Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, October 28, 2012

മഴക്കാല മേഘം



 പെട്ടെന്നുള്ള യാത്രയായിരുന്നു. സീസന്‍ സമയല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ ടിക്കറ്റിനു നെട്ടോട്ടമോടേണ്ടി വന്നേനെ. താമസിച്ചെത്തുന്നതിനും, യാത്ര തടസ്സപ്പെടുന്നതിനും കുപ്രസിദ്ധമാണ് എയര്‍ ഇന്ത്യ വിമാനം. അതു കൊണ്ടു തന്നെ ടിക്കറ്റ്‌ കിട്ടിയത് സൗദി എയര്‍ലൈന്‍സിനാണ് എന്നത് ആശ്വാസമായി തോന്നി. എക്കണോമി ക്ലസ്സിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത് എങ്കിലും അവിടത്തെ തിരക്ക് ഒഴിവാക്കാനായിരിക്കാം സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന എക്സിക്യുട്ടിവ് ക്ലാസ്സിലേക്ക് മാറിയിരിക്കാമെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു.

വിന്‍ഡോ സീറ്റില്‍ ഭാര്യ ഇരുന്നു. തൊട്ടടുത്ത സീറ്റില്‍ ഞാനും. യാത്ര തുടങ്ങുമ്പോള്‍ പതിവുള്ള ഉത്സാഹം അവളുടെ മുഖത്ത് കണ്ടില്ല. സീറ്റില്‍ തികച്ചും മൌനിയായിരുന്നു അവള്‍. പ്രായത്തില്‍ കവിഞ്ഞ അവശത അവളുടെ മുഖത്തു നിഴല്‍ വീഴ്ത്തിയിരുന്നു.

ഉമ്മയുടെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നില്ല . എന്നാലും ആശുപത്രിയില്‍ മരുന്നും ചികിത്സയുമായി മല്ലിട്ട ഉമ്മയെ ജീവനോടെ ഒരു നോക്ക് കൂടി കാണണം എന്ന് മോഹിച്ചിരുന്നു.

തലേ ദിവസം രാത്രി അത്ര വൈകി ജ്യേഷ്ഠന്റെ ഫോണ്‍ വിളി വന്നപ്പൊഴേ അതുറപ്പിച്ചിരുന്നു. ആയുസ്സിന്റെ കണക്ക്‌ പുസ്തകം അതിന്‍റെ ഗണിതങ്ങളില്‍ കടുകിട പിഴവ് വരുത്താറില്ലല്ലോ.

ജ്യേഷ്ഠന്‍ വാക്കുകളുടെ വളച്ചു കെട്ടലുകളില്‍ സാന്ത്വനിപ്പിക്കാന്‍ മിനക്കെടാതെ പറഞ്ഞു. "ഉമ്മ.... ഉമ്മ നമ്മെ വിട്ടു പോയെടാ" പിന്നെ ഒരു അര്‍ദ്ധ മൗനം. "നിനക്ക് ഉടനെ എത്താന്‍ പറ്റുമോ? ഒരു ദിവസത്തില്‍ കൂടുതല്‍ നീട്ടി വെയ്ക്കാന്‍ പറ്റില്ല." പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നുവെങ്കിലും പെട്ടെന്ന് അനാഥമാക്കപ്പെട്ട പോലെയൊരു ചിന്ത മനസ്സിലൂടെ നീറ്റലായി എരിഞ്ഞു. തൊണ്ടയില്‍ നിന്ന്‍ എന്തോ ഒന്ന് നെഞ്ചിന്റെ കൂട് തകര്‍ത്ത് ഉള്ളിലേക്ക് കനം തൂങ്ങിക്കിടന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ വിട പറഞ്ഞ ശേഷം കുടുംബത്തിന്റെ ഇഴകളെ ആകെയും ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു ഉമ്മ. അത് അങ്ങിനെ പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന എന്തോ ഒരു ഉറപ്പിലായിരുന്നു ഇത് വരെ.

"ഓള്‍ പാസഞ്ചേഴ്സ് ആര്‍ റിക്ക്വസ്റ്റഡ് റ്റു..." സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അറിയിപ്പായിരുന്നു. അരികില്‍ പിറകിലേക്ക് ചായ്ച്ച സീറ്റില്‍ ഭാര്യ കണ്ണടച്ച് ഇരിപ്പിനും കിടപ്പിനുമിടയിലായിരുന്നു.

വിമാനം പൊങ്ങി പറന്നു തുടങ്ങി കുറച്ചു സമയം കഴിഞ്ഞിരുന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ചു ചിലര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പോവാനും വരാനും തുടങ്ങുന്നു. വല്ലാത്ത തണുപ്പ്. തനിക്ക് വിമാനയാത്ര എന്നും അങ്ങിനെയാണ്. അതിനകത്തെ തണുപ്പ് സഹിക്കില്ല. എയര്‍ ഹോസ്റ്റസ്സിനോട് പറഞ്ഞു ഒരു പുതപ്പ് വാങ്ങി പുതച്ചു മൂടിയാലോ.

ഇരിക്കുന്ന സീറ്റിനു അഭിമുഖമായി മുന്നിലെ സീറ്റിനു പിറകില്‍ സ്ഥാപിച്ച എല്‍ സി ഡി സ്ക്രീനില്‍ സിനിമകളുടെയും പാട്ടുകളുടെയും മെനുവില്‍ പരതുന്നു ചിലര്‍. മറ്റേതെങ്കിലും വിമാനത്തിലായിരുന്നെങ്കില്‍ ഈ നേരത്ത് മദ്യം വിളമ്പി കിട്ടുന്നതിന്റെ ഉത്സാഹത്തിലായിരിക്കും യാത്രക്കാരിലെ ലഹരിപ്രിയമുള്ളവര്‍.

ഇടതു വശത്ത് തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്നത് ചെറുപ്പക്കാരായ ഒരു ദമ്പതികളായിരുന്നു. അയാള്‍ക്ക്‌ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. യുവതിക്ക് അതില്‍ താഴെയും. രണ്ടു പേരിലും അസാധാരണമായൊരു പ്രസരിപ്പും സൗന്ദര്യവും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടു. അവര്‍ വളരെ ഉല്ലാസത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക്‌ മറുപടിയായി ഇടയ്ക്ക് അവള്‍ സമൃദ്ധമായി ചിരിക്കുന്നുണ്ടായിരുന്നു.

വായിക്കുന്നത് വല്ലതും മനസ്സിലാവുന്ന അവസ്ഥയിലായിരുന്നത്‌ കൊണ്ടായിരുന്നില്ല കയ്യിലിരുന്ന അന്നത്തെ പത്രം കണ്ണോടിച്ചു കൊണ്ടിരുന്നത്. വിമാന യാത്രകളില്‍ സഹായാത്രികര്‍ മിക്കവരും സുഖമായി ഉറങ്ങുമ്പോഴും അതിനു കഴിയാതെ കണ്ണ് തുറന്നിരിക്കുക എന്നതാണ് എക്കാലത്തും തന്റെ പ്രകൃതം. ആ ഇരുത്തത്തിനു ഒരു കൂട്ടാണ് വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളും മാസികകളുമൊക്കെ.

ആ ചെറുപ്പക്കാരന്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടാണ്‌ വീണ്ടും ശ്രദ്ധ അവരിലേക്ക്‌ തിരിഞ്ഞത്. അയാള്‍ ഇരുന്ന സീറ്റിനടിയില്‍ നിന്ന് എന്തോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു . ഒരു ജോഡി വാക്കിംഗ് ക്രച്ച് ആയിരുന്നു അത്. എന്തിനാണ് അയാള്‍ക്കത്  എന്ന് ആശ്ചര്യപ്പെട്ടിരിയ്ക്കെ സീറ്റുകള്‍ക്കിടയിലെ പരിമിതികള്‍ക്കിടയില്‍ വീണുപോവാതെ ആ വടിയുടെ പരന്ന അറ്റം തന്‍റെ ഇരു കക്ഷത്തിലേക്കും പിടിപ്പിച്ചു അയാള്‍ മെല്ലെ  എഴുന്നേറ്റു നിന്നു. വിമാനം ചെറുതായി ഒന്നുലഞ്ഞപോലെ. തോന്നിയതാവാം. അയാള്‍ ഇത്രയും പണിപ്പെട്ടു എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അയാളെ യാതൊരു വിധത്തിലും സഹായിക്കാന്‍ മുതിരാത്തതു കണ്ടു വലിയ അത്ഭുതം തോന്നി.

ഒരു കാലിനു നല്ല സ്വാധീനക്കുറവുള്ള അയാള്‍ ഊന്നു വടിയില്‍ വേച്ചു വേച്ചു റ്റോയ്`ലറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. അത് കണ്ടപ്പോള്‍ മനസ്സിനെ ഒരു തളര്‍ച്ച തലോടി. പാവം മനുഷ്യന്‍, സീറ്റിലിരിക്കെ രണ്ടു പേരും സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ നല്ല സ്നേഹമുള്ള ദമ്പതികളാണെന്നാണ് കരുതിയിരുന്നത്. കാഴ്ചയിലും വസ്ത്ര ധാരണത്തിലും കുലീനത്ത്വം തുളുമ്പി നിന്ന ഇരു പേരോടും ചില്ലറ അസൂയയും തോന്നാതിരുന്നില്ല.

പക്ഷെ വികലാംഗനായ അയാളെ അവള്‍ ഒന്ന് കൈ പിടിക്കാന്‍ പോലും മിനക്കെടാതിരിക്കുന്നതു കണ്ടു മനസ്സില്‍ ഒരു അസ്വസ്ഥത പടര്‍ന്നു. പുറമേ കാണുന്നത് മുഴുവന്‍ ഒരിയ്ക്കലും സത്യമാവില്ലായിരിക്കാം. അവളുടെ സ്നേഹഭാഷണങ്ങള്‍ പൊള്ളയായിരുന്നു. അയാളെയല്ല അയാളുടെ ധനത്തില്‍ ആകൃഷ്ടയായി സമ്മതിച്ചതാവാം അവള്‍ ഈ ബന്ധത്തിന്.

കുറച്ചു കഴിഞ്ഞപ്പോഴേക്ക് അയാള്‍ മടങ്ങിയെത്തി. ഊന്നുവടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീണ്ടും ഇരിപ്പുറപ്പിക്കാന്‍ അയാള്‍ വല്ലാതെ പാട് പെടുന്നു. അറിയാതെ തന്നെ ഞാന്‍ എഴുന്നേറ്റു അയാള്‍ക്കരികില്‍ ചെന്നു. സീറ്റിലിരിക്കാന്‍ അയാള്‍ക്ക്‌ ഒരു കൈത്താങ്ങു നല്‍കി. സുമുഖനായ അയാള്‍ ഒരു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു. വാക്കിംഗ് ക്രച്ച് അതിനിടയില്‍ അയാള്‍ തന്നെ സീറ്റിനിടയില്‍ ഒതുക്കി വെച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല, അയാള്‍ക്കും.

അപ്പോഴേക്ക് ചൂടുള്ള ഭക്ഷണത്തിന്റെ മണം പരന്നു തുടങ്ങി. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന ട്രോളി മെല്ലെ ഉരുട്ടിക്കൊണ്ട് എയര്‍ ഹോസ്റ്റസ്സുമാര്‍ സീറ്റുകള്‍ക്കിടയിലെ ഇടനാഴിയിലൂടെ അങ്ങേ അറ്റത്തു നിന്ന് വരുന്നത് കാണാമായിരുന്നു.

