Saturday, August 31, 2013

അക്ഷരപ്പൂക്കളുടെ വസന്തവും ശിശിരവും

ശൈശവ, ബാല്യകാലങ്ങളിലെ ഏതു ബിന്ദുവില്‍ നിന്നാണ് ഓര്‍മ്മകള്‍ തുടങ്ങുന്നത് എന്നതിന് കണിശമായൊരു കണക്കുണ്ടാവാന്‍ തരമില്ല. ഉണങ്ങിത്തുടങ്ങിയ വാഴത്തണ്ടില്‍ നിന്ന്‍ അടര്‍ത്തിയെടുക്കുന്ന നേര്‍ത്ത നാര് പച്ചയീര്‍ക്കിള്‍ വില്ലുപോലെ വളച്ചു പിടിച്ചു രണ്ടറ്റത്തും കെട്ടിയ ശേഷം വിരല്‍ തുമ്പുകൊണ്ട് അതില്‍ മുത്തമിടുമ്പോള്‍ ഉണരുന്ന നേര്‍ത്ത സംഗീതത്തില്‍ നിന്നാണ് തന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നതെന്ന് ബഷീര്‍ (ഓര്‍മ്മയുടെ അറകള്‍ എന്ന പുസ്തകത്തിലാണെന്ന് തോന്നുന്നു) പറയുന്നുണ്ട്. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മനസ്സിലായതില്‍ പിന്നെ സ്വന്തമെന്നതിലേറെ മറ്റുള്ളവരില്‍ നിന്ന്  കടം കിട്ടുന്ന ബാലരമ, പൂമ്പാറ്റ, അമ്പിളി അമ്മാവന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഒറ്റയിരുപ്പില്‍ ആഹ്ലാദം നുരയുന്ന ഏകാഗ്രതയോടെ വായിച്ചു തീര്‍ക്കുന്ന, തോരാത്ത മഴയില്‍ സൂര്യന്‍ മങ്ങിയ വൈകുന്നേരങ്ങളില്‍ നിന്നാണ് എനിക്ക് ഓര്‍മ്മകള്‍ തുടങ്ങുന്നത്.  ആര്‍ത്തലച്ച് അനുസ്യൂതം  പെയ്യുന്ന മഴയുടെ അമരുന്ന ആലിംഗനത്തിലടങ്ങിയ ശോകമെന്താണെന്ന് ഓര്‍ത്തെടുത്തു നോക്കുകയും, നിറഞ്ഞു കവിയുന്ന മുറ്റവും ഇറയത്ത് വീഴുന്ന പെരുത്ത മഴത്തുള്ളികള്‍ തീര്‍ക്കുന്ന ഒഴുകുന്ന കുമിളകളെയും നിര്‍നിമേഷം നോക്കിയിരിക്കുകയും, വീണ്ടും വേതാളം വിക്രമാദിത്യനോട് പറഞ്ഞു തുടങ്ങിയ കഥയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബാല്യം. അതിന്‍റെ ആനന്ദം അനുപമമായിരുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അങ്ങിനെയൊരു ബാല്യം ചിറകടിച്ചു പറന്നു പോയിട്ടുണ്ടാവും എല്ലാവര്‍ക്കും. അത് അകലെയാണ്, വളരെ അടുത്തുമാണ്.

കൗമാരത്തിന്‍റെ കൗതുകവായനