Sunday, August 11, 2013

ഗോവര്‍ധന്‍റെ തുടരുന്ന യാത്രകള്‍


ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ ഹാസ്യനാടകത്തിലെ കഥാപാത്രമായ ഗോവര്‍ധന്‍* കഥയില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല തന്‍റെ യാത്ര ചരിത്രത്തിന്‍റെ കരുണയറ്റ ഏതേതു വഴികളിലൂടെ തന്നെ കൊണ്ടു പോകുമെന്ന്. അകലെയേതോ ശാദ്വലതീരം തേടിയുള്ള ആ പ്രയാണത്തില്‍ ചരിത്രത്തില്‍ നിന്നും കാലത്തില്‍ നിന്നും ഭൂത-ഭാവി-വര്‍ത്തമാനത്തിന്‍റെ ക്രമഗണനകള്‍ പാലിച്ചുകൊണ്ടായിരുന്നില്ല സംഭവങ്ങളും കഥാപാത്രങ്ങളും അവനെത്തേടി വന്നത്.

 കല്ലുവിന്‍റെ മതില്‍ വീണ് ആട് ചത്ത കേസില്‍ ഗോവര്‍ധന്‍ പ്രതിയായതുകൊണ്ടായിരുന്നില്ല അവന് തൂക്കുകയര്‍ വിധിക്കപ്പെട്ടത്. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു നിരപരാധിയെ തൂക്കിലിടാന്‍ കൊണ്ട് വന്നപ്പോള്‍ തൂക്കു കയറിന്‍റെ കുരുക്കിനെക്കാള്‍ തടിച്ചതാണ് അയാളുടെ കഴുത്ത് എന്ന് കാണുകയും, ഒന്നുമറിയാതെ അത് വഴി വന്ന ഗോവര്‍ധന്‍റെ കഴുത്ത് കുരുക്കിനു പാകമാണെന്നു കണ്ട് ശിക്ഷ അയാള്‍ക്ക് വിധിക്കപ്പെടുകയുമായിരുന്നു. ആ അന്യായ വിധിയില്‍നിന്ന് നീതി തേടിയായിരുന്നു ഒരു രാത്രിയില്‍ തടവറയുടെ കാവല്‍ക്കാരന്‍ ജാഗ്രത കൈവിട്ട ഒരു വേളയില്‍  ഗോവര്‍ധന്‍ ഇരുളിന്‍റെ വഴികളിലൂടെ പുറത്തു കടന്നത്‌.

ആ യാത്രയില്‍ തന്‍റെ അതേ അനുഭവം പേറുന്ന എണ്ണമറ്റയാളുകളുടെ നിലവിളികള്‍ വഴിയിലുടനീളം ഗോവര്‍ധനെ കാത്തിരിപ്പുണ്ടായിരുന്നു.  തൂക്കുകയറിന്‍റെ കുടുക്ക് പാകമാകുന്ന കഴുത്തുകള്‍ തേടി അലയുന്ന ആരാച്ചാര്‍മാരെ ഗോവര്‍ധന്‍ പിന്നെയും പിന്നെയും കണ്ടു. കാലഗണനയുടെ പെരുക്കങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും വേട്ടക്കാരുടെ ന്യായങ്ങളും ഇരകളുടെ രോദനവും മാറ്റമില്ലാത്തതായി തുടരുന്നത്  അവന്‍ കണ്ടു. പാതിരാത്രികളില്‍ മനുഷ്യര്‍ വസിക്കുന്ന ഗ്രാമങ്ങളില്‍, നഗരപ്രാന്തങ്ങളില്‍ ആളില്ലാവിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്നതും താഴെ ഭൂമിയില്‍ അഗ്നിപ്രളയം തീര്‍ക്കുന്നതും ഒരു ഞരക്കം പോലും പുറത്തു വരാതെ മനുഷ്യര്‍ പിടഞ്ഞൊടുങ്ങുന്നതും കണ്ടു ഗോവര്‍ധന്‍ അന്ധാളിക്കുകയുണ്ടായില്ല. നൂറ്റാണ്ടുകളുടെ അപ്പുറത്തും അതിര്‍ത്തികള്‍ക്കപ്പുറത്തു നിന്ന് ഇന്ദ്രപ്രസ്ഥം കടന്നു വന്ന യോദ്ധാക്കള്‍ തങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങളില്‍ പുതിയ രാജാവിന്‍റെ അധികാരം വിളംബരം ചെയ്തത് കൊള്ളയും കവര്‍ച്ചയും ഉത്സവങ്ങളാക്കിക്കൊണ്ടായിരുന്നുവല്ലോ.