ഭക്ഷണം കഴിച്ചു സ്വസ്ഥരായ യാത്രക്കാര്‍ വീണ്ടും മയക്കത്തിലേക്കു വീണു. ചിലര്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. ഇനിയും ചിലര്‍ മുമ്പിലുള്ള ടച്ച് സ്ക്രീന്‍ മെനുവില്‍ വിരല്‍ കുത്തി സിനിമകളും മറ്റു ദൃശ്യങ്ങളും മാറി മാറി പരതിക്കൊണ്ടിരുന്നു. പിറകിലേതോ സീറ്റില്‍ നിന്ന് ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരഞ്ഞു.

ഉറക്കത്തിനും മയക്കത്തിനും ഇടയിലെ ഒരു അര്‍ദ്ധബോധാവസ്ഥയിലേക്ക് എപ്പോഴോ അറിയാതെ ഇമയടച്ചിരുന്നു ഞാന്‍ . വിമാനം കോഴിക്കോട് ഇറങ്ങാന്‍ പോവുന്ന അറിയിപ്പ് കേട്ടാണ് ഉണര്‍ന്നത്. കുറച്ചു കഴിയുമ്പോഴേക്ക് വിമാനത്തിന്റെ കൊച്ചുജാലകത്തിലൂടെ താഴെ പച്ചപ്പരവതാനിയും അതിനിടയിലെ നാഡി-ഞരമ്പുകള്‍ പോലുള്ള റോഡുകളും അതിലൂടെ അരിച്ചു നീങ്ങുന്ന തീപെട്ടിക്കൂടുകളും ദൃശ്യമായി തുടങ്ങി.

വിമാനം ലാന്‍ഡ്‌ ചെയ്തു റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങുമ്പോഴേക്കും അതില്‍ നിന്ന് ഇപ്പോള്‍ പുറത്തു ചാടണം എന്ന മട്ടില്‍ കുറെ പേര്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കാന്‍ തുടങ്ങി. ഇങ്ങിനെ അപകടം ക്ഷണിച്ചു വരുത്താന്‍ ശ്രമിക്കുന്ന വിമാനയാത്രക്കാര്‍ ലോകത്ത് മലയാളികള്‍ മാത്രമേ കാണൂ എന്ന് ഈ യാത്രകളില്‍ തോന്നാറുണ്ട്.

ഇമിഗ്രേഷനും കസ്റ്റംസും കഴിഞ്ഞു പുറത്തിറങ്ങാന്‍ വലിയ താമസം നേരിട്ടില്ല. കൂടെ സാധനങ്ങള്‍ ഒന്നും കൊണ്ട് വന്നിരുന്നില്ല എന്നതും എളുപ്പത്തിനു കാരണമായി. എയര്‍പോര്‍ട്ടിന്റെ അവസാനവാതിലും കടന്നു പുറത്തിറങ്ങി. സ്വീകരിക്കാന്‍ വന്ന കാറില്‍ കയറി ഇരിക്കുമ്പോഴേക്ക് മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു.

കൂടെ യാത്ര ചെയ്തിരുന്ന വികലാംഗനായ യുവാവ് ഞങ്ങളുടെ കാറിനു മുന്നിലായി കിടക്കുന്ന വില കൂടിയ വിദേശ കാറിലേക്ക് സാവധാനം കയറുന്നത് കണ്ടു. നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു. അയാളുടെ ഭാര്യ എവിടെ? അയാളെ സ്വീകരിക്കാന്‍ വന്നവരുടെ ഇടയില്‍ നിന്ന് അവളുടെ മുഖവും അപ്പോഴേക്ക് ദൃശ്യമായി. ബന്ധുക്കളെ കണ്ട സന്തോഷത്തില്‍ അവരോടു പ്രസന്ന വദനയായി സംസാരിച്ചു കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നടുക്കുന്നു. പൊടുന്നനെ ഒരു അമ്പരപ്പ് മിന്നല്‍ പിണറുപോലെ മനസ്സിലൂടെ കടന്നുപോയി. രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നി വളരെ പതുക്കെയാണ് അവള്‍ നടന്നടുത്തത്.എന്തോ കേട്ടും പറഞ്ഞും ഒരു പൊട്ടിച്ചിരിയോടെ അവള്‍ കാറിലേക്ക് കൂടെയുള്ളവരുടെ സഹായത്തോടെ കയറുമ്പോഴേക്കും മഴക്കാറ് കൂടുതല്‍ കനം വെച്ചു തുടങ്ങിയിരുന്നു.

Sunday, April 1, 2012

നമുക്കില്ലൊരു ലോകം


വിശാലമായ റൌണ്ടബൌട്ടിന്‍റെ  ഓരത്തുള്ള വലിയ മക്‌ഡൊനാള്‍ഡ്സ് ഫാസ്റ്റ് ഫുഡ്‌ ഭോജനശാലയും കഴിഞ്ഞു ഇടത്തോട്ടു തിരിയുന്ന റോഡില്‍ വെച്ചാണ് ആഫ്രിക്കക്കാരനായ ആ ചെറുപ്പക്കാരനെ കണ്ടത്. വിജനമായ റോഡിന്‍റെ  ഇരു വശത്തും ഒതുക്കമില്ലാതെ കാറുകള്‍ പാര്‍ക്ക് ചെയ്തു കിടന്നിരുന്നു. നെറുകയില്‍ സൂര്യന്‍ കനല്‍ പെയ്തു നിന്നു. സ്കൂള്‍ പ്രായത്തിലുള്ള ഒരു കൂട്ടം ആണ്‍പിള്ളേര്‍ സൈക്കിളിലേറി ബഹളം വെച്ചുകൊണ്ട് അരുതാത്ത വേഗത്തില്‍ അരികിലൂടെ മുന്നോട്ടു പാഞ്ഞു പോയി. റോഡരികിലുള്ള ഫ്ലാറ്റുകളില്‍ നിന്ന് പാകം ചെയ്യപ്പെടുന്ന ഉച്ചഭക്ഷണത്തിന്‍റെ മണം നാസാരന്ധ്രങ്ങളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ വയറിന്‍റെ അടിത്തട്ടില്‍ വിശപ്പ്‌ ഉറക്കമുണര്‍ന്നു.

ഈ നിരത്ത് പിന്നിട്ടാല്‍ അപ്പുറത്തെ പ്രധാന റോഡിലെത്താം. അവിടെ മികവാര്‍ന്ന നാലുവരിപ്പാതയിലൂടെ അതിവേഗത്തില്‍ ഒഴുകി നീങ്ങുന്ന വാഹന നിരകള്‍ കാണും. അവ മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ ബ്രേക്കിട്ടു ഞരങ്ങി നില്‍ക്കുന്നു. പച്ചവെളിച്ചം തെളിയാന്‍ സ്റ്റിയറിങ്ങില്‍ അക്ഷമരായി താളമിട്ടിരിക്കുന്ന മുഖങ്ങള്‍ക്കിടയിലൂടെ നടന്നു കുടിവെള്ള ബോട്ടിലുകള്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ ബംഗാളികളോ മറ്റു നാട്ടുകാരോ കാണും. രണ്ടു ചുവപ്പ് തെളിച്ചങ്ങള്‍‍ക്കിടയിലെ ഇട മുറിഞ്ഞുള്ള കച്ചവടം. ഇതിനിടയിലൂടെ ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു ബാലനോ ബാലികയോ ഭിക്ഷ യാചിക്കുന്ന കാഴ്ചയും കാണാം ചിലയിടങ്ങളില്‍. വിദേശ നിര്‍മിത ആഡംബര വാഹനങ്ങളുടെ തിളക്കമാര്‍ന്ന ചില്ലുജാലകത്തിലൂടെ എത്തി നോക്കി അവര്‍ മുട്ടി വിളിക്കുന്നു. വെയില്‍ കുടിച്ചു വരണ്ട മുഖവുമായി, ചെറിയ ചൂണ്ടു വിരല്‍ അല്പം വളച്ച് ഉയര്‍ത്തിക്കാണിച്ച് ഒരു റിയാലിന് കെഞ്ചുന്ന ശൂന്യമായ മിഴികള്‍. ഒരു കൈകൊണ്ട്‌ പുതിയ ഇലക്ട്രോണിക് ഗയിം കളിച്ചും മറുകൈകൊണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം നുണഞ്ഞുമിരിക്കുന്ന വിടര്‍ന്ന കണ്ണുകളുമുള്ള ബാല്യ-കൌമാരങ്ങള്‍ ശീതീകരിച്ച കാറിനകത്ത്, വേറൊരു ലോകത്ത്.

പൊതു സ്ഥലത്തെ ഭിക്ഷാടനം അനുവദനീയമല്ല. ആഫ്രിക്കയില്‍ നിന്നു കുടിയേറി വന്നു തിരിച്ചു പോവാത്തവരുടെ കുട്ടികളാണ് മിക്കപ്പോഴും നിയമം ലംഘിച്ചു കാശിനു കൈ കാണിക്കുന്നത്. തൊഴിലെടുക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും അതു ചെയ്യാനിഷ്ടപ്പെടാത്ത അവരുടെ രക്ഷിതാക്കള്‍ തന്നെയാവും കുട്ടികളെ ഇരക്കാനിറക്കുന്നത്. ഇതില്‍ കുറേ പേര്‍ വളരുമ്പോള്‍ പിടിച്ചുപറിക്കാരായി രൂപാന്തരപ്പെടുന്നു.

സിഗ്നലിലേക്ക് എത്താനായി ധൃതിയില്‍ നടക്കവേയാണ് അയാള്‍ എനിക്കെതിരെ വരുന്നത് ശ്രദ്ധയില്‍ പെട്ടത്. പാതയോരങ്ങളില്‍ ആളൊഴിഞ്ഞ നേരത്ത് പിടിച്ചുപറിക്കാരന്‍റെ ലക്ഷണമൊത്ത ഒരു ആഫ്രിക്കന്‍ വംശജന്‍റെ മുന്നില്‍ ചെന്ന് പെടുകയെന്നത് നഗരത്തിലെ പ്രവാസികളുടെ പേക്കിനാവുകളിലൊന്നാണ്. അറിയാത്ത പോലെ വഴി മാറി നടക്കാനാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിജീവന ബോധം അവനെ ഉണര്‍ത്തുക. എന്ത് ചെയ്യണമെന്നറിയാതെ ‍ അയാളുടെ ശരീര ഭാഷ ഗ്രഹിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നാലു പാടും കണ്ണു പായിച്ചു. അല്പം ചടച്ച ശരീര പ്രകൃതിയാണ് അയാള്‍ക്ക്‌. ഒരു ആക്രമണം ഉണ്ടായാല്‍ അയാളെ തള്ളി മാറ്റി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നി. മാരകായുധങ്ങളൊന്നും അയാളുടെ പക്കലില്ലെങ്കില്‍. മനസ്സില്‍ അപായചിന്തകളുടെ തിരയിളക്കം.

അയാള്‍ അടുത്തെത്തി. അല്പം മഞ്ഞ നിറം കലര്‍ന്ന പല്ലുകള്‍ പുറത്തു കാണിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകള്‍. പുഞ്ചിരിക്കുമ്പോള്‍ അയാളുടെ മേല്‍ ചുണ്ടിന്‍റെ ഒരു വശം അധികമായി മേലോട്ട് വിടരുന്നതിനാല്‍ അയാള്‍ ചിരിക്കും കരച്ചിലിനും ഇടയില്‍ ശങ്കിച്ച് നില്‍ക്കുന്ന പോലെ തോന്നിച്ചു. അധികം പൊക്കമില്ലാത്ത അയാളുടെ ഇന്‍ ചെയ്ത ഷര്‍ട്ടിന്‍റെ ഒരു വശം പാന്റിനു വെളിയിലേക്ക് തൂങ്ങി കിടക്കുന്നു. എന്തോ, ആരെയോ തിരയുന്ന പോലെയുള്ള മുഖഭാവം.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി " "ഞാന്‍ പിടിച്ചു പറിക്കാരനല്ല, പേടിക്കേണ്ട, ഞാന്‍ സുഡാന്‍കാരനാണ്." അത്ര സ്ഫുടമാല്ലാത്ത സ്വരത്തില്‍ അയാള്‍ എന്നെ സാന്ത്വനിപ്പിക്കാനെന്നപോലെ പറയുന്നു.

