്ചെഴുതിയ അക്ഷര ദൂതുമായി. അതിനു വിയര്‍പ്പിന്‍റെ ഗന്ധമുണ്ടായിരുന്നു, നിരാശയുടെ നനവുണ്ടായിരുന്നു, ആശയുടെ കനവുണ്ടായിരുന്നു, വിരഹത്തിന്‍റെ വേദനയുണ്ടായിരുന്നു.

അത് വായിച്ചു, വീണ്ടും വായിച്ചു അണ പൊട്ടിയ അവളുടെ മിഴിനീര്‍ കടലാസില്‍ പകര്‍ന്നു മഷി കലങ്ങുമ്പോള്‍ അവളുടെ കൈ പിടിച്ചു താഴെ നിന്നൊരു ബാലന്‍ സീമാതീതമായൊരു സങ്കടത്തില്‍ തന്‍റെ കുഞ്ഞു കൈകള്‍ കൊണ്ടവളെ ആലിംഗനം ചെയ്തിരുന്നു. ആപ്പോള്‍ അവളുടെ മിഴികളില്‍ നിന്നടര്‍ന്നു അവന്‍റെ മൂര്‍ദ്ധാവില്‍ വീണ കണങ്ങള്‍ക്ക് ഉഷ്ണമഴയുടെ ചൂടുണ്ടായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു, പിന്നെ കലാലയവീഥിയുടെ തണല്‍മരച്ചുവട്ടില്‍ നിങ്ങളുടെ പ്രിയ കൂട്ടുകാരി തന്‍റെ പുസ്തകത്തിലെ പൂവിന്‍ദളങ്ങളമര്‍ത്തി കാത്തുവെയ്ക്കുന്ന പേജ് തുറന്ന് കവറില്ലാതെ മടക്കി വെച്ച കടലാസില്‍ ആദ്യമായ് തന്ന പ്രണയലേഖനത്തിന് ചെമ്പകപ്പൂവിന്‍റെ മണമുണ്ടായിരുന്നു.

പിന്നെ, ഒരു ഇടവ മാസത്തിലെ മഴക്കാലത്ത്, ഇറയത്ത്‌ വരിയൊപ്പിച്ചു വീഴുന്ന മഴനൂലിഴകള്‍ നോക്കി അറിയാത്തൊരു ശോകത്തില്‍ ലയിച്ചിരിക്കെ പോസ്റ്റ്‌ മാന്‍ കുട ചൂടി വന്നു പാതി നനഞ്ഞൊരു കവറില്‍ കൊണ്ടു വന്ന ജോലി നിയമന ഉത്തരവ്, കടലിനക്കരെ നിന്ന് വന്നെത്തിയ വിസയുടെ ഒരു കടലാസ്.

കൂകിപ്പായുന്ന തീവണ്ടിയില്‍ സമാന്തരമായി അറ്റമില്ലാതെ നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങള്‍ക്കൊപ്പം സഞ്ചരിച്ചും , ലോഹച്ചിറകില്‍ വിണ്ണിലുയര്‍ന്ന് അനന്തവിശാലതയില്‍ പറന്നും, ദേശാന്തര പ്രയാണങ്ങളില്‍, വീണേടം വിഷ്ണുലോകം തീര്‍ക്കുമ്പോഴും നാടിന്‍റെ സ്പന്ദനങ്ങള്‍ നിങ്ങള്‍ പങ്കു വെച്ചത് ഈ കടലാസിലായിരുന്നു. നിങ്ങളുടെ സന്തോഷവും സല്ലാപവും, സങ്കടവും സാന്ത്വനവും, ആശയും നിരാശയും അന്ന് ആ പോസ്റ്റുമാന്‍റെ ബാഗിനകത്ത്‌ ഒരുമയോടെ തൊട്ടുരുമ്മിക്കിടന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അധികം അകലമില്ലാത്ത പോലെ.

പിന്നീട് മാറി മറിഞ്ഞ ഭൂമിശാസ്ത്രങ്ങള്‍, കാലം കൊണ്ടു വന്ന മാറിയ കുറിമാന കാഴ്ചകള്‍, ഇലക്ട്രോണിക് മെയില്‍, മൊബൈല്‍ എസ്.എം എസ് എന്നിങ്ങിനെ. പഴയ പോസ്റ്റ്മാന്‍ ആ ഇടവഴിയോടൊപ്പം, ആ ജിന്നുകള്‍ക്കും യക്ഷികള്‍ക്കുമൊപ്പം കാലത്തിന്‍റെ വിസ്മൃതിയില്‍ എവിടെയോ ലയിച്ചു ചേര്‍ന്നു. ഇന്ന് ആരും അതേ ആകാംഷയില്‍ അവനെ കണ്മിഴിച്ചു കാത്തിരിക്കാറില്ല.