അതിനിടയില്‍ യാത്രയുടെ ഒരിടത്താവളത്തില്‍ സ്വാതന്ത്ര്യം പേറ്റുനോവില്‍ പുളയുന്ന ഒരു പകലന്തിയില്‍ അര്‍ദ്ധനഗ്നനായ ഒരു ഫഖീറിന്‍റെ മാറു തുളച്ച് ഒരു വെടിയുണ്ട പാഞ്ഞു പോയതും, "ഹെയ് റാം" എന്ന നേര്‍ത്തൊരു ഞരക്കം കേട്ടതും മാത്രമായിരുന്നില്ല ഓര്‍മ്മകള്‍, ചരിത്രത്തിന്‍റെ താളുകളെ ചുവപ്പു ചായമണിയിച്ച വെടിയുണ്ടകള്‍ പിന്നെയും അനേക ലക്ഷം കോടി അണുക്കളായി  സ്വയം വിഭജനം നടത്തിയതും ഒരു സായാഹ്നത്തിന്‍റെ പകുതിയില്‍ ഒരു നിമിഷത്തിന്‍റെ ഹ്രസ്വവേളയില്‍ ഭൂമിയുടെ ജീവനെ ആകെയും  ഒടുക്കാനുതകുന്ന സംഹാരം ഉള്ളിലൊളിപ്പിച്ച വെറുമൊരു ബട്ടണായി അത് പരിണമിച്ചതും കൂടിയായിരുന്നു.

ആരാച്ചാരുടെ ജോലി കുറ്റവാളിയുടെ കഴുത്തിനു പറ്റിയ കുരുക്ക് ഉണ്ടാക്കലല്ലെന്നും കയ്യിലുള്ള കുരുക്കിനൊത്ത കുറ്റവാളിയെ കണ്ടു പിടിച്ചു തരാന്‍ രാജാവിനോട് അപേക്ഷിക്കലാണെന്നും അറിഞ്ഞ ഗോവര്‍ധനെ അലട്ടിയത് സ്വന്തം വിധിയിലുപരി ചരിത്രത്തിലുടനീളം ആരാച്ചാര്‍മാരുടെ കയറുകളില്‍ തൂങ്ങിക്കിടന്ന എണ്ണമറ്റ അസ്ഥികൂടങ്ങളുടെ ഏകഭാവമായിരുന്നു. ചിരിക്കുകയാണെന്നും കരയുകയാണെന്നും ഒരേ സമയം തോന്നിപ്പിച്ച അവയുടെ മുഖങ്ങള്‍ ഗോവര്‍ധനെ വിടാതെ പിടികൂടുകയും തകര്‍ന്ന വീടുകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പലായാനം ചെയ്തുകൊണ്ടേയിരിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയും ചെയ്തു.  അമ്മിഞ്ഞ ചുരത്താത്ത മുലകളില്‍ തൂങ്ങിക്കിടന്നു കരയുന്ന കുഞ്ഞുങ്ങളെയുമെടുത്തു കൂട്ടമായി എങ്ങോട്ടോ ഇഴയുന്ന സ്ത്രീജനങ്ങളും നിരാലംബരായ വൃദ്ധജനങ്ങളുമായിരുന്നു വഴികളിലേറെയും.

അടിമകളായ ഗോവര്‍ധനേയും അലിയേയും അവരുടെ ഉടമ ദീര്‍ഘകാല അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരാക്കിയതില്‍ പിന്നെ സഹോദരന്‍മാരെങ്കിലും രണ്ടു വിരുദ്ധ ദിശകളിലേക്ക് അവര്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് തിരിഞ്ഞു നടക്കേണ്ടി വന്നത് അവര്‍ അങ്ങിനെ ആഗ്രഹിച്ചിട്ടായിരുന്നില്ല.  ചരിത്രത്തിന്‍റെ ദയാരഹിതമായ നിയോഗങ്ങള്‍ നടപ്പിലാക്കാനുള്ള കേവല കരുക്കള്‍ മാത്രമാണ് തങ്ങളെന്ന അറിവ് അവരുടെ ജനിതകബോധത്തില്‍ തെളിഞ്ഞിരുന്നതുകൊണ്ടായിരുന്നു.  ഒരു ചരിത്രത്തിലെ നായകനായ രാജാവ്, യോദ്ധാവ്  മറ്റൊരു ചരിത്രത്തില്‍ വില്ലാനായിരുന്നുവെങ്കില്‍  എല്ലാ ചരിത്രങ്ങളിലും ഗോവര്‍ധനും അലിയുമൊക്കെ കേവല രോദനങ്ങള്‍ മാത്രമായിരുന്നു.