സുഡാനികള്‍ പൊതുവേ പിടിച്ചു പറി സംഘത്തില്‍ ഉള്‍പെ‍ടാറില്ലെന്നാണ് വെയ്പ്. അത് കൊണ്ടായിരിക്കാം അയാള്‍ സുഡാനിയാണെന്നു ആവര്‍ത്തിച്ചു പറയുന്നത്.

ആള്‍ അടുത്തേക്ക്‌ തന്നെ വരികയാണ്.

"എനിക്ക് എന്‍റെ സഹോദരനെ ഉടനെ വിളിക്കേണ്ടതുണ്ട്. എന്‍റെ ഫോണില്‍ പണം തീര്‍ന്നു പോയി. നിന്‍റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോ? " അയാള്‍ ചോദിക്കുന്നു.

എന്തോ വലിയ വിഷമത്തിലകപ്പെട്ടിരിക്കയാണെന്ന് അയാളുടെ മുഖഭാവം കൊണ്ടു തോന്നുന്നു. ഒരു വേള എല്ലാം അഭിനയമാവം. എന്‍റെ പോക്കറ്റിലിരിക്കുന്ന ഐഫോണുമായി ഞൊടിയിടയില്‍ ഓടി മറയുന്ന അയാളെ ഞാന്‍ മനസ്സില്‍ കണ്ടു. അല്ലെങ്കില്‍ എന്‍റെ പക്കലുള്ള പണവും കവര്‍ന്ന് ഒരു പിച്ചാത്തിയിലേക്ക് എന്നെ നിശ്ചലനാക്കി ആ ചുടുവെയിലില്‍ രക്തം വാര്‍ന്നു തീരാനിട്ട് അയാള്‍ കടന്നേക്കാം. ഒന്നിനും ഒരു നിശ്ചയമില്ല. പത്രം തുറന്നാല്‍ മുടങ്ങാതെ കാണുന്ന പിടിച്ചു പറി വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞു. അടുത്ത ദിവസത്തേക്കുള്ള മറ്റൊരു കോളം വാര്‍ത്തക്കുള്ള രംഗത്തിന് വേദിയൊരുങ്ങുകയാണെന്ന് തോന്നി.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി" അയാള്‍ ആവര്‍ത്തിക്കുന്നു.

ഒരു നിമിഷം...

കൂടുതല്‍ ആലോചിക്കാതെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ആശ്വാസത്തോടെ അയാള്‍ സഹോദരന് ഡയല്‍ ചെയ്യുന്നു. ലൈന്‍ കിട്ടാതെയോ, അതോ അറ്റന്‍ഡ് ചെയ്യപ്പെടാതെയോ ആവാം വീണ്ടും വീണ്ടും ഡയല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. അയാള്‍ കത്തിയെടുക്കുന്നുണ്ടോ, ഭാവം മാറുന്നുണ്ടോ? പെട്ടെന്നാണ് അയാള്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയത്. കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്കറ്റ് ചെയ്തു.

ഫോണ്‍ തിരികെ നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് തക്ക സമയത്ത് തന്നെ സഹോദരനോട് സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി തെളിഞ്ഞു നിന്നിരുന്നു. എന്നാല്‍, അതിലേറെ ആ മുഖത്തു പ്രകടമായത് അയാള്‍ വിശ്വാസത്തിലെടുക്കപ്പെട്ടതിന്‍റെ ആശ്വാസനിറവായിരുന്നുവെന്ന് തോന്നി. ആ കണ്ണുകള്‍ കൂടുതല്‍ വാചാലമായിരുന്നു. തൊലി കറുത്തു പോയതിനാല്‍ വഴിയോരങ്ങളില്‍ അവിശ്വസിക്കപ്പെടുന്നവന്‍റെ നിസ്സഹായതയും നീറ്റലും. റേഷ്യല്‍ പ്രൊഫൈലിംഗ് എന്ന് വിളിക്കപ്പെടുന്ന, വര്‍ണ്ണത്തിന്‍റെയോ വംശത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ചു കുറ്റവാളികളെന്നു മുദ്ര കുത്തി പാര്‍ശ്വവത്കരിക്കുന്ന നടപ്പു ദീനം‍. തിരസ്കരണത്തിന്‍റെ വെളിമ്പുറങ്ങളില്‍ ഞാന്‍ നിരപരാധിയാണെന്ന് സ്വയം നെറ്റിയില്‍ കുറിച്ച് വെക്കേണ്ടി വരുന്ന ദുരവസ്ഥ.

അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ ഏറെ പരിചിതമല്ലാത്ത വാക്-രൂപങ്ങളില്‍ നന്ദി വാചകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ അകന്നകന്നു പോയി.

"അന മാഫീ ആലിബാബ...... അന........"

അവ്യക്തമായി, ഒരു വിലാപം പോലെ, പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നു അയാള്‍.

ആരോടെന്നില്ലാതെ....

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് )

Thursday, September 22, 2011

മരീന പാര്‍ക്കിലെ സുവര്‍ണ്ണ നക്ഷത്രം

അതികാലത്തെഴുന്നേറ്റിട്ടുള്ള ഒരു മണിക്കൂര്‍ നടത്തം ബക്കര്‍ ഒരിയ്ക്കലും മുടക്കാറില്ല. ആഗസ്റ്റ് മാസം കഴിഞ്ഞിട്ടും ചൂടിനൊരു കുറവുമില്ലെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ അന്ന്  രാവിലെ തണുപ്പ് വരുന്നതിന്‍റെ ലക്ഷണങ്ങള്‍  അന്തരീക്ഷത്തില്‍ ശരിക്കും അനുഭവപ്പെട്ടു. റോഡും കടന്നു പാര്‍ക്കിനു ചുറ്റുമുള്ള വിശാലമായ നടപ്പാതയിലേക്ക് കടന്നപ്പോഴേക്കും നടത്തത്തിനു താളവും വേഗവും കൈവന്നു തുടങ്ങി. വെച്ച് പിടിപ്പിച്ചതെങ്കിലും നിറഞ്ഞു നില്‍ക്കുന്ന ഈ മരങ്ങള്‍ക്കിടയിലൂടെ ഇങ്ങിനെ നടക്കാന്‍ വല്ലാത്ത സുഖമാണ്. 

രണ്ടു വര്‍ഷം മുന്‍പാണ് ഈ നടത്തം പതിവാക്കിയത്. ഡോക്ടര്‍ കണിശമായിത്തന്നെയാണ് അക്കാര്യം ഉണര്‍ത്തിയത്. ജോലിക്കിടെ ഒരു തളര്‍ച്ച വന്നതേ ഓര്‍മയുള്ളൂ. പിന്നെ ബോധം തെളിയുമ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ആയിരുന്നു. വീടിനും ഓഫീസിനും ഇടയിലുള്ള ദൂരം കാറില്‍ ഓടിത്തീര്‍ത്ത് ഒരേ ഇരുപ്പിലുള്ള ജോലിയില്‍ ആയുസ്സിന്‍റെ നല്ല ഭാഗം കലണ്ടറിലെ അക്കങ്ങള്‍ക്കൊപ്പം സ്മരണയാവുമ്പോള്‍ മനസ്സില്‍  ഇടയ്ക്കിടെ ഉയര്‍ന്ന വ്യായമാക്കുറവിന്‍റെ അപകടങ്ങളെ അവഗണിക്കുകയായിരുന്നു മുന്‍പൊക്കെ. ഇനി ഏതായാലും അത് പാടില്ല എന്ന് ഡോക്ടര്‍ പറഞ്ഞത് താന്‍ മറന്നാലും കാലത്തെ വിളിച്ചുണര്‍ത്തി തന്നെ അത് ഓര്‍മിപ്പിക്കാന്‍ തന്‍റെ നല്ല പാതി ഒരു ദിവസവും മറക്കാറില്ലായുരുന്നു. 

നാട്  വിട്ടുള്ള ജീവിതമായിരുന്നു ആയുസ്സിന്‍റെ ഏറിയ പങ്ക് എങ്കിലും കുടുംബം കൂടെത്തന്നെയുണ്ടായിരുന്നു എന്നതായിരുന്നു അയാള്‍ ഏറ്റവും വലിയ സമ്പാദ്യമായി കണ്ടത്. ജൈവശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദമെടുത്തിരുന്ന മൂത്ത മകള്‍ നല്ല നിലയില്‍ ജോലി നോക്കുന്നു. അവളുടെ വിവാഹക്കാര്യം മാത്രമായിരുന്നു അയാളെ ഈയിടെയായി അലട്ടിയ പ്രധാനവിഷയം. പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക്‌ നന്നായി അറിയാമായിരുന്നു.  രണ്ടു ആണ്‍ മക്കളില്‍ മൂത്തവന്‍ എന്‍ജിനീയറിംഗിനും ഇളയവന്‍ സ്കൂള്‍ ഫൈനലിലും പഠിക്കുന്നു.   

പ്രായം അമ്പത്തഞ്ചോട് അടുത്തുവെങ്കിലും മനസ്സ് കൊണ്ട് യുവാവായിരുന്ന അയാളുടെ മൂളിപ്പാട്ടുകളിലും നിറഞ്ഞു നിന്നത് ദേവാനന്ദ് ചിത്രങ്ങളിലെ പ്രണയാതുരഗാനങ്ങളായിരുന്നു. അതികാലത്തെ അധികമാരും നടക്കനിറങ്ങാത്തത് കൊണ്ട് വഴികള്‍ ശൂന്യമായിരുന്നു. കുറഞ്ഞ വേതനത്തില്‍ മുനിസിപ്പാലിറ്റി ജോലി ചെയ്യുന്ന ഓവറോള്‍ മഞ്ഞയുടുപ്പിട്ട ബംഗാളികളും നേപാളികളും  നിരത്തുകള്‍ വൃത്തിയാക്കി അവിടെയും ഇവിടെയും നില്‍ക്കുന്നത് കാണാമായിരുന്നു. 

