"I do not accept the claim of saintliness, I am prone to as many weaknesses as you are." - Ghandhiji
"വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്ക്കുള്ള എല്ലാ ദൌര്ബല്യങ്ങളും എനിക്കും ബാധകമാണ്." -ഗാന്ധിജി.
![]() |
| Great Soul: Mahatma Gandhi and his Struggle with India Joseph Lelyveld knopf (e-book) Kindle price Rs 729 ($16.80) |
1888 ല് അഭിഭാഷക ബിരുദത്തിനു പഠിക്കാന് ബ്രിട്ടനിലെ യൂനിവേഴ്സിറ്റി കോളജ് ലണ്ടന് ലേക്ക് പോയ ഗാന്ധിജി 1891ലാണ് പഠനം കഴിഞ്ഞു ഇന്ത്യയില് തിരിച്ചെത്തുന്നത്. ഇന്ത്യയിലെത്തിയ ശേഷം ഒരു അഭിഭാഷകനായി തൊഴില് നോക്കാനുള്ള ഗാന്ധിജിയുടെ ആദ്യശ്രമം പരാജയപ്പെടുന്നു. ആളുകള്ക്ക് മുന്പില് ഉച്ചത്തില് സംസാരിക്കാനുള്ള സങ്കോചം കാരണമായിരുന്നു അത്. ഈ സമയത്താണ്, 1893 ല്, സൗത്താഫ്രിക്കയിലെ Dada Abdulla & Co. എന്ന സ്ഥാപനത്തിന്റെ നിയമ വ്യവഹാരങ്ങളുടെ നടത്തിപ്പിന് ഒരു വര്ഷത്തെ കരാറില് ഒപ്പ് വെച്ച് ഗാന്ധിജി ദര്ബനിലേക്ക് വണ്ടി കയറുന്നത്. അന്ന് അദ്ദേഹത്തിന് 23 വയസ്സ്. ഇന്ത്യയെ പോലെ സൗത്താഫ്രിക്കയും ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്ന കാലം. 21 വര്ഷം ഗാന്ധിജി അവിടെ ചിലവഴിച്ചു. ഈ കാലത്താണ് അദ്ദേഹം തന്റെ രാഷ്ട്രീയം തിരിച്ചറിയുന്നതും നേതൃത്വപാടവം സ്വായത്തമാക്കുന്നതും.
![]() |
| ഗാന്ധിജി സൗത്താഫ്രിക്കയില്, 1895 |
കൊടിയ ജാതി വിവേചനത്തിന്റെ നാട്ടില് നിന്ന് വര്ണ്ണ വിവേചനത്തിന്റെ നാട്ടിലെത്തിയ ഗാന്ധിജിയെ അവിടത്തെ അവസ്ഥയില് അത്ഭുതപ്പെടുത്തേണ്ടതായിട്ട് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ വെളുത്തവന് കറുത്തവനെതിരെ കാണിക്കുന്ന വര്ണ്ണ വിവേചനത്തിന് തവിട്ടു നിറക്കാരനായ താനും ഇരയാകുന്നതാണ് അദ്ദേഹം പിന്നീടു കണ്ടത്. ഇന്ത്യയില് നിന്നുള്ള സാധാരണ കൂലി തൊഴിലാളികള്ക്കൊപ്പം ക്ലേശകരമായ തൊഴില് പാര്പ്പിടങ്ങളില് അതിലും ഉയര്ന്ന നിലയിലുള്ള തന്നെപ്പോലുള്ള ഇന്ത്യക്കാരെ കുടിയിരുത്തിയതും പരിചരിക്കപ്പെട്ടതും അദ്ദേഹത്തെ അമ്പരപ്പിച്ചു. തെക്കേ ഇന്ത്യക്കാരായ ആ കൂലിത്തൊഴിലാളികള് മുഴുവനും ഏതാണ്ട് അര്ദ്ധ അടിമത്ത അവസ്ഥയിലാണ് അന്ന് അവിടെ ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് സൗത്താഫ്രിക്കയില് വെള്ളക്കാര്ക്കും ഇന്ത്യക്കാര്ക്കും ഇടയിലെ തുല്യതക്കു വേണ്ടിയുള്ള അഹിംസയിലൂന്നിയ സമരത്തിലേക്ക് ഗാന്ധിജി പതുക്കെ പ്രയാണം തുടങ്ങുന്നത്. കറുത്തവര് അനുഭവിക്കുന്ന വര്ണ്ണ വിവേചനത്തിനെതിരെ ഗാന്ധിജി പ്രതികരിക്കാന് തുടങ്ങുന്നത് പിന്നെയും ഏറെ കാലം കഴിഞ്ഞായിരുന്നു. താഴെക്കിടയിലുള്ള ഇന്ത്യന് കൂലി തൊഴിലാളികളും അതിലും ഉയര്ന്ന നിലയിലുള്ള തന്നെപോലുള്ളവരും എന്ന വിവേചന ബോധത്തില് നിന്ന് സ്വയം മുക്തനായി ഇന്ത്യക്കാര്ക്കെല്ലാവര്ക്കും ഒരുപോലെ അവകാശങ്ങള് നേടിയെടുക്കാനായി പിന്നീട് ഗാന്ധിജിയുടെ ശ്രമം. അത് പിന്നെ ജാതി നിര്മാര്ജ്ജന ചിന്തയിലേക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം കുറക്കാനുള്ള വഴികള് തേടുന്നതിലേക്കും അനിവാര്യമായും ഗാന്ധിജിയെ നയിച്ചു .