പക്ഷെ, ഇന്നും വന്നു കിടക്കുന്നൊരു ഇ-മെയിലില്‍ ഹൃദയത്തിലുള്ളൊരാളുടെ പേര് കാണുമ്പോള്‍, അങ്ങിനെയുള്ളൊരു എസ്.എം.എസ് കാണുമ്പോള്‍ നിങ്ങള്‍ ഇതെല്ലാം ഇങ്ങിനെ വെറുതെ ഓര്‍ത്തു പോവും. അത് അയച്ച ആളുടെ അന്ന് പരിചയമുണ്ടായിരുന്ന ആ കയ്യക്ഷരം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കും. പണ്ട് കണ്ടു മറന്ന ഒരാളുടെ മുഖം ഓര്‍മയില്‍ വീണ്ടും പരതി തെളിയിച്ചെടുക്കാന്‍ വെറുതെ ശ്രമിക്കുംപോലെ.

വെറുതെ!

Images: Google

Saturday, January 15, 2011

ഓര്‍മ്മകള്‍ ഇല്ലാതിരിക്കണം


ഇന്നലെയുടെ കഷ്ടനഷ്ടങ്ങളോര്‍ത്ത്‌ കണ്ണീര്‍ പൊഴിക്കുന്നതും, നാളെയുടെ അന്നവും ആരോഗ്യവുമോര്‍ത്ത് വെറുതെ വ്യാകുലപ്പെടുന്നതും വ്യര്‍ത്ഥ വ്യായാമങ്ങളാണെന്നും, ഇന്നിനെ മാത്രം ധ്യാനിക്കുന്നവന്‍ ധന്യനെന്നും അരുള്‍ ചെയ്ത ആചാര്യന്‍റെ വചനങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ടാണ് അയാള്‍ ഇന്നില്‍, ഈ നിമിഷത്തില്‍ മാത്രം ചിന്തിക്കാനും അതില്‍ മാത്രം ജീവിക്കാനും മനസ്സുറപ്പിച്ചത്.

അതിനടുത്ത ദിവസം രാവിലെ, പതിവുപോലെ പത്രമെടുത്ത് നിവര്‍ത്തിയ അയാളെ എതിരേറ്റത് തലേ ദിവസത്തെ കൊള്ളിവെയ്പ്പുകളും, കൊലപാതകങ്ങളും, കവര്‍ച്ചകളും, കര്‍ഷക ആത്മഹത്യകളും പിന്നെ പീഡന കഥകളുമായിരുന്നു. അഭിവന്ദ്യ ആചാര്യന്‍റെ മഹത് വചനങ്ങള്‍ മായാതെ മനസ്സിലുളളതിനാല്‍ അതൊന്നും അയാളെ ഒട്ടും ഉലച്ചില്ല. ഇത്ര പെട്ടെന്ന് ഇന്നലേകളെ വിസ്മൃതിയുടെ ചവറ്റുകൂനയില്‍ തള്ളാന്‍ തന്നെ പ്രാപ്തനാക്കിയ ആചാര്യനോടുള്ള ആദരവില്‍ അയാളുടെ ഹൃദയം പിന്നെയും തരളിതമായി. അന്നു വരെ ശരിയായ ഉറക്കം എന്തെന്നറിഞ്ഞിട്ടില്ലാതിരുന്ന അയാള്‍ക്ക് ജീവിതത്തില്‍ അന്നാദ്യമായി സുന്ദര സ്വപ്നങ്ങളുടെ സുഖനിദ്രയില്‍‍ അപ്സരസ്സുകള്‍ കൂട്ടിനെത്തി.

തൊട്ടടുത്ത ദിവസവും രാവിലത്തെ ചൂടുള്ള ചായ നുകരാനിരിയ്ക്കെ അയാള്‍ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രകൃതിയോടു ചെയ്തു വരുന്ന പീഡനങ്ങള്‍ക്ക് പിറകെ അനിവാര്യമായും വരാന്‍ പോവുന്ന പ്രളയങ്ങളെപ്പറ്റിയും വരള്‍ച്ചയെ പറ്റിയും സവിസ്തരം‍ വായിച്ചു. സ്വന്തത്തെ പറ്റിയെന്ന പോലെ മറ്റുള്ളവരെപ്പറ്റിയും, മറ്റുള്ളവയെ പറ്റിയും നാളെ എന്താവുമെന്നോര്‍ത്ത് തന്‍റെ വിലപ്പെട്ട സമയം പാഴാക്കുന്ന പഴയ ആളല്ലല്ലോ ഇന്നയാള്‍. അത്കൊണ്ടൊക്കെ തന്നെയാണ് അപ്പറഞ്ഞതൊക്കെ ഒരു സയന്‍‍സ് ഫിക്`ഷന്‍ കഥ കണക്കെ ആസ്വദിച്ചു വായിച്ചു തള്ളാന്‍‍ അയാള്‍‍ക്ക്‌ കഴിഞ്ഞത്.