പുതുതായി വീണ ഇലകള്‍ മാത്രം അങ്ങിങ്ങായി കിടക്കുന്ന, വൃത്തിയായി സിമന്‍റ്-റ്റൈല്‍സ് പാകിയ നടപ്പാതയിലൂടെ അയാള്‍ നടന്നു.  ഈ നടത്തത്തിനിടെ ഗതകാല സ്മരണകളിലേക്ക് ഇടയ്ക്കിടെ അറിയാതെ ഊളിയിടുക എന്നത് അയാളുടെ ഒരു ശീലമായി മാറിയിട്ടുണ്ടായിരുന്നു ഈയിടെ. സുഭാഷ്‌ ചന്ദ്ര ബോസിനെ പറ്റി തലേ  ദിവസം ടീവിയില്‍ കണ്ട ഒരു പരിപാടിയെ പറ്റിയാണ് അയാളപ്പോള്‍ ഓര്‍ത്തത്.  നേതാജി ഓര്‍മ്മ വെച്ച കുഞ്ഞുനാളുകളില്‍ തന്നെ എങ്ങിനെയോക്കെയോ എവിടെയൊക്കെയോ വെച്ചു ഹൃദയത്തില്‍ കയറിക്കൂടിയ തന്‍റെ ആദ്യ നായകനാണ്. അന്തമാന്‍ ദ്വീപിലെ ഒരു കന്‍റോണ്‍മെന്‍റ്  സ്കൂളിലായിരുന്നു നാലാം ക്ലാസ്സ്‌ വരെ അയാള്‍ പഠിച്ചത്. അവിടെ വൈദ്യുതി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായിരുന്നു ബാപ. ഉമ്മയും തന്‍റെ താഴെ മൂന്നു സഹോദരിമാരും ബാപ്പയും ചേര്‍ന്ന അന്തമാനിലെ ആ വീട്ടില്‍ നിന്നാണ് ബക്കറിന് ഓര്‍മ്മകളുടെ ഒരു വന്‍കര തുടങ്ങുന്നത്. അന്ന് താനടക്കം കുറെ കുട്ടികള്‍ക്ക് കണക്കിനും ഹിന്ദിക്കും ട്യൂഷന്‍ എടുത്തിരുന്ന ശര്‍മ്മാജി എന്ന പേരുള്ള ഒരു മാഷുണ്ടായിരുന്നു. സര്‍ജി എന്നാണു കുട്ടികള്‍ ശര്‍മ്മാജിയെ വിളിച്ചിരുന്നത്‌.  സന്തത സഹചാരിയായ ഒരു സൈക്കിളിലായിരുന്നു സര്‍ജിയുടെ സഞ്ചാരമെല്ലാം. ആ സൈക്കിളിന് പിറകില്‍ ഒരു മരപ്പെട്ടി (ട്രങ്ക്) എപ്പോഴും കാണും. പഠിപ്പിക്കാനെത്തുമ്പോള്‍ സര്‍ജി തന്‍റെ സൈക്കില്‍ ഒരു ചെയിന്‍ കൊണ്ട് കെട്ടിയിട്ട ശേഷം അതിലിരിക്കുന്ന ട്രങ്ക് എടുത്തു ക്ലാസ്സിലേക്ക് വരും. ആ പെട്ടി കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയ പേടകമായിരുന്നു. അത് തുറന്നാല്‍ എല്ലാ കണ്ണുകളും പിന്നെ അതിലേക്കാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ  നേതാക്കളുടെ വര്‍ണ്ണ ഫോട്ടോകള്‍, ഉപയോഗ ശൂന്യമായ ഫൌണ്ടന്‍ പേനകള്‍, കൂടാതെ ശരിക്കും എന്തൊക്കെ അത്ഭുതങ്ങളാണ് അതിനകത്ത് ഉള്ളതെന്ന് മുഴുവനായി കുട്ടികള്‍ക്ക്  നിശ്ചയമില്ലായിരുന്നു.. മധ്യവയസ്ക്കനും നല്ല ആകാര സൌഷ്ടവമുള്ളവനുമായിരുന്ന സര്‍ജി പക്ഷെ അവിവാഹിതനായിരുന്നു. ഹാഫ്‌ ട്രൌസറും കള്ളി കുപ്പായവും ഒരു നേതാജി തൊപ്പിയുമായിരുന്നു പതിവു വേഷം.     

ഓര്‍മ്മകള്‍ ഉറക്കമില്ലാത്ത രാത്രിയില്‍ ഇടവിട്ടണയുന്ന പാതിമയക്കത്തിലെ സ്വപ്‌നങ്ങള്‍പോലെയാണ്. ജീവിതത്തിന്‍റെ ഏടുകള്‍ അടുക്കും ചിട്ടയുമില്ലാത്ത ഒരു തുടര്‍ച്ചയില്‍ മുന്‍പോട്ടും പിറകോട്ടും മാറി മാറി മറിക്കും അത്. അപ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ ചിലപ്പോള്‍ ചോര പടരുന്നതും, വിടരുന്ന പൂക്കളില്‍ നിന്ന് സൌരഭം പരക്കുന്നതും മനസ്സിനെ വിഭ്രമിപ്പിക്കും. അയാള്‍  തന്നെ അറിയാതെ അന്ന് അയാളുടെ മനസ്സ് സഞ്ചരിച്ചത് തന്‍റെ പ്രാഥമികവിദ്യാലയത്തിലെ രണ്ടാം ക്ലാസ്സിലുള്ള ഇരിപ്പിടത്തിലേക്കായിരുന്നു.

അന്നത്തെ അവസാന ബെല്ലും അടിക്കുന്ന ശബ്ദം കേട്ട് കുട്ടികള്‍ ആരവത്തോടെ പുറത്തേക്ക് ഓടുകയാണ്, വീട്ടിലെത്തിയെ ആ ഓട്ടം നിലയ്ക്കൂ. ബക്കര്‍ ആ ഓട്ടക്കൂട്ടത്തില്‍ ഒരിയ്ക്കലും അംഗമാവാറില്ല. ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല. ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രായം കൊണ്ട് നാലാം ക്ലാസ്സില്‍ ഇരിയ്ക്കേണ്ടയാളാണ്‌. സാഹചര്യങ്ങളുടെ ചില ഗതിമാറ്റങ്ങളില്‍ അന്തമാനിലെ കന്‍റോണ്‍മെന്‍റ്  സ്കൂളില്‍ നിന്ന് നാട്ടിലുള്ള തന്‍റെ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലേക്ക് പറിച്ചു നടേണ്ടി വന്നു പഠനം. മലയാളം കാര്യമായി അറിയാത്ത കുട്ടിയെ അങ്ങിനെയാണ് വീണ്ടും രണ്ടാം ക്ലാസ്സില്‍ ഇരുത്തേണ്ടി വന്നത്. 1960 കളിലെ ആ ഗ്രാമീണ വിദ്യാലയത്തില്‍ രണ്ടാം ക്ലാസ്സില്‍ പാന്‍റും കുപ്പായവുമൊക്കെ അണിഞ്ഞു വന്ന അവന്‍ ഒരു വേറിട്ട കാഴ്ച തന്നെയായിരു. ഇതെല്ലാം ചേര്‍ന്ന് ബക്കര്‍ എപ്പോഴും എവിടെയും പിറകില്‍ വരുന്ന ഒരു കൌതുകമായാണ് കുട്ടികള്‍ കണ്ടത്. എന്നാലും വീടിനും സ്കൂളിനും ഇടയില്‍ നടന്നു തീര്‍ക്കേണ്ട ആ തെളിനീരൊഴുകുന്ന വഴിയിലൂടെ ഒഴുക്കിനൊപ്പം സ്കൂളിലേക്കും വൈകീട്ട് സ്കൂള്‍ വിട്ടു ഒഴുക്കിനെതിരെ വീട്ടിലേക്കും നടക്കാന്‍ അവനു വലിയ ഇഷ്ടമായിരുന്നു.

 അന്നും യാതൊരു തിരക്കുമില്ലാതെയാണ് പരന്നൊലിച്ചു വരുന്ന വെള്ളം കാലുകൊണ്ട് അടിച്ചു തെറിപ്പിച്ചു കളിച്ച് അവന്‍ വീട്ടിലേക്കു നടന്നത്. മറ്റു കുട്ടികള്‍ അധികവും അവനു മുന്‍പേ പറന്നു പോയിക്കഴിഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ കലപില ശബ്ദം മാത്രമാണ് പിന്നെ അവനു പിറകില്‍ കേട്ടു കൊണ്ടിരുന്നത്. കോങ്കണ്ണന്‍ അദ്നാന്‍  അവനെ ഗൌനിക്കാതെ വെള്ളം തെറിപ്പിച്ചുകൊണ്ട് അതി വേഗത്തില്‍ നടന്നു നീങ്ങുന്നത് അവന്‍ കണ്ടു. ക്ലാസ്സിലെ ഏക മിത്രവും ശത്രുവും അദ്നാന്‍ തന്നെയായിരുന്നു.  അവന്‍ ഒരു ദിവസം ഒരു കാരണവുമില്ലാതെ തന്‍റെ മുഖത്തടിച്ചത് മറക്കാനാവില്ല. അവന്‍റെ നോട്ടം കണ്ടപ്പോള്‍ തൊട്ടടുത്ത് നിന്ന വേറെ ഒരു കുട്ടിയെയാണ് അടിക്കുന്നത് എന്നാണു കരുതിയത്‌. അത് കാരണം അടി വരുമ്പോള്‍ മാറാന്‍ പോലും പറ്റിയില്ല. കോങ്കണ്ണുള്ളയാളുടെ അടി വീണ ശേഷമേ ആര്‍ക്കുള്ളതായിരുന്നു അതെന്നു തീരിച്ചറിയാനാവൂ എന്ന പാഠം അന്ന് പഠിച്ചു. ഇടയ്ക്ക് അവന്‍ തന്നോട് കാണിക്കുന്ന ഇഷ്ടവും അതിനിടെ കയറി വരുന്ന വിരോധവും എന്തായിരുന്നുവെന്ന് ഇന്നും അറിയില്ല.

തെളിവെള്ളത്തില്‍ ചാഞ്ഞും ചെരിഞ്ഞും ചന്തത്തില്‍ നീന്തിയെത്തുന്ന ഇളം മഞ്ഞ നിറമുള്ള പരല്‍ മീനുകളെ കാണാനായി താഴേക്കു മിഴികളൂന്നി നടക്കവേയാണ് ഒഴുകി വരുന്ന ആ വര്‍ണ്ണ ചിത്രം ബക്കറിന്‍റെ കണ്ണില്‍ പെട്ടത്. നല്ല പരിചയമുള്ള ചിത്രമാണല്ലോ അത്. അടുത്തെത്തിയ പാടെ നനഞ്ഞു കുതിര്‍ന്നതെങ്കിലും തെളിഞ്ഞു നില്‍ക്കുന്ന ആ ചിത്രം കയ്യിലെടുത്തു. സുഭാഷ്‌ ചന്ദ്ര ബോസ്, അതെ തെന്‍റെ പ്രിയപ്പെട്ട നേതാജി തന്നെ.  തൊപ്പിയണിഞ്ഞു കണ്ണട വെച്ച വിഖ്യാതമായ ആ മനോഹര ചിത്രം. പെട്ടെന്നാണ് ഒരു ഉള്‍ക്കിടിലമുണ്ടായത്. ഉടനെ തന്നെ തന്‍റെ മലയാളം ടെക്സ്റ്റ്‌ ബുക്കിന്‍റെ നടുവിലെ പേജ് തുറന്നു നോക്കി. ഇല്ല അവിടെ അത് ഉണ്ടായിരുന്നില്ല. ഹൃദയത്തിനുള്ളില്‍ ചില്ലിട്ടു വെച്ചതില്‍ പിന്നെ ഭദ്രമായി തന്‍റെ പുസ്തകത്തില്‍ മാണിക്യക്കല്ല് പോലെ സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന ബോസിന്‍റെ ആ പടം. പുതിയ ശീലമല്ല. അന്തമാനില്‍ പഠിക്കുമ്പോഴേ തന്‍റെ ഹൃദയത്തില്‍ കുടിയിരുത്തിയതാണ് നേതാജിയെ. അതില്‍ പിന്നെ നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് അത് കൊണ്ട് നടന്നത്. എവിടെ നിന്നാണ് ആ ചിത്രം കിട്ടിയതെന്ന് കൃത്യമായി ഒര്‍ക്കുന്നില്ല. നേതാജിയുടെ വിവിധ ഭാവങ്ങളിലുള്ള വര്‍ണ്ണ ചിത്രങ്ങളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്ന തന്‍റെ സര്‍ജിയില്‍ നിന്നായിരിക്കാം. പ്രിയപ്പെട്ട ആ  രൂപമിതാ നനഞ്ഞു കുതിര്‍ന്നു തന്‍റെ കയ്യിലിരിക്കുന്നു. എങ്ങിനെ? പെട്ടെന്നാണ് എല്ലാം മനസ്സിലായത്. അദ്നാന്‍, അവന്‍ ഇന്ന് ഒരിക്കല്‍ തന്‍റെ പുസ്തകം എടുത്തു നോക്കുന്നത് കണ്ടിരുന്നു. അവന്‍ മനപ്പൂര്‍വ്വം ചെയ്തതാണ്. താന്‍ കാണാന്‍ വേണ്ടി അവന്‍ മുന്‍പേ ഓടിച്ചെന്ന് വെള്ളത്തില്‍ ഒഴുക്കി വിട്ടതാണ്. കരള്‍ നുറുങ്ങുന്നപോലെ തോന്നി. എന്നാലും വെള്ളം തുടച്ചെടുത്ത് ഉണക്കിയെടുത്താല്‍ വലിയ കേടുപാട് കൂടാതെ നേതാജിയെ രക്ഷിച്ചെടുക്കാം എന്ന ചിന്ത തെല്ല് ആശ്വാസം പകര്‍ന്നു.