എന്നാല് ബ്രിട്ടിഷ് കോളനി ഭരണക്കാരോട് ചേര്ന്നു നിന്ന് പ്രവര്ത്തിച്ച ഗാന്ധിജിയേയും ഈ കാലഘട്ടത്തില് തന്നെ ദൃശ്യമാവുന്നുണ്ട്. ഉദാഹരണത്തിന് സൗത്ത് ആഫ്രിക്കയിലെ കറമ്പന് വര്ഗ്ഗക്കാരിലെ ഒരു പ്രബലവിഭാഗക്കാരായ സുലു (Zulu ) വംശജര് വെള്ളക്കാര്ക്കെതിരെ നടത്തിയ Boer war എന്നറിയപ്പെടുന്ന രണ്ടാം ചെറുത്തു നില്പ് സമരകാലത്ത്. ഈ യുദ്ധത്തിനിടെ ഒരു ഘട്ടത്തില് മുറിവേല്ക്കുന്ന ബ്രിട്ടീഷ് സൈനികരെ പരിചരിക്കാനായി, ബ്രിട്ടീഷ് മേലാളരുടെ ആശീര്വാദത്തോടെ ഇരുപതു ഇന്ത്യക്കാരടങ്ങുന്ന ഒരു ഇന്ത്യന് stretcher-bearer corps ന് രൂപം കൊടുക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നുണ്ട് ഗാന്ധിജി, രണ്ടു മാസത്തോളം.
കടുത്ത ഗാന്ധിജിയാരാധകര് വിയോജിച്ചേക്കാവുന്ന ചില കാര്യങ്ങളും ഈ പുസ്തകത്തില് പരാമര്ശവിധേയമാവുന്നുണ്ട്. അതില് മുഖ്യമായ ഒന്ന് ഗാന്ധിജിക്ക് തന്റെ സൗത്താഫ്രിക്കന് ജീവിത കാലത്ത് ഹെര്മന് - കലന്ബാച്ച് എന്ന ഒരു ജര്മന്-ജൂത യുവാവുമായി ഉണ്ടായിരുന്ന അസാധാരണ സ്നേഹ ബന്ധത്തെ കുറിച്ചുള്ളതാണ്. ഒരു ആര്ക്കിടെക്റ്റും ബോഡിബില്ഡറുമായിരുന്നു ഹെര്മന് . രണ്ടു പേരും സൗത്ത് ആഫ്രിക്കയില് ജോലി ചെയ്യുന്ന കാലത്താണ് പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് അവര് തമ്മില് ഏറെ അടുക്കുകയും ഒരു ദീര്ഘകാല ബന്ധത്തിലേക്ക് അത് വളരുകയും ചെയ്തു. ഹെര്മന് അയച്ച സന്ദേശങ്ങളില് ഗാന്ധിജി തന്നെ എഴുതിയ പല വരികളും അവരുടെ സൗഹൃദത്തിന്റെ കൂടിയ ആഴം പ്രകടമാക്കുന്നവയാണെന്നു വിലയിരുത്തപ്പെടുന്നു. അവയില് ചിലത് ഇങ്ങിനെ വായിക്കാം. "Your portrait (the only one) stands on my mantelpiece in my bedroom,The mantelpiece is opposite to the bed." "how completely you have taken possession of my body. This is slavery with a vengeance." Gandhi nicknamed himself "Upper House" and Kallenbach "Lower House," and he made Lower House promise not to "look lustfully upon any woman." The two then pledged "more love, and yet more love . . . such love as they hope the world has not yet seen."