അന്നത്തെ പത്രത്തില്‍‍ അയാള്‍ വായിച്ചത് മുലപ്പാലിലെ ജീനുകളെ വേര്‍ത്തിരിച്ചെടുത്ത ശേഷം അരിയില്‍ സന്നിവേശിപ്പിച്ച് പേറ്റന്‍റെടുത്ത് കച്ചവടമാക്കാന്‍ കോപു കൂട്ടുന്ന കോര്‍പറേറ്റുകളുടെ ത്രസിപ്പിക്കുന്ന അപസര്‍പ്പക കഥകളായിരുന്നു. പിറവിയുടെ ആദി ജനിതക തലങ്ങളില്‍ പോലും അധിനിവേശം നടത്താന്‍ കച്ച കെട്ടുന്ന മനുഷ്യ ദുര വിളിച്ചു വരുത്താന്‍ പോവുന്ന സര്‍വ്വ നാശം അയാളെ തെല്ലും അസ്വസ്ഥനാക്കിയില്ല. കാരണം നാളെയെ പറ്റിയുള്ള ആകുലതകളില്‍ നിന്ന് ഇതിനകം അയാള്‍ മുക്തനായി കഴിഞ്ഞിരുന്നല്ലോ.

അന്നു രാത്രിയിലും അപ്സരകന്യകള്‍ സ്വപ്നത്തേരില്‍ അയാളെ ആകാശങ്ങള്‍‍ക്കപ്പുറത്തേക്ക് ആനയിച്ചു. അവിടെ വെച്ച് തന്‍റെ ആചാര്യന്‍ സുസ്മേരവദനായി സൌമ്യനായി അയാള്‍ക്കരികെ വന്നു. സര്‍‍വ്വ മോക്ഷത്തിന്‍റെ വാതായനങ്ങള്‍ അയാള്‍‍ക്ക്‌ വേണ്ടി തുറക്കപ്പെട്ടതിന്‍റെ സത്`വാര്‍‍ത്ത അറിയിച്ചു.

അടുത്ത ദിവസം സുര്യകിരണങ്ങള്‍ പരന്നു തുടങ്ങുമ്പോള്‍ ഒരു കാല്‍‍വിരല്‍ റോഡില്‍ തട്ടിച്ചു നിന്ന് തന്‍റെ സൈക്കിള്‍ ബാലന്‍‍സ് ചെയ്ത് നിര്‍ത്തി അന്നത്തെ പ്രഭാത പത്രം അയാളുടെ മുറ്റത്തേക്കു നീട്ടിയെറിയുന്ന ചെറുക്കനോട് അടുത്ത ദിവസം മുതല്‍‍ പത്രം വേണ്ട്തില്ലെന്ന് അയാള്‍ ഉയര്‍‍ന്ന മതിലിനിപ്പുറത്തു നിന്ന് കൈ കൊണ്ടാംഗ്യം കാണിച്ച് ഉച്ചത്തില്‍ വിളിച്ചറിയിച്ചു. അതിനു ശേഷം ഇനി ലൈവ് റിയാലിറ്റി വിനോദ പരിപാടികള്‍ ‍കാണിക്കുന്ന ചാനലുകള്‍‍ മാത്രം തനിക്കു മതിയെന്ന് TV കേബ്ള്‍ ഓപറേറ്ററോട് ഫോണ്‍ ചെയ്തറിയിച്ചു. കാരണം അയാള്‍ ജീവിതം ആഘോഷിക്കുകയായിരുന്നു, ഓരോ നിമിഷവും.

കഴിഞ്ഞതിനെയോര്‍‍ത്ത്‌ കരഞ്ഞും വരാന്‍ പോവുന്നതിനെയോര്‍ത്ത്‌ ഭയന്നും, നിരന്തരം ആധി കൊണ്ടിരുന്ന മനസ്സിന്‍റെ തടവറയില്‍ നിന്ന് അയാളുടെ ആചാര്യന്‍ അപ്പോഴേക്കും അയാളെ പൂര്‍ണ്ണമായും മോചിപ്പിച്ചിരുന്നല്ലോ.

Image from: Google