ഓര്‍മകളുടെ സാഗരത്തില്‍ പിന്നെയും തിരയിളകി. അടിയന്തിരാവസ്ഥ കഴിഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ദിരാ ഗാന്ധിയെ പാഠം പഠിപ്പിച്ചു മൊറാര്‍ജി ദേശായി പ്രധാന മന്ത്രിയായ കാലം. ബാപ റിട്ടയര്‍മെന്‍റിനോട് അടുത്തിരുന്ന ആ കാലത്താണ്
കോളേജും കഴിഞ്ഞു ആയാള്‍ ജോലി തേടി വീണ്ടും ദ്വീപിലെത്തുന്നത്. എം.എ ബക്കര്‍, സണ്‍ ഓഫ് എം.കെ മൊയതു, അസി.എഞ്ജിനീയര്‍, പോര്‍ട്ട്‌ ബ്ലയര്‍ എന്ന വിലാസത്തിന്‍റെ മികവ് കൊണ്ട് തന്നെയാണ് താമസിയാതെ ജോലി തരപ്പെട്ടതും. ഓള്‍-ഇന്ത്യ റേഡിയോയുടെ ഓഫീസില്‍ പേ-റോള്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവിലായിരുന്നു നിയമനം. യൌവ്വനത്തിന്‍റെ പ്രസരിപ്പിലും ദ്വീപിലെ പ്രശാന്തസുന്ദരമായ കാഴ്ച്ചകളിലും മുഴുകി നടന്ന സുവര്‍ണ്ണ ദിനങ്ങള്‍. ആ ദിനങ്ങളിലൊന്നിലാണ് ബക്കറിന് ഒരു ആയുസ്സിന്‍റെ ആനന്ദം നല്‍കുന്ന ആ അറിയിപ്പ്  വന്നത്.  സര്‍ക്കാരിന്‍റെ വകയായി ദ്വീപിലെ കടലോരത്തെ ജിംഖാന ഗ്രൌണ്ടില്‍ (ഇന്ന് മറീനാ പാര്‍ക്ക്) സുഭാഷ്‌ ചന്ദ്രബോസിന്‍റെ ഒരു പൂര്‍ണ്ണകായപ്രതിമ അനാച്ഛാദനം ചെയ്യപ്പെടാന്‍ പോവുന്നു. പങ്കെടുക്കുന്നവരില്‍ പ്രധാനികള്‍ എല്ലാം നേതാജിയുടെ ഐ. എന്‍. എ വിപ്ലവ സേനയില്‍ സായുധ പോരാട്ടത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികള്‍. തനിക്ക് വേണ്ടിയാണ് ആ ചടങ്ങ് അവിടെ നടത്തപ്പെടുന്നതെന്നും അത് തന്‍റെ ജീവിതപ്പുസ്തകത്തില്‍ പണ്ടേ കുറിക്കപ്പെട്ടതാണെന്നും അയാള്‍ക്കറിയാമായിരുന്നു. അങ്ങിനെ കാത്തിരുന്ന ആ ദിനവും വന്നെത്തി. പരിപാടിയുടെ തുടക്കം മുതലേ പങ്കെടുക്കാനായി  ബക്കര്‍ നേരത്തെ തന്നെ അവിടെ സന്നഹിതനായിരുന്നു. വിവിധ സംസ്ഥാനക്കാരായ മുന്‍ ഐ.എന്‍.എ വിപ്ലവ ഭടന്മാരെ ഒന്നിച്ചു കാണാനായി. കൂട്ടത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ അന്ന് അവിടെ വെച്ച് കണ്ടതു മനസ്സില്‍ മായാതെ നില്‍ക്കുന്നു. നേതാജിയുടെ സേനയില്‍ അംഗമായ ആദ്യ വനിതാ വിപ്ലവകാരി.

അനാച്ഛാദനം കഴിഞ്ഞു, ആളുകള്‍ ഒഴിഞ്ഞു ജിംഖാന ഗ്രൌണ്ട് വിജനമായി. നേതാജിയുടെ അതികായ രൂപം വിശാലമായ സമുദ്രതീരത്ത് ആകാശത്തിലേക്ക് വലതു കൈ ഉയര്‍ത്തി ശാന്ത ഗംഭീരമായി അങ്ങിനെ നില കൊണ്ടു. ഒരാള്‍ മാത്രം അവിടെ അറ്റമില്ലാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കും അതിന്‍റെ മറുതലക്കല്‍ നിന്ന് തുടങ്ങി പ്രപഞ്ചത്തിനാകെയും കുടയായി നിവര്‍ന്നു നില്‍ക്കുന്ന വിശാലമായ വിണ്ണിലേക്കും പിന്നെ നേതാജിയുടെ മാസ്മര രൂപത്തിലേക്കും മാറി മാറി നോക്കി അനര്‍ഘമായ ഒരു നിമിഷത്തിന്‍റെ നിര്‍വൃതി നുകര്‍ന്ന് അങ്ങിനെ നിന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേതാജിയുടെ ഫോട്ടോ ഒഴുക്കുവെള്ളത്തില്‍ വീണൊലിച്ചു വരുന്നത് കണ്ടു കണ്ണു നിറഞ്ഞ ബക്കര്‍ ആയിരുന്നു അത്. വെള്ളക്കാര്‍ക്കെതിരെ കടല്‍ കടന്നു പട നയിച്ച നേതാജിയുടെ ഓര്‍മ്മകള്‍ ബക്കറിന്‍റെ മനോമുകുരത്തില്‍ തൊട്ടു മുന്നില്‍ കാണുന്ന അലകടലിനേക്കാള്‍ ഉയരത്തിലുള്ള തിരമാലകള്‍ തീര്‍ത്തു. നേതാജിയെ ഒന്ന് തൊടുക എന്ന അടക്കാനാവാത്ത ഒരാഗ്രഹം ആ നിമിഷം അയാളെ പൊതിഞ്ഞു. പക്ഷെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന തറയുടെ ഉയരം അയാളെ തെല്ല് ഭീതിപ്പെടുത്തുകയും ചെയ്തു. രണ്ടും കല്‍പിച്ചു ഉയരത്തില്‍ സ്ഥാപിച്ച നേതാജിയുടെ കാല്‍ചുവട്ടിലേക്ക് അള്ളിപ്പിടിച്ചു കയറുമ്പോള്‍ പിടി വിട്ടു താഴെ വീണാലുണ്ടായേക്കാവുന്ന അപകടങ്ങളെ അയാള്‍ അവഗണിച്ചു. കാരണം, അയാളെ സംബന്ധിച്ചിടത്തോളം കോരിത്തരിപ്പിക്കുന്ന, ജീവനുള്ള ചരിത്രത്തിന്‍റെ മനോഹരവും സ്വപ്നതുല്യവുമായ ഒരു താഴ്വരയിലായിരുന്നു ആയളപ്പോള്‍. നേതാജിയുടെ ഭീമാകാരമായി തോന്നിച്ച പാദങ്ങള്‍ അയാളുടെ കണ്ണുകളില്‍ നിറഞ്ഞു. ഒരു വിധം എഴു
ന്നേറ്റു നിന്ന് നോക്കുമ്പോള്‍ നേതാജിയുടെ കാലുകള്‍ എത്തിപ്പിടിക്കാനുള്ള ഉയരമേ അയാള്‍ക്കുണ്ടായിരുന്നു. ആ കാലുകളില്‍ ചുറ്റിപ്പിടിച്ചു അയാള്‍ നേതാജിയുടെ മുഖത്തേക്കു നോക്കി, പിന്നെ വലതു വശത്തേക്ക്, ആകാശത്തിലേക്ക് ചൂണ്ടിപ്പിടിച്ച ആ വിരലിലൂടെ വിശാലമായ വിണ്ണിലേക്ക് നോക്കി. അന്തിയുടെ ആകാശത്ത് അപ്പോള്‍ ഒരു നക്ഷത്രം മിന്നിത്തെളിയുന്നുണ്ടായിരുന്നു. പിറകിലെ സമുദ്രപ്പരപ്പില്‍ ആഞ്ഞടിച്ച വന്‍ തിരമാലയുടെ അലയൊലിക്കൊപ്പം സുഖശീതളമായ ഒരു ഇളം കാറ്റു വീശി. നേതാജിയുടെ കാലില്‍ ചുറ്റിപ്പിടിച്ച് എല്ലാം മറന്നു നിന്ന അയാള്‍ ആ നേരം നേതാജിക്കൊപ്പം നിശ്ചലമായി. ചിന്നം ചിന്നം തുടങ്ങി കടലും കരയും ഒന്നായി പെയ്തിറങ്ങിയ  ഒരു നിലാമഴയില്‍ നേതാജിയോടൊപ്പം അയാളും അപ്പോള്‍ നനഞ്ഞു കുതിരാന്‍ തുടങ്ങിയിരുന്നു.

Friday, July 29, 2011

വൃദ്ധ വിലാപങ്ങള്‍



"എടുക്കുന്ന സാധനങ്ങള്‍ പിടി തരാതെ ചിലപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് വീണുടയാറുണ്ട്"

കുട്ടി പറഞ്ഞു.

"എനിക്കും പറ്റാറുണ്ട് അതൊക്കെ"

വൃദ്ധന്‍ കുട്ടിക്ക് സാന്ത്വനം പകര്‍ന്നു.

"ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ മുള്ളാറുണ്ട്"

കുട്ടി വിഷാദത്തോടെ പകുതി മന്ത്രിച്ചു

"ഈയിടെയായി ഇത് എനിക്കും സംഭവിക്കാറുണ്ട്"

വൃദ്ധന്‍ ചിരിച്ചു.

"ഞാന്‍ ഇടയ്ക്കിടെ കരയാറുണ്ട്" കുട്ടി പരിദേവനം കൊണ്ടു.

"ഞാനും" വൃദ്ധന്‍ പ്രതിവചിച്ചു .

"പക്ഷെ ഏറ്റവും സങ്കടം എനിയ്ക്ക്", കുട്ടി ഗദ്ഗദ കണ്ഠനായി, " മുതിര്‍ന്നവര്‍ എന്നെ, ഞാന്‍ പറയുന്നതിനെ ഗൌനിക്കാത്തതിലാണ്"

വൃദ്ധന്‍ ദുര്‍ബലമായ തന്‍റെ കൈകള്‍ കൊണ്ട് കുട്ടിയെ അധികമായൊരാശ്ലേഷത്തിലമര്‍ത്തി.

"നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"

വൃദ്ധന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.

Friday, June 17, 2011

മുത്തശ്ശനും, ഉണ്ണിയും


മുത്തശ്ശന്‍ എന്നും ഗൃഹാതുരത്വത്തോടെ അയവിറക്കിയത് പോയ കാലത്തെ ആ നല്ല നാളുകളെപ്പറ്റി മാത്രമായിരുന്നു.

