
പ്രമാദമായ സ്ഫോടനങ്ങളെല്ലാം നടന്നതിനു പിറകില് കാവി ഭീകരസംഘങ്ങള് ആണെന്ന വസ്തുത വെളിച്ചത്തായതോടെ (അന്വേഷണ റിപ്പോ ര്ട്ട് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക) പ്രതിരോധത്തിലായ സംഘുകാര് ജനശ്രദ്ധ തിരിച്ചു വിടാനുള്ള വെപ്രാളപ്പാചിലില് 10 കൊല്ലത്തോളം അവര് തന്നെ തെളിവില്ലാതെ ജയിലിലിട്ടു എല്ലും തോലുമാക്കിയ നാസര് മദനിയെ വീണ്ടും ഭീകരമുദ്ര ചാര്ത്തി ബംഗലൂരുവിലേക്ക് പൊക്കുമ്പോള് അതിനു അവര്ക്കൊപ്പം വാക്കുകൊണ്ടോ വാചാല മൌനം കൊണ്ടോ ഹലെലുയ പാടാന് കേരളത്തില് നിന്ന് ആര്യാടന് മുഹമദിനോപ്പം, കെ.എം ഷാജിയും, എം.കെ മുനീറും ഉണ്ടായിരുന്നു. ആര്യാടന്റെ കാര്യം പോവട്ടെ, അത് ഒരുവേറിട്ട കാഴ്ചയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. ഷാജിയും, മുനീറും ആര്ക്ക് വേണ്ടിയാണ് രാജാവിനെക്കാള് വലിയ രാജഭക്തിയോടെ "ജന്മഭൂമി" പത്രത്തിന്റെ ഓഡിയോ വോയ്സ് ആയി നിലകൊള്ളുന്നത്? സ്വയം ഹനിക്കുന്ന ഈ ഹരാകിരി ഇത്രമേല് സംതൃപ്തി നല്കുന്നതാണോ?
മുന്പ് മദനിയെ വിമര്ശിക്കേണ്ട സന്ദര്ഭങ്ങളില് അതിനിശിതമായി തന്നെ വിമര്ശിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല് ഈ കര്ണാടക കോറസില് അദ്ദേഹത്തെ നാം അങ്ങിനെ കാണുകയുണ്ടായില്ല. എന്തുകൊണ്ടായിരുന്നു അത്? എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിക്കുട്ടിക്ക് ഷാജിയെക്കളും മുനീറിനെകാളും സെന്സും, സെന്സിബിലിറ്റിയും പിന്നെ സെന്സിറ്റിവിറ്റിയും ഒക്കെയുണ്ട്. ജനങ്ങളുടെ പള്സ് തിരിച്ചറിയുക എന്നത് മുഖ്യമാണ്. ഇന്ത്യവിഷന് അദേഹത്തെ രാഷ്ട്രീയ വനവാസത്തിനയച്ച ശേഷവും, അതിവേഗത്തില് ടിയാന് നേതൃത്വത്തില് തിരിച്ചെത്തിയത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടവര്ക്കുള്ള ഉത്തരം ഇവിടെ കിട്ടും. മദനിയുടെ പോയ കാലത്തെ ഉന്മാദ ഭാഷണങ്ങള്ക്ക് നൈമിഷിക ആള്കൂട്ടങ്ങള്ക്കപ്പുറം ഒരു ശതമാനത്തിന്റെപോലും പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. അത് പിണറായി വിജയന്പോലും ബോധ്യപ്പെട്ട കാര്യമാണ്.
കൂടുതല് ദൂരം കിഴക്കോട്ടു സഞ്ചരിച്ചാല് പടിഞ്ഞാറെത്തും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അവിടേക്കാണ് ഇപ്പോള് ഷാജിയും സംഘവും എത്തിക്കൊണ്ടിരിക്കുന്നത്. യാഥാര്ത്യങ്ങള്ക്ക് നേരെ കണ്ണടച്ചുകൊണ്ട്, തങ്ങളുടെ secular credentials തെളിയിക്കാന് വേണ്ടിയോ അല്ലെങ്കില് കസേര ഉറപ്പാക്കാന് വേണ്ടിയോ ഈ ചുടുചോര് മാന്തി നമ്മെ സ്തബ്ധരാക്കിയ പ്രമുഖര് വേറെയും ഉണ്ട്. ഉദാ: ആന്റെണി (ടിയാന് പറഞ്ഞത്, ന്യൂനപക്ഷങ്ങളും ഗള്ഫ് പണവും ആണ് പ്രശ്നങ്ങള്ക്ക് അടിസ്ഥാന കാരണം എന്ന ലൈനില് ആയിരുന്നു. കേരളം രണ്ടു നേരം നേരാം വണ്ണം ഉണ്ണുന്നത് ഗള്ഫ് പണം കൊണ്ടാണെന്ന അടിസ്ഥാന വസ്തുത തന്നെ ഇദ്ദേഹം വിസ്മരിച്ചു പോയി.) മറ്റൊരാള് വി.എസ്ആയിരുന്നു. ഒരു പ്രദേശത്തുകാര് മൊത്തം കോപിയടിച്ചാണ് പരീക്ഷ പാസ്സാകുന്നത്എന്നായിരുന്നു ഇദേഹത്തിനു വന്നെത്തിയ വെളിപ്പാട്. പിന്നെ ഈയിടെ അദേഹത്തിന് വന്ന മറ്റൊരു വെളിപാട് ആരും മറന്നു കാണില്ല. ചുരുക്കത്തില് മോഡിയാരാധകര്ക്കും അവരുടെ നേതൃത്വത്തിനും പ്രിയപെട്ടവരായി ഇവര് നൊടിയിടയില് മാറി. ഷാജിയും, മുനീറുമാണ് അവരുടെ പുതിയ താരങ്ങള്.
ഇന്ത്യ വിഷന് തുടങ്ങാന് വിയര്പ്പിന്റെ തുള്ളികള് പകുത്തു നല്കിയവരെ മുനീര് എങ്ങിനെ നിരാശപ്പെടുത്തിയോ അതിലും കൂടിയ അളവില് സാധാരണക്കാരെ അദ്ദേഹം ഇന്ന് നിരാശരാക്കുന്നു. തീവ്രവാദം എതിര്ക്കപ്പെടണം എന്നതില് രണ്ടു പക്ഷമില്ല, എന്നാല് അത് വിഷയത്തെ അതിന്റെ ശരിയായ പരിപ്രേക് ഷ്യത്തില് നിന്നു വിലയിരുത്തിക്കൊണ്ടല്ലെങ്കില് ഉപരിപ്ലവും അന്തസാരശൂന്യവുമായിരിക്കും.