
വധിക്കപ്പെട്ട താടിക്കാരനായ വൃദ്ധന് ഒരു കാലത്ത് നയിച്ച ഭീകരതയുടെ വേലിയേറ്റത്തില് Sept/11/2001 ല് ന്യൂയോര്ക്കിലെ ലോക വ്യാപാര സമുച്ചയം തകര്ന്നു വീണപ്പോള് കൊല്ലപ്പെട്ട മുവായിരം നിരപരാധികളും, അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധത്തിന്റെ ഫലമായി ഇറാഖിലും മറ്റു വിവിധയിടങ്ങളിലുമായി കൊല്ലപ്പെട്ട പത്തു ലക്ഷം നിരപരാധികളും പരലോകത്ത് വെച്ച് കണ്ടു മുട്ടുകയും തുടര്ന്ന് എല്ലാവരും ചേര്ന്ന് കാര്യങ്ങളെ ഒരിക്കല് കൂടി അവലോകനം ചെയ്യാനായി സമ്മേളിക്കുകയുമുണ്ടായി. (ഇറാഖില് കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിനും പത്തിനും ഇടയിലെന്നാണ് വേറെ ഒരു കണക്ക്)
ഇഹലോകത്തു നിന്ന് കാലമെത്തും മുന്പേ പരലോകത്തേക്കുള്ള തങ്ങളുടെ ദുരിത പ്രയാണത്തിനിടയാക്കിയതിനും ദശലക്ഷക്കണക്കിനാളുകളെ ഭൂമിക്കുമേല് മൃതപ്രായരാക്കിയിതിനുമെല്ലാം കാരണം സാമുവല് ഹണ്ടിംഗ്ടന് പറഞ്ഞതുപോലെയുള്ള നാഗരികതകളുടെ സംഘട്ടനമല്ലെന്നും, മറിച്ച് പെട്രോള് പാടങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളില് ലോകാവസാനം വരെ ഭദ്രമാക്കാന് മത്സരിക്കുന്നവരുടെ കുത്സിത തന്ത്രങ്ങളുടെ ഫലമാണെന്നുമുള്ള സത്യത്തെ അവര് ഒരിക്കല് കൂടി ഖേദത്തോടെ അയവിറക്കി. ശീതയുദ്ധ കാലത്ത് അഫ്ഘാനിസ്ഥാനിലെ ഖൈബര് ചുരങ്ങളുടെ ഉള്പിരിവുകളിലും, തോറാ ബോറായുടെ തുറസ്സുകളിലുമായി അന്ന് യുവാവായിരുന്ന വൃദ്ധനെയും കൂട്ടാളികളെയും സോവിയറ്റ് അധിനിവേശക്കാര്ക്കെതിരെ ആളും അര്ത്ഥവും, ആയുധവും അനുഭവവും നല്കി പരിശീലിപ്പിച്ചെടുത്തവര് തന്നെയാണല്ലോ ഇന്ന് ധര്മയുദ്ധത്തെ പറ്റി വാചാലരാവുന്നത് എന്ന വൈരുദ്ധ്യം ഉള്ക്കൊള്ളാന് അവര് ഇതിനകം തന്നെ പഠിച്ചു കഴിഞ്ഞിരുന്നു. സോവിയറ്റ് അധിനിവേശം പൊറുക്കപ്പെടരുതാത്ത ആപത്തും യാങ്കി അധിനിവേശം സ്വാതന്ത്ര്യത്തിന്റെ സ്വര്ഗത്തിലേക്ക് തുറക്കുന്ന വിശാലമായ വാതായനമാവുന്നു എന്നതായിരുന്നു അതിന്റെ യുക്തി.
തങ്ങളെല്ലാവരും ഭൂമിയില് കഴിഞ്ഞ കാലത്ത് "മദ" ങ്ങളുടെ സങ്കുചിതമായ മതില്കെട്ടിനകത്തിരുന്നു ലോകത്തെ വീക്ഷിച്ചത് മണ്ടത്തരമായിരുന്നു വെന്നും, ചില ഇസങ്ങളുടെ പ്രാഗ്`രൂപങ്ങളില് സ്വയം തളച്ചിട്ടത് അബദ്ധമായിരുന്നുവെന്നും അവര് വിഷാദം കൊണ്ടു. ദേശീയതയുടെ കൊടിവര്ണ്ണങ്ങളില് തുടികൊട്ടി കൃത്രിമ ആവേശങ്ങളില് മുഴുകി വിയോജിക്കുന്നവരുടെ കഴുത്തറുത്തത് മാപര്ഹിക്കാത്ത പാതകമായിരുന്നുവെന്ന് വ്യസനപ്പെട്ടു. സത്കര്മ്മങ്ങളിലൂടെയും സ്നേഹത്തിലൂടെയും സായൂജ്യം തേടേണ്ട മനുഷ്യര് ഇവ്വിധം സ്വയം നഷ്ടത്തിലാവുന്നത് എങ്ങിനെയാണെന്ന് കൂലങ്കൂഷമായി ചിന്തിച്ചു നോക്കുകയും, ഗീതയുടെയും ബൈബിളിന്റെയും ഖുര്ആന്റെയും ആഴത്തിലുള്ള അടിസ്ഥാനസത്ത ഒരേ ഒരു സത്യമാണെന്ന അറിവില് അവര് വിനയാന്വിതരാവുകയും ചെയ്തു. ചെറിയ വിടവുകളെ പെരുപ്പിക്കുന്നവര്ക്ക് കാര്യമറിയാതെ ചെവികൊടുത്തതില് നിന്നാണ് വന്പിളര്പ്പുകള് രൂപം കൊണ്ടതെന്ന ഉള്വിളി അവര്ക്ക് പുത്തനായിരുന്നില്ല.
ഭൂമിക്കു മേല് ജീവിച്ചിരിക്കുന്ന തങ്ങളുടെ ബാക്കിയുള്ളവര് അവിടെ പല വലിപ്പങ്ങളില് പല ദിക്കുകളില് അതിര്ത്തികള് വരച്ചു അപ്പുറവും ഇപ്പുറവും ഇരുന്ന് സര്വ്വ സംഹാരിയായ അണുബോംബ് ഉണ്ടാക്കി പരസ്പരം ചാരമാക്കിക്കളയും എന്ന് കൂടെക്കൂടെ വീമ്പു പറയുന്ന വിഷയം ചര്ച്ചക്ക് വന്നപാടെ അതിര്ത്തികളില്ലാതെ പരലോകത്ത് ഒത്തുകൂടിയ അവര് അനാദിയായ എല്ലാ വിഷാദങ്ങളും വിസ്മരിച്ച് പൊട്ടിച്ചിരിക്കാന് തുടങ്ങി. ഭൂമിയില് വെച്ചു നഷ്ടപ്പെട്ടു പോയിരുന്ന തങ്ങളുടെ നൈസര്ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള് അതിര്ത്തികളുടെ തിരിച്ചറിയല് കാര്ഡുകള് ചോദിക്കാതെ, അവരറിയാതെ അവരില് പിന്നെയും പിറവി കൊള്ളുകയായിരുന്നു.