"അറിയോ ഉണ്ണീ"

തന്‍റെ പേരമകനോട്‌ മുത്തശ്ശന്‍ പറയും. മറ്റെല്ലാവരുടേയുടെയും തീരാത്ത ജീവിതത്തിരക്കുകള്‍ക്കിടയില്‍ മുത്തശ്ശന് ശ്രോതാവായി അവശേഷിച്ചത് ഉണ്ണിയും, ഉണ്ണിക്ക് കൂട്ടായുണ്ടായിരുന്നത് മുത്തശ്ശനും മാത്രമായിരുന്നുവെന്ന സത്യം അവരിരുവരേയും ഏറെ അടുപ്പിച്ചിരുന്നു.

"നമ്മുടെ ഈ വീട് നില്‍ക്കുന്നിടം അടക്കം ഇവിടെല്ലാം വിശാലമായ പാടങ്ങളായിരുന്നു."

ഉണ്ണി കഥ കേള്‍ക്കും പോലെ സാകൂതം കാതു കൂര്‍പ്പിച്ചിരിക്കും. മാത്രമല്ല മുത്തശ്ശന്‍റെ കവിളുകളില്‍ കാലം മാഞ്ഞുപോവാത്ത വിധം വരച്ചിട്ട ചുളിവുകളില്‍ അവന്‍റെ നനുത്ത ഇളംവിരലുകള്‍ കൊണ്ട് തടവി നോക്കാന്‍ അവനു ഏറെ ഇഷ്ടവുമായിരുന്നു.

"തെക്കോട്ടും വടക്കോട്ടും കണ്ണെത്താദൂരത്തോളം പച്ചയണിഞ്ഞു നിന്ന പാടങ്ങള്‍. ഡിസമ്പര്‍, ജനുവരി മാസങ്ങളില്‍ രാവിലെ ഉണര്‍ന്നു നോക്കിയാല്‍ അകലെ കോടമഞ്ഞു മൂടിയ അവ്യക്തതയായിരുന്നു അതിന്‍റെ അവസാനിക്കാത്ത അതിര്‍ത്തി. വെയില്‍ പരക്കുംതോറും ആ അതിര്‍ത്തികള്‍ പിന്നെയും ദീര്‍ഘിച്ചു അകലെയുള്ള ഊരോത്തു മലയോളമെത്തും.തെക്കോട്ടു നോക്കിയാല്‍ ഭാരതപ്പുഴയും കടന്നു അതിനപ്പുറം അങ്ങകലെ ആ കുന്നും കാടും നിറഞ്ഞ പ്രദേശവുമായി ലയിച്ചു ചേരുന്ന മറ്റൊരു ദീര്‍ഘദൂര കാഴ്ചയായിരുന്നു."

ഉണ്ണിയുടെ ആകാശം പോലെ തെളിഞ്ഞ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു മുത്തശ്ശന്‍റെ മഴയും വെയിലുമേറ്റു പതം വന്ന കണ്ണുകളിലേക്ക് നോക്കി.

"മഴക്കാലമായാല്‍ നിറഞ്ഞുപെയ്യുന്ന മഴയില്‍ ആകാശവും ഭൂമിയും ചുരുങ്ങി, ചുംബിച്ച് ഒന്നാവുന്ന ഒരു ലയനമേളം കാണാമായിരുന്നു. പിന്നെ പുഴയും പാടവും ആശ്ലേഷിച്ചു ഒന്നാവുന്ന ഒരു തിരയില്ലാ സാഗരവും."

ആ കാലം അയവിറക്കുമ്പോള്‍ മുത്തശ്ശന്‍റെ ശബ്ദം കൊയ്ത്തുപാട്ടിന്‍റെ താളത്തില്‍ അലകളായി.

ഉണ്ണിയുടെ അച്ഛന്‍ ഏറെയും പറഞ്ഞത് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടത്തില്‍ കോടികള്‍ കൊയ്ത സുവര്‍ണ്ണകാലത്തെ പഞ്ചനക്ഷത്ര വിരുന്നുകളിലെ സൌഹൃദങ്ങളെക്കുറിച്ചായിരുന്നു. വാങ്ങാനും വില്‍ക്കാനുമായി ഇനിയും ഭൂമിയൊന്നും അവശേഷിക്കാത്തതില്‍ അയാള്‍ അസ്വസ്ഥനായി. ദൂരെ കിഴക്കുള്ള അടിവാരങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് അയാള്‍ സദാ ഉറക്കെ ചിന്തിച്ചു.

മുത്തശ്ശനുമായുള്ള കൂട്ടു മൂലമാവാം, മുതിര്‍ന്നു തുടങ്ങിയപ്പോള്‍ ഉണ്ണിയും കൂടുതലും വാചാലനായത് കൃഷിയിടങ്ങളെപ്പറ്റിയായിരുന്നു. അത് കേള്‍ക്കെ മുത്തശ്ശനുണ്ടായ സന്തോഷം തെല്ലൊന്നുമായിരുന്നില്ല. തന്‍റെ മകന്‍ പാടമെല്ലാം നികത്തി വിറ്റു കാശാക്കിയതിന്‍റെ വേദനിയ്ക്കുന്ന ഒര്‍മ്മകളില്‍ നിന്ന്, തന്‍റെ പേരമകന്‍ തനിക്ക് മോക്ഷം നല്‍കുമെന്നോര്‍ത്തപ്പോള്‍ വൃദ്ധന് ശാന്തമായ ഒരു മരണം സ്വപ്നം കണ്ടുറങ്ങനായി.

അങ്ങിനെയൊരു ദിവസമാണ് തന്‍റെ കൃഷിയിലും, കൃഷിപരിപാലനത്തിലുമൊക്കെയുള്ള ചാതുര്യം മുത്തശ്ശനിപ്പോള്‍ തന്നെ കാണിച്ചു തരാം എന്ന് പറഞ്ഞു വൃദ്ധനെ പേരമകന്‍ ഒരു കസേരയില്‍ പിടിച്ചിരുത്തിയത്. മുത്തശ്ശന് പക്ഷെ ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ചെറുക്കന്‍ മൗസ് ക്ലിക്ക് ചെയ്ത്, ചെയ്ത് ഫേസ് ബുക്കിലെ തന്‍റെ ഫാംവിലെയിലേക്ക് പ്രാവേശിക്കുകയായിരുന്നു. അതായിരുന്നു അവന്‍റെ തലമുറയുടെ ഉത്തരാധുനിക കൃഷിയിടങ്ങള്‍.

മൂകനായിരുന്ന മുത്തശ്ശന്‍ തുറന്നിട്ട വിശാലമായ ജനലിലൂടെ പുറത്തേക്ക് നോക്കി. പെയ്തുകൊണ്ടിരുന്ന മഴയില്‍ അകത്തേക്ക് അടിച്ചു വീശിയ കാറ്റിലും ഉഷ്ണത്തിന്‍റെ വിങ്ങലായിരുന്നു.

Sunday, January 9, 2011

കലണ്ടറിലെ ബാക്കി



ബസ്സിറങ്ങിയ പാടെ റോഡ്‌ മുറിച്ചു കടന്ന് അപ്പുറത്തെ സൈഡിലുള്ള കൂറ്റന്‍ ബില്‍ഡിംഗ് ബ്ലോക്കിന് നേരെ നടന്നു നിയാസ്‌.

വെള്ളിയാഴ്ചയായതിനാല്‍ റോഡ്‌ നിറയെ വാഹനങ്ങളാണ്. റോഡിന്‍റെ ഇരു വശത്തും ആളുകള്‍ തിങ്ങി നിറഞ്ഞതിന്‍റെ അസഹ്യമായ തിരക്കും. വെള്ളിയാഴ്ചകള്‍ അങ്ങിനെയാണ് ഈ ചെറിയ നഗരത്തില്‍. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന പ്രവാസികളായ ഇന്ത്യക്കാരും ബംഗാളികളും മറ്റു നാട്ടുകാരും ഈ ദിവസം ഇവിടെ ഒത്തു ചേരുന്നു. പലരെയും അവരുടെ കംപനി വാഹനം തന്നെയാണ് കൂട്ടത്തോടെ ഇവിടെ കൊണ്ട് വന്നിറക്കുന്നത്. അകലങ്ങളിലുള്ള ജോലിസ്ഥലങ്ങളില്‍ തുടര്‍ച്ചയായി ആറു ദിവസം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പണിയെടുക്കുന്നവര്‍ക്ക് വരാന്‍ പോവുന്ന ഓരോ വെള്ളിയാഴ്ചയും എരിയുന്ന മരുഭൂവിലകപ്പെട്ടവന് മുമ്പില്‍ തെളിയുന്ന തണ്ണീര്‍ തടാകം പോലെയാണ്. അന്ന് അവര്‍ ഈ കൊച്ചു നഗരത്തില്‍ ഒത്തു കൂടി തങ്ങളുടെ കണ്ണീരും കിനാവും പങ്കു വെയ്ക്കുന്നു. പരസ്പരം കണ്ടും മിണ്ടിയും ഏതു ചൂടിനെയും തണുപ്പിനെയും വകവെയ്ക്കാതെ കാത്തിരുന്ന സംഗമവേളകളെ സജ്ജീവമാക്കുന്നു. വരുന്ന ഒരാഴ്ചത്തേക്കുള്ള ഒറ്റപ്പെടലിന്‍റെ നീറ്റലിനെ, ജോലിയിലുടലെടുക്കുന്ന സങ്കീര്‍ണ്ണതകളെ, സമസ്യകളായവശേഷിക്കുന്ന ജീവിത ക്ലേശങ്ങളെ എല്ലാം ലഘൂകരിക്കാനുള്ള ഊര്‍ജ്ജ സംഭരണ ദിവസമാണ് വെള്ളിയാഴ്ചകള്‍ അവര്‍ക്ക്. ആഴ്ചയിലൊരിക്കലുള്ള അവരുടെ ഈ നഗരാധിനിവേശത്തെ വ്യാപാരികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ നഗരവാസികള്‍ അവരെ ശല്യക്കാരായ വിരുന്നുകാരായി കാണുന്നു. ഈ ദിവസം സായാഹ്ന സമയമാവുമ്പോഴേക്ക് ആളു തിങ്ങിയ ബസ്സിനകത്ത് ചെന്നുപെട്ട പ്രതീതിയാണ് ഇതിലൂടെയുള്ള യാത്ര.

മനസ്സാഗ്രഹിക്കുന്ന പോലെ ശരീരത്തെ മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയാതെ ഞെങ്ങി ഞെരുങ്ങി ഒരു വിധം അയാള്‍ റോഡിനപ്പുറം കടന്ന് ഉദ്ദ്യേശിച്ച കെട്ടിടത്തിനകത്തെത്തി. അതിന്‍റെ മൂന്നാമത്തെ പ്രവേശന കവാടത്തിലെവിടെയോ ഉള്ള പണമെടുക്കുന്ന റ്റെല്ലര്‍ മെഷിന്‍ ലക്‌ഷ്യമാക്കി മുന്നോട്ടു നീങ്ങി.

