Saturday, August 21, 2010

ചാനലും, ചര്‍ച്ചയും പിന്നെ നമ്മള്‍ കഴുതകളും













മലയാള TV ചാനലുകള്‍ കേരളത്തെ കര്‍ണാടകമാക്കാന്‍ കരാറെടുത്തതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും, അധ്യാപകന്‍റെ കൈവെട്ടു സംഭവത്തോടെ അത് ത്വരിതവേഗം കൈവരിക്കുകയും, മദനി അറസ്റ്റോടെ അത് ആഘോഷമാവുകയുമാണ്. ഏതെല്ലാം തരത്തിലുള്ള ചര്‍ച്ചകളാണ് മതേതര ജാനാധിപത്യത്തിന്‍റെ ഈ ഫോര്‍ത്ത് എസ്റ്റേറ്റ് കാവലാളുകള്‍ നമുക്ക് മുന്‍പില്‍ വിളമ്പിത്തരുന്നത്‌. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന കാര്യം നിസ്തര്‍ക്കമാണ്. Law should take its course എന്ന നമ്മുടെ നേതാക്കളുടെ പ്രിയപ്പെട്ട പല്ലവിക്കുപരി Justice should take its course.

കൈവെട്ടികള്‍ ഉന്നം വെച്ചത് സാമുദായിക ദ്രുവീകരണം ആയിരുന്നുവെങ്കില്‍, അത് കുടുതല്‍ വേഗത്തിലും ആഴത്തിലും ആക്കിക്കൊടുക്കാന്‍ വേണ്ടി നമ്മുടെ എല്ലാ ചാനലുകളും മത്സരിക്കുകയാണ്. ഉദാഹരണത്തിന്, നമ്മുടെ പല ജനപ്രിയ ടോക്ക് ഷോ, ടിബേറ്റ് പരിപാടികളും ഈയിടെ കണ്ടവര്‍ ഒരു horror movie കണ്ട പ്രതീതിയില്‍ അന്തിച്ചിരിപ്പാവും. മൂന്നും, നാലും ഭാഗങ്ങളുള്ള മാസങ്ങള്‍ നീളുന്ന മെഗാ-ഭീകര-പരമ്പരകള്‍ ആയാണ് ഇവ മിനിസ്ക്രീനില്‍ നിറയുന്നത്. ടൈറ്റ്ല്‍സ്‌ കാണിക്കുമ്പോള്‍ തന്നെ എല്ലാം തികഞ്ഞ ഒരു Hollywood thriller ന്‍റെ ചടുല സംഗീതം പിന്നണിയില്‍ കേള്‍ക്കാം, ഇടയ്ക്ക് ഒരു ടൈറ്റാനിക് ഇഫെക്ടില്‍ ഒരു തരുണിയുടെ വിലാപനാദവും, പിന്നെ സ്വയം സേവകരും, ജിഹാദി പയ്യന്‍സും നിക്കറില്‍ നിന്ന് വടി ചുഴറ്റുന്നതും, ചിട്ടയില്‍ അടിവെക്കുന്നതുമൊക്കെ കാണിക്കും. ആകെക്കൂടി ഭീകരമയം. ചര്‍ച്ച തുടങ്ങിയാല്‍ പാനലില്‍ ഇരിക്കുന്ന ഓരോ പാര്‍ട്ടിക്കാരനും മറ്റവന് നേരെ വിരല്‍ ചൂണ്ടി blame-game ആരംഭിക്കുകയായി. ഇതിനിടെ ഓഡിയന്‍സിലെ ചില ഞരമ്പ്‌ രോഗികളും ഇതേ കലാപരിപാടി ഏറ്റെടുക്കുന്നു. ആകെ ബഹളമയം. ചര്‍ച്ചയെന്നുപേര്.

ഇനി ചില ഫ്ലാഷ് ബാക്കുകള്‍: ഇന്ത്യാമഹാരാജ്യത്ത് നമ്മള്‍ കേട്ട പരമ്പര സ്ഫോടനങ്ങള്‍ നിരവധി. എല്ലാറ്റിലും "പ്രതികള്‍" ഒരു വിഭാഗത്തില്‍ പെട്ട യുവാക്കള്‍ മാത്രമായിരുന്നു. ഓരോ പൊട്ടിത്തെറിക്കും പിറകെ അകത്താകുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍, പാഴാകുന്ന അവരുടെ ജീവിതങ്ങള്‍, തകര്‍ന്നടിഞ്ഞ അവരുടെ കുടുംബങ്ങള്‍. എവിടെയുംഎത്താത്ത അന്വേഷണങ്ങള്‍. അന്നേ വിവേകമതികള്‍ പറഞ്ഞു, എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന്. കപ്പലിനകത്ത് തന്നെ ഒരു കള്ളനുണ്ടെന്ന്. "മതേതര" മാധ്യമങ്ങള്‍ അതെല്ലാം അവഗണിച്ചു, ഭാവനാ വിലാസത്തില്‍ ഭീകരതയുടെ അപസര്‍പകകഥകള്‍ നെയ്തു വിട്ട മഹാപേനയുന്തികള്‍. സത്യത്തിന് എത്ര കാലം വിലങ്ങു തീര്‍ക്കാന്‍പറ്റും? മുറം പിടിച്ചു മറക്കാനൊക്കുമോ സൂര്യതേജസ്സിനെ? അങ്ങിനെ വരവായി കഥകള്‍ CBI തന്നെ കണ്ടെത്തിയ അനിഷേധ്യ തെളിവുകള്‍ പറയുന്ന ഞെട്ടിപ്പിക്കാത്ത കഥകള്‍‍. കാരണം ഗാന്ധിജിക്കെതിരെ ഉന്നമെടുത്ത ആ കൈകളുടെ ഉറവ അറിയുന്നവര്‍ക്ക് ഇവിടെ ഞെട്ടാന്‍ ഒന്നും ഇല്ല.

ഇങ്ങിനെ നിനച്ചിരിക്കാതെ നഗ്നത വെളിപ്പെട്ടു വെപ്പ്രാളമെടുത്ത ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകക്കാര്‍, contingency period ല്‍ escape നു ശ്രമിക്കാന്‍ അവര്‍ ഒരു ബാലിയാടിനെ മുന്‍കൂട്ടിതന്നെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അതായിരുന്നു മദനി. മൊസാദിയന്‍ തന്ത്രങ്ങള്‍ എന്നും അവര്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

നമ്മുടെ TV ചാനല്‍ വിദ്വാന്‍മാരില്‍ ചിലര്‍ ഇത് അറിഞ്ഞുകൊണ്ടും സഹകരിച്ചുകൊണ്ടും, ചിലര്‍ അറിയാതെയും, ചിലര്‍ താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാനുള്ള തിടുക്കത്തിലും പാടുന്ന വക്കാ വക്കാ വിളികളാല്‍ മുഖരിതമാണ് അന്തരീക്ഷം. എങ്കിലും നമുക്ക് പ്രതീക്ഷയുണ്ട്, നാട്ടിന്‍പുറത്തുകാരന്‍റെ നന്‍മയില്‍, സലീമിന്‍റെയും സഹദേവന്‍റെയും ഹൃദയ നൈര്‍മല്യത്തില്‍. ഒന്നും ഒന്നും രണ്ടാവില്ല. ബഷീറിന്‍റെ മജീദ്‌ പറഞ്ഞപോലെ മ്മിണി ബല്യ ഒന്ന് തന്നെയാവും. ആവണം.