"നിന്റെ ചിത്രം മാത്രമാണ് എന്റെ ശയനമുറിയില് ആകെയുള്ളത്. എന്റെ ശരീരത്തെയാകെയും നീ കവര്ന്നെടുത്തിരിക്കുന്നു, എല്ലാം അടിയറ വെയ്ക്കുന്ന ഒരു അടിമത്തം പൂര്വാധികം തീക്ഷ്ണമായിരിക്കുന്നു. ഒരു പെണ്ണിനേയും നീ മോഹത്തോടെ നോക്കരുത്, ലോകം ഇത് വരെയും കാണാത്ത ഒരു സ്നേഹബന്ധത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.."
ഗാന്ധിജി ഇന്ത്യയില് തിരിച്ചെത്തിയത് 1914 ല് ആയിരുന്നു. താമസിയാതെ തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയും ചെയ്തു. ജയിലിലും പുറത്തുമായി ആ പോരാട്ടം ശക്തി പ്രാപിച്ചു. ബ്രിട്ടീഷ് രാജിനെതിരെയുള്ള നിസ്സഹകരണ പ്രസ്ഥാനവും 1930 ല് നടന്ന ഉപ്പു സത്യാഗ്രഹവും ഒക്കെയായി അത് മുന്നേറി. 90,000 പരം പേര് തടവിലാക്കപ്പെട്ട ഉപ്പു സത്യാഗ്രഹം കോളനി വാഴ്ച്ചക്കാരുടെ ഭരണത്തിന്റെ ആണിക്കല്ലിളക്കി. ഇക്കാലയളവില് തന്നെ ദലിതുകള്ക്കൊപ്പം ജീവിച്ചും, അവരുടെ കുലത്തൊഴില് വരെ സ്വയം ചെയ്തു കാണിച്ചും ഗാന്ധിജി ആത്മീയമായും രാഷ്ട്രീയമായും പുതിയൊരു മാതൃകാപാത കാണിച്ചു തന്നു.
ഗാന്ധിജിയെ വിടാതെ പിടി കൂടിയിരുന്ന സമ്പൂര്ണ്ണ ബ്രഹ്മചര്യത്തോടുള്ള അഭിനിവേശം സാധാരണ യുക്തിക്ക് പിടി തരാത്ത പല തലങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു എന്ന് കാണാം. ഇതിന്റെ ഫലമായാവണം അദ്ദേഹം വിവസ്ത്രരായ യുവതികള്ക്കൊപ്പം അതെ അവസ്ഥയില് രാവുകള് ഉറങ്ങിയത്. ദേഹത്തിന്റെ ആത്യന്തികമായ എല്ലാ പ്രലോഭനങ്ങളേയും വരുതിയിലാക്കി ബ്രഹ്മചര്യത്തെ ഊതിക്കാച്ചിയെടുക്കാനുള്ള അതി തീവ്രമായ ശ്രമമായിരുന്നു അത്. ഈ നേരങ്ങളില് എത്ര പ്രയത്നിച്ചിട്ടും ഫലമില്ലാതെ രൂപമെടുത്ത ശാരീരിക ചോദനകളുടെ ചെറു ഉണര്വ്വുകളില് പോലും അദ്ദേഹം വിഷാദം കൊണ്ട സന്ദര്ഭങ്ങള് ഉണ്ടായിരുന്നു. അതിനെ സൂചിപ്പിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞതായി കാണാം. "Despite my best efforts, the organ remained aroused. It was an altogether strange and shameful experience."