അന്ന് രാവിലെ മുതല്‍ വിവരിക്കാനാവാത്ത ഒരു മാനസിക സമ്മര്‍ദ്ധം അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും ഉച്ച കഴിഞ്ഞപ്പോള്‍ നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള തന്‍റെ സുഹൃത്തിനെ കാണാന്‍ പോയി വൈകുന്നേരം തിരിച്ചു പോരാന്‍ ബസ്സിലിരിക്കുന്ന സമയത്ത് രാവിലെ തന്നെ പിടികൂടിയ മ്ലാനതയില്‍ നിന്ന് ഏറെക്കുറെ മോചിതാനായിരുന്നു. ബസ്‌ചാര്‍ജ് കൊടുത്ത് തന്‍റെ പേഴ്സിനകത്തേക്ക് ഒന്ന് കൂടി നോക്കിയപ്പോഴാണ് അതില്‍ ഇനി ബാക്കിയുള്ളത് പത്ത് റിയാലിന്‍റെ മൂന്ന് നോട്ടുകള്‍ മാത്രമാണെന്ന് പിന്നെയും ഓര്‍ത്തത്. തന്‍റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു ഡേറ്റ് വീണ്ടും നോക്കി. അതെ, ശമ്പളം വരാന്‍ ഇനിയും ഒരാഴ്ചയുണ്ട്. ഈ ഒരാഴ്ച മറികടക്കണമെങ്കില്‍ എങ്ങിനെ കുറച്ചു ചിലവഴിച്ചാലും കയ്യിലുള്ള മുപ്പത് റിയാലിലേക്ക് അമ്പതു കൂടി എന്തായാലും കൂട്ടേണ്ടി വരും. അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവിനു നാട്ടിലേക്ക് സാമാന്യം വലിയ തുക പെട്ടെന്ന് കടം വാങ്ങി അയക്കേണ്ടി വന്നതാണ് ഈ മാസത്തെ ബജറ്റ് ഇങ്ങിനെ താളം തെറ്റിച്ചത്. അയാള്‍ക്ക്‌ ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. പണത്തിന്‍റെ ധാരാളിത്തം ഒരിക്കലും കൈവന്നിട്ടില്ലെങ്കിലും കടം വാങ്ങി തീരെ ശീലമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏറെ മെലിഞ്ഞുപോയ തന്‍റെ പേഴ്സും കലണ്ടറിലെ തികയാതെ കിടക്കുന്ന തിയതികളും അയാളെ തെല്ല് മൂകനാക്കി. ചെറിയ തുകയാണെങ്കിലും ഇനിയും കടം വാങ്ങാന്‍ വയ്യ.

അങ്ങിനെ സുഹൃത്തിനെ കണ്ട് ആര്‍ജിച്ച ഉത്സാഹമെല്ലാം ചോര്‍ന്ന് ബസ്സില്‍ അയാള്‍ പുറത്തേക്ക് തന്നെ നോക്കാതെ നോക്കിയിരുന്നു. അപ്പോഴാണ് വഴിയില്‍ മിന്നിമറഞ്ഞ ആ റ്റെല്ലര്‍ മെഷിന്‍ അയാളുടെ കെട്ടുപോയ ഉത്സാഹത്തെ ഒന്ന് ഇക്കിളിയാക്കിയത്. ഒരു സാധ്യതയുടെ സാന്ത്വനം. ശൂന്യമെന്നു താന്‍ കരുതിയിരുന്ന തന്‍റെ ബാങ്ക് അക്കൌണ്ടില്‍ എന്തോ ഒരു ചില്ലറ ശേഷിപ്പ് കിടപ്പില്ലേ എന്ന പ്രതീക്ഷയുടെ ഒരു കിരണം മനസ്സില്‍ മിന്നി. എങ്കിലും തീരെ ഉറപ്പു പോരാ. മനസ്സ് എപ്പോഴും അങ്ങിനെയാണ്. ശുഭാപ്തിയുടെ പ്രതീക്ഷകളെ അത്താണിയാക്കി മനസ്സിന്‍റെ ഭാരം അല്‍പനേരമെങ്കിലും ഇറക്കി വെച്ച് ആശ്വാസം കൊള്ളാന്‍ പലപ്പോഴും അത് അറച്ചു നില്‍ക്കും. അന്ന് തിടുക്കത്തില്‍ പണമെടുത്ത് അയച്ചപ്പോള്‍ കിട്ടാവുന്നത്ര ATM ല്‍ നിന്ന് ഊറ്റിയെടുത്തിരുന്നു എന്ന് തന്നെയാണോര്‍മ. എന്നാലും, ഏറെ ദാഹിച്ച നേരത്ത് തീര്‍ന്നു പോയ കുടിവെള്ള ബോട്ടിലിന്‍റെ അടിത്തട്ടില്‍ അരക്കപ്പ് വെള്ളമെങ്കിലും ഊറ്റിയെടുക്കാന്‍ കാണും എന്ന അര്‍ദ്ധ പ്രതീക്ഷയുടെ ഒരു തണുപ്പ് മനസ്സില്‍ എവിടെയോ.

ഈ ഉദ്വേഗത്തില്‍ ഉടക്കിയ മനസ്സുമായാണ് ആയാള്‍ ഷോപ്പിംഗ്‌ മാളിനോട് ചേര്‍ന്നുള റ്റെല്ലര്‍ മെഷീനരികിലേക്ക് നടന്നടുത്തത്. ATM കാര്‍ഡ്‌ മെഷിനിന്‍റെ വായില്‍ വെച്ചപാടെ മെഷിന്‍ അത് "ടപ്" എന്ന് വിഴുങ്ങി. പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു. അതു നല്‍കിയ ശേഷം ബാലന്‍സ് ബട്ടണില്‍ വിരലമര്‍ത്തി. ഒരു നിമിഷം, പ്രാര്‍ത്ഥിക്കുന്ന പോലെ അയാള്‍ മെഷിന്‍ സ്ക്രീനിനു മുമ്പില്‍ നിന്നു. SR.85 എന്ന് ബാലന്‍സ്‌ ഡിസ്പ്ലേയില്‍ തെളിഞ്ഞു. അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം പുറത്തു വന്നു. വിത്ഡ്രാവല്‍ ബട്ടണില്‍ വിരലമര്‍ന്നത്‌ പെട്ടെന്നായിരുന്നു. മുഴുവനും എടുക്കാനാവില്ല, എടുക്കുന്നത് അമ്പതിന്‍റെ ഗുണിതം തന്നെയാവണം എന്നത് മെഷിന്‍റെ കണിശമായ നിഷ്ഠയാണ്. 50 എന്നടിച്ച് കണ്‍ഫേം ബട്ടന്‍ അമര്‍ത്തി. "റിസിപ്റ്റ് പ്രിന്‍റ് ചെയ്യണമോ?" എന്ന് വീണ്ടും ചോദ്യം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷിനാണെന്ന് തോന്നി. 85 മില്യന്‍ റിയാല്‍ ഉള്ളവനോടും വെറും 85 റിയാല്‍ ഉള്ളവനോടും റിസിപറ്റ് വേണമോ എന്ന് ചോദിക്കും. ഇതിലടങ്ങിയ യുക്തിയുടെ ഐറണിയോര്‍ത്തോ എന്തോ അയാളുടെ ചുണ്ടില്‍ ഒരു മന്ദഹാസം പാതി വിടരാന്‍ വിതുമ്പി.

പിറകില്‍ കാത്തു നില്‍ക്കുന്ന സൌദിയുടെ തിടുക്കത്തിന്‍റെ "*യാ അല്ലാ, സുറാ, സുറാ" ഒച്ച കേട്ട് റിസിപ്‌റ്റിന് "No" ബട്ടന്‍ അമര്‍ത്തി. "ടിക്" ശബ്ദത്തില്‍ പുറത്തേക്ക് വന്ന കാര്‍ഡിനെ യന്ത്രത്തിന്‍റെ ഉപദേശം ഉള്‍ക്കൊണ്ട്‌ വേഗത്തില്‍ എടുത്ത്‌ പോക്കറ്റിലിട്ടു. " ടിക്‌, ട്ര്ര്‍ ", ഒരു നിമിഷം, ഇളം പച്ച നിറമുള്ള ഒരു നോട്ട് പുറത്തു വന്നു. നിര്‍ന്നിമേഷനായി അല്‍പനേരം അയാള്‍ അതിലേക്കു നോക്കി നിന്നു. മുന്‍പ് ഒരേ മാസത്തില്‍ തന്നെ ഒന്നിലധികം തവണ നാലായിരവും അയ്യായിരവും റിയാല്‍ എടുക്കുമ്പോഴൊന്നും ഇത്ര അരുമയോടെ ഒരു നോട്ട് പുറത്തേക്ക് വരുന്നത് അയാള്‍ നോക്കി നിന്നിരുന്നില്ല. പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു. വലിച്ചെടുക്കുമ്പോള്‍ നോട്ട് കീറിപ്പോവുമോ എന്ന് ഭയക്കും പോലെ. കയ്യിലെടുത്ത നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ ഒരു ഭാഗത്തിരുന്ന് ചിരിക്കുന്ന രാജാവിന് ജീവനുണ്ട്. ആ നോട്ടിനുള്ളില്‍ ഒരു ഹൃദയം മിടിക്കുന ശബ്ദവും അയാള്‍ക്ക്‌ കേള്‍ക്കാം. ആ മിടിപ്പിന് ചെവിയോര്‍ത്തുകൊണ്ട് ഒരു നിമിഷം അയാള്‍ നിന്നു. ഈ ഹൃദയമിടിപ്പ് മുന്‍പൊരിക്കലും തന്‍റെ ശ്രദ്ധയില്‍ വരാതിരുന്നതെങ്ങിനെയാണ് എന്ന് സ്വയം ആശ്ചര്യം കൊണ്ടു.

പിന്നീട്, ഭദ്രമായി ആ നോട്ട് തന്‍റെ ഇടതു നെഞ്ചിനു മീതെയുള്ള പോക്കറ്റിലിട്ട് വലതു കൈപടം കൊണ്ട് അതിനു മീതെ പതുക്കെ തലോടി വീണ്ടും ഉറപ്പു വരുത്തി പുറത്തെ തിരക്കിലേക്ക് നടന്നു നിയാസ്‌. പുതിയ കലണ്ടര്‍ കൊണ്ടു വരാവുന്ന പുതിയ പ്രതീക്ഷകളിലേക്ക്, പുതിയ പ്രയാണങ്ങളിലേക്ക്.
---------------------------------------
*"സുറാ, സുറാ": വേഗം, വേഗം.

Tuesday, January 4, 2011

ലൈവ് കമന്‍റ്



അവിചാരിതമായി ജോലി നഷ്ടപ്പെട്ടതിന്‍റെ വ്യഥ തന്‍റെ വായനക്കാരുമായി പങ്കിടാനാണ് അയാള്‍ തന്‍റെ ഉള്ളുരുകി ഒരു പോസ്റ്റിട്ടത്.
വായിക്കാതെ കമെന്‍റെഴുതുന്ന ചില വിരുതന്‍മാര്‍ "അഭിനന്ദനങ്ങള്‍" എന്ന് തുരുതുരാ കമെന്‍റിട്ടു.
അന്നാണ് അയാള്‍ തന്‍റെ ബുദ്ധിജീവി സഞ്ചി തുറന്ന് തന്‍റെ കവിതകളെല്ലാം തീപെട്ടിക്കൊള്ളിക്ക് തിന്നാന്‍ കൊടുത്ത്,
തന്‍റെ ബ്ലോഗ്‌ ഡിലീറ്റ് ചെയ്ത് പാസ്സ്‌വേര്‍ഡ്‌ ഗൂഗിളിന്‍റെ ചവറ്റു കൊട്ടയിലെറിഞ്ഞത്.

എന്നിട്ടയാള്‍ കവി അയ്യപ്പനെ വായിച്ചു തെരുവിലേക്കിറങ്ങി.

പിന്നീട്... വഴിവക്കില്‍ അനാഥമായി ചേതനയറ്റു കിടന്ന അയാളുടെ അകാശത്തേക്കുയര്‍ന്ന മിഴികള്‍ നോക്കി വഴിയാത്രക്കാര്‍ ലൈവ് കമന്‍റിട്ടു.
"എന്നാലും... എങ്ങിനെ കഴിയേണ്ട ആളായിരുന്നു!....."