ഏതു ദിക്കില്‍ നിന്നും പട നയിച്ചു വന്ന ഏതു വംശത്തിലെ രാജാവായാലും എഴുതിയ നിയമങ്ങള്‍ ഏകസ്വഭാവത്തിലുള്ളതും ആയിരുന്നുവല്ലോ. ബ്രിട്ടിഷുകാര്‍ ഓരോ നാട്ടുരാജ്യങ്ങള്‍ കീഴ്പെടുത്തുകയും അതിനു ശേഷം ആ ഉദ്യമത്തിനു ചിലവായ പണം അവിടത്തെ രാജാവില്‍ നിന്ന് ഈടാക്കുകയും ചെയ്തു. രാജാവാകട്ടെ ഈ പണം ഈടാക്കാന്‍ സമീപിച്ചത് തന്‍റെ പ്രജകളെയാണ്. രാജാവിന് രാജാവായി വാണാല്‍ മാത്രം മതിയായിരുന്നു. വെള്ളക്കാര്‍ക്ക് കീഴൊതുങ്ങിയായാലും അവര്‍ വരുന്നതിനു മുന്‍പുള്ള സ്വതന്ത്ര രാജപദവിയിലാണെങ്കിലും.

 ഗോവര്‍ധനും അലിയുമടങ്ങുന്ന പ്രജകളുടെ ദൌത്യം ഭരിക്കുന്നവര്‍ക്ക് കരം കൊടുക്കുക എന്നതാണ്. രാജാവ് പറയുന്ന ദിശയിലേക്ക് വാളുമായി നീങ്ങാനും രാജാവിന്‍റെ ആരാച്ചാരുടെ കൈവശമുള്ള കയറിനു പാകമുള്ള കഴുത്തായി വഴങ്ങിക്കൊടുക്കാനുമുള്ള നിയോഗങ്ങളില്‍ നിന്ന് പലായാനം ചെയ്താലും പുറത്തു കടക്കാനാവില്ലെന്ന അറിവ് ഗോവര്‍ധനെ പലപ്പോഴും മൃത്യുവിനു നേരെ മന്ദസ്മിതം തൂകാന്‍ പഠിപ്പിച്ചു തുടങ്ങിയിരുന്നു. മന്ദിറിലും മസ്ജിദിലും തടവില്‍ കിടക്കുന്ന ദൈവത്തിന്‍റെ വിലാപം ഗോവര്‍ധന്‍റെ ചേരികള്‍ കത്തിയമരുമ്പോള്‍ നിലവിളികളില്‍ മുങ്ങിപ്പോകുന്നത് പുതിയ കാര്യമായിരുന്നില്ല.

പുതിയ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ രാജാവിന്‍റെ തേര് ഉരുണ്ടു തുടങ്ങുന്നതിന്‍റെ കാഹളം മുഴങ്ങുമ്പോള്‍ ആ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ചാവേറാകാനോ, കൊലക്കയറിനു പാകപ്പെടുന്ന കഴുത്താകാനോ വേണ്ടി ഗോവര്‍ധന്‍ ഇനിയും ജീവിക്കുകയാണ്, അവന്‍റെ യാത്രകള്‍ എവിടെ നിന്നും തുടങ്ങിയതായിരുന്നില്ല, അത്കൊണ്ട് തന്നെ അത് എവിടെയും അവസാനിക്കുന്നതുമായിരുന്നില്ല.

*ഗോവര്‍ധന്‍: ആനന്ദിന്‍റെ "ഗോവര്‍ധന്‍റെ യാത്രകള്‍" ളിലെ നായകന്‍.
ചിത്രം: ഗൂഗിള്‍.