ഇന്ത്യ നേടിയെടുക്കേണ്ട സ്വരാജ് (self rule) ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിന്റെ അടിസ്ഥാന സ്തംഭങ്ങളായി അദ്ദേഹം എണ്ണിപ്പറഞ്ഞത് നാല് കാര്യങ്ങളായിരുന്നു. തകര്ക്കപ്പെടരുതാത്ത ഹിന്ദു-മുസ്ലിം സൗഹൃദം, അഹിംസയെന്ന സിദ്ധാന്തത്തെ പ്രയോഗിക ജീവിതത്തിലെ നിയമമാക്കല്, ലക്ഷക്കണക്കായ ഇന്ത്യന് ഗ്രാമങ്ങളെ ആകെയും നൂല് നെയ്ത്തു വ്യവസായത്തിലൂടെയും മറ്റുമായി സ്വയം പര്യാപ്തമാക്കുക, ജാതി വിവേചനത്തിനും തൊട്ടുകൂടായ്മക്കും പൂര്ണ്ണമായി അറുതി വരുത്തുക. എന്നിവയായിരുന്നു അവ. പക്ഷെ ഈ വഴിക്കുള്ള പ്രയാണത്തില് ഒരു പരിധിക്കപ്പുറം വിജയം കാണാനായില്ല. ഒരു കൂട്ടം യാഥാസ്ഥിക ഹിന്ദുക്കള് അദ്ദേഹത്തെ മുസ്ലിം പക്ഷപാതിയെന്നു വിലയിരുത്തി. അതെ ഗണത്തില് പെട്ട ഒരു കൂട്ടം മുസ്ലിംകളാകട്ടെ ഗാന്ധിജിയുടെ ഐക്യാഹ്വാനത്തെ ഒരു ഹൈന്ദവ ഗൂഡാലോചനാതന്ത്രമായി കണ്ടു. ബ്രിട്ടീഷുകാര് ഗാന്ധിജിയെ ഒരു കപടവേഷക്കാരനെന്നു ധരിച്ചു. ഇടതു സഖാക്കള് അദ്ദേഹത്തെ പിന്തിരിപ്പന് എന്ന് വിലയിരുത്തി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പിയും ദലിത് നേതാവുമായ ഭീംറാവു അംബേദ്ക്കര് ഗാന്ധിജിയുടെ തൊട്ടുകൂടായ്മക്കെതിരെയുള്ള സമരത്തെ ദലിതുകളോടുള്ള ഒരു കബളിപ്പിക്കല് ചടങ്ങ് മാത്രമായി വിലയിരുത്തി. ദലിതുകളെ ഗാന്ധിജി ഹരിജന് എന്ന് വിളിച്ചതിനെയും അംബേദ്ക്കര് എതിര്ത്തു. തകര്ന്നു ചിതറിയവര് എന്നര്ത്ഥം വരുന്ന സംസ്കൃത പദം "ദലിത് " എന്ന വാക്കാണ് തന്റെ വംശത്തെ വിളിക്കാന് അംബേദ്ക്കര് തിരഞ്ഞെടുത്തത്.
![]() |
| ഗാന്ധിയും നെഹ്റുവും.1942 |
ബ്രിട്ടിഷുകാരില് നിന്നുള്ള കേവല സ്വാതന്ത്ര്യമായിരുന്നില്ല. ഗാന്ധിജിയുടെ സ്വപനം. തന്റെ ജനതയുടെ മനസ്സുകളില് ഉറഞ്ഞു കൂടിപ്പോയ അബദ്ധ ധാരണകളില് നിന്നും വ്യര്ത്ഥമായ സ്പര്ദ്ധകളില് നിന്നുമൊക്കെയുള്ള സമ്പൂര്ണ വിമോചനമായിരുന്നു അത്, അതിന്റെ ഉപോല്പന്നമായി അനിവാര്യമായും വന്നെത്തുന്ന ബ്രിട്ടീഷ്കാരില് നിന്നുള്ള സ്വാതന്ത്ര്യവും. ഇതില് അവസാനം പറഞ്ഞ സ്വാതന്ത്ര്യം മാത്രം ലഭ്യമാവുകയും ബാക്കിയെല്ലാം ഏറിയ അളവോളം സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. ഗോദ്സേയുടെ വെടിയുണ്ടകള്ക്കിരയായി വധിക്കപ്പെട്ടു എന്നുള്ളതായിരുന്നില്ല ഗാന്ധിജി നേരിട്ട ഏറ്റവും വലിയ ദുരന്തം. മറിച്ച് അദ്ദേഹം കാണാന് ശ്രമിച്ച സ്വപ്നങ്ങളില് സാധാരണ പൌരനു പോലും പ്രതീക്ഷകള് നഷ്ടമായി എന്നതായിരുന്നു.
വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുന്പ് ഗാന്ധിജി ഇങ്ങിനെ കുറിച്ചിട്ടു: ഹിന്ദുക്കളെന്നോ മുസ്ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള് മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്. ഈ വാക്കുകള് അന്ന് പ്രസക്തമായിരുന്നു. ഇന്നും അങ്ങിനെ തന്നെ, ഇന്ത്യക്കും, ലോകത്തിനാകെ തന്നെയും.