Monday, December 13, 2010

ഒരു വാക്ക്



ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് രവിക്ക് ഡോക്ടറുടെ മുറിയിലേക്ക് കയറാന്‍ കഴിഞ്ഞത്. കാത്തിരിക്കുന്ന രോഗികളെ തോല്‍പ്പിച്ച് മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടറുടെ അടുത്തേക്ക്‌ വലിയ ബാഗും തൂക്കിപ്പിടിച്ചു നുഴഞ്ഞു കയറുന്നു. ഇവരെ ഡോക്ടര്‍ക്കും വലിയ കാര്യമാണ് എന്നിടത്താണ് രോഗികള്‍ തോല്‍ക്കുന്നത്. ഡോക്ടറെ കാണാന്‍ കാശടച്ചു റ്റോക്കന്‍ എടുത്തവര്‍ വാ പൊളിച്ചു കാത്തിരിക്കുക തന്നെ.

സമീപത്തുള്ള കസേരയിലേക്ക് കൈകാണിച്ച് ഇരിക്കാന്‍ പറഞ്ഞു ഡോക്ടര്‍. താന്‍ പരിശോധനയ്ക്ക് വേണ്ടി വന്നതല്ലെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി. തിരക്കിന്‍റെ അസ്വസ്ഥത പടരുന്ന മുഖം. "ഞാന്‍ രാജന്‍റെ..." അയാള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ മുഖം വിവര്‍ണ്ണമായി. ഒരു നിമിഷത്തെ മൌനത്തിനു ശേഷം തന്‍റെ സ്വര്‍ണ ഫ്രയിമിലുള്ള കണ്ണടയ്ക്കുള്ളില്‍ നിന്ന് ഡോക്ടറുടെ കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഇളകി. പിന്നെ ഹൃദയജന്യ രോഗങ്ങളുടെ ആകസ്മികഭാവങ്ങളെപ്പറ്റി, അതിന്‍റെ പ്രവചനാതീത സ്വഭാവത്തെ പറ്റി എല്ലാം ഹൃസ്വമായി വിവരിക്കാന്‍ തുടങ്ങി. കുറ്റബോധത്തിന്‍റെ ലാഞ്ചന ആ മുഖത്ത് മിന്നിമറയുന്നുണ്ടോ എന്ന് രവി സൂക്ഷിച്ചു നോക്കി. പിന്നെ ഡോക്ടറെ പഴി ചാരാന്‍ പഴുത്‌ തേടുന്ന തന്‍റെ ദുര്‍ബല മനസ്സിനെ ശാസിച്ചു അടക്കിയിരുത്താന്‍ ശ്രമിച്ചു.

കാത്തു കിടക്കുന്ന രോഗികളുടെ കടലാസുകെട്ട് മെലിഞ്ഞു നീണ്ട ലേഡിനേഴ്സ് ഡോക്ടറുടെ പുതിയ മാക്‌ ലാപ്റ്റോപിനരികില്‍ വെച്ചു. തന്‍റെ തീരാതിരക്കിന്‍റെ കൂടുന്ന പള്‍സ് പിന്നെയും ഡോക്ടറുടെ മിഴികളില്‍ പ്രതിഫലിച്ചു. ഇനിയും അവിടെ ഇരിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിലൊതുക്കി രവി വിട വാങ്ങി. കതകു തുറക്കുമ്പോള്‍ സോഫകളില്‍ നിറഞ്ഞ്, അവിടെയുമിവിടെയുമായി ചാഞ്ഞും ചെരിഞ്ഞും ഡോക്ടറെ കാണാന്‍ കാത്തു കിടക്കുന്നവര്‍‍. അടുത്ത് നില്‍ക്കുന്നയാളുടെ റ്റോക്കന്‍ നമ്പര്‍ അന്വേഷിക്കുന്നു ചിലര്‍. ക്യാഷ്‌ കൌണ്ടറിലെ തിരക്കിനെ തലോടി കനത്ത ചില്ല് വാതിലുകള്‍ തുറന്ന് പുറത്തിറങ്ങി അയാള്‍ ആശുപത്രി ഗേറ്റ് കടന്നു.

മെഡിക്കല്‍ ഷോപ്പിനു മുന്‍പില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരുടെ വരിയും വകഞ്ഞു മാറ്റി റോഡിലേക്കിറങ്ങുമ്പോള്‍ സാന്ത്വനമില്ലാത്ത കണ്ണുനീര്‍ പോലെ നേരിയ ചാറ്റല്‍ മഴ പരന്നു തുടങ്ങി. റോഡരികിലൂടെ അലസമായി നടന്നു നീങ്ങുന്ന ഒരു പറ്റം അറവുമാടുകള്‍. ഓരോട്ടോ പിടിക്കാനായി റോഡിനപ്പുറം കടക്കാന്‍ തിരക്കേറിയ ആ വഴിയില്‍ അയാള്‍ പിന്നെയും കാത്തു നിന്നു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസ്സുകളില്‍ കയറിപ്പറ്റാന്‍ മത്സരിച്ചോടുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍.

ആ ബഹളത്തിലും അയാളുടെ ഓര്‍മ്മകള്‍ പിറകോട്ടു പോയി. ഏതൊരു കഥയായാലും അതിന്‍റെ അന്ത്യത്തില്‍ ഒരു ട്വിസ്റ്റ്‌ വേണമെന്ന് ശഠിക്കുന്നയാളായിരുന്നു രാജന്‍. കഥയുടെ മധ്യത്തില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ടായാല്‍ എങ്ങിനെയിരിക്കും എന്നുള്ളത് ആരും അധികം ഓര്‍ത്തു നോക്കാറില്ലെന്നു തോന്നുന്നു. ഉപജീവനത്തിനായി കടലിനപ്പുറം കടന്ന ലക്ഷങ്ങളില്‍ ഒരുവനായിരുന്നു രാജനും. തന്‍റെ ചെറിയ വീടിന്‍റെ പണി തുടങ്ങി വെച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അവധിയ്ക്ക് വരിക. അപ്പോഴാണ്‌ വീട്പണിയുടെ ഓരോ ഘട്ടവും പുരോഗമിക്കുക. കിട്ടാനില്ലാത്ത പണിക്കാരെ ഓടിച്ചിട്ടു പിടിച്ചുകൊണ്ട് വരാന്‍ മാത്രം പണത്തിന്‍റെ ഗ്ലാമാറുള്ള ഒരു പ്രവാസിയായിരുന്നില്ല രാജന്‍. അവധിയ്ക്ക് വരുമ്പോള്‍ അണിയുന്ന പുതുവസ്ത്രങ്ങളുടെ മോഡിയില്‍ തന്‍റെ ദാരിദ്യം മറയ്ക്കുന്ന ഒരു ശരാശരി ഗള്‍ഫുകാരന്‍. രാജന്‍റെ വീടുപണി തുടങ്ങിയ ശേഷം തുടങ്ങിയ മറ്റുള്ള എത്രയോ രമ്യഹര്‍മങ്ങള്‍ പണി പൂര്‍ത്തിയായി താമസവും തുടങ്ങി. മൂന്ന് നാല് മാസത്തെ അവധിയില്‍ കഴിയുന്നത്ര പണികള്‍ തീര്‍ത്തിട്ട് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുകയാണ് രാജന്‍റെ പതിവ്. പിന്നെ രണ്ടു വര്‍ഷം മഴയും വെയിലുമേറ്റ് പണിതീരാത്ത ആ വീട് അങ്ങിനെ കിടക്കും.

ഞെങ്ങി ഞെരുങ്ങി, കടം വാങ്ങിയാണെങ്കിലും വീടിന്‍റെ ബാക്കി പണി തീര്‍ത്ത്‌ താമസം തുടങ്ങാം എന്ന സന്തോഷത്തിലാണ് രാജന്‍ ഇക്കുറി അവധിയില്‍ വന്നത്. തിരിച്ചു പോവാന്‍ ഒരു മാസം കൂടി ബാക്കിയുള്ള സമയമായപ്പോഴേക്ക് ഒരു വിധം പണിയെല്ലാം പൂര്‍ത്തിയായി.

രണ്ടു ദിവസം കഴിഞ്ഞു നടക്കാന്‍ പോവുന്ന വീട് കൂടല്‍ ചടങ്ങിനു ക്ഷണിക്കാന്‍ ഇന്നലെ രാവിലെയാണ് രവിയുടെ വീട്ടില്‍ രാജന്‍ കുടുംബസമേതം വന്നത്. മൂത്ത മകള്‍ പ്ലസ്‌റ്റുവിനു പഠിക്കുന്നു. മകന്‍ ആറാം ക്ലാസിലും. അധികനേരം തങ്ങിയില്ല. മറ്റുള്ള ബന്ധു-സുഹൃത് വീടുകളില്‍ എത്താന്‍ തിരക്കുള്ളതിനാല്‍ പെട്ടെന്ന് വിട പറഞ്ഞു. സാധാരണയായി ഏറെ നേരം സംസാരിച്ചിരിക്കുന്ന ആളാണ്‌.

അന്ന് ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട നെഞച് വേദനയാണ് രാജനെ ഡോക്ടര്‍ക്കരികിലെത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ കുറിച്ച് കൊടുത്തത് ഗ്യാസ്‌ട്രബ്ളിനുള്ള ഗുളിക. അടുത്ത പുലരി വെളുക്കും മുന്‍പ് മോര്‍ച്ചറിയുടെ അതിശൈത്യത്തില്‍ മരവിച്ചു നിവര്‍ന്നു കിടന്നു അയാള്‍.

പേമാരിയുടെ വരവറിയിച്ചു കൊണ്ട് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടു മൂടി. മഴത്തുള്ളികള്‍ക്ക് കനം വെച്ചു. ഭൂമിയുടെ പൊള്ളുന്ന നോവ്‌ പകര്‍ന്നു വാങ്ങി കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി. കുണ്ടും കുഴികളും നിറഞ്ഞ പാതയില്‍ വെള്ളം കയറി മുന്നോട്ടുള്ള യാത്ര ദുര്‍ഘടമായപ്പോള്‍ ഇനി മുന്നോട്ടു പോവാനാവില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. നടക്കാവുന്ന ദൂരമേ ഇനി വീട്ടിലേക്കുള്ളൂ. ഓട്ടോക്കാരനെ പിരിച്ചു വിട്ട് കയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി രവി മെല്ലെ നടന്നു. കുടയുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ. മുന്‍പോട്ടുള്ള കാഴ്ച അസാധ്യമാക്കും വിധം കോരിച്ചൊരിയുന്ന ആ മഴയില്‍, അതില്‍ നിറയുന്ന വന്യസംഗീതത്തിന്‍റെ ആദിവിഷാദത്തില്‍ അലിഞ്ഞു സ്വയം ഇല്ലാതാവാന്‍ ഒരു വേള അയാള്‍ മോഹിച്ചു.

"മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
എന്ന് പാടിയത് കവി അയ്യപ്പനാണോ?

രാജന്‍ അവസാനമായി അണിഞ്ഞിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ രണ്ടു കടലാസു തുണ്ടുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഫര്‍ണീച്ചര്‍ കടയിലും, വീടിന്‍റെ കോണ്‍ട്രാക്ടര്‍ക്കും കൊടുത്ത് തീര്‍ക്കേണ്ട തുകയുടെ വിശദമായ കണക്ക്. പിന്നെ റിയാദിലേക്കുള്ള റികണ്‍ഫേം ചെയ്ത മടക്കവിമാനയാത്രാ ടിക്കറ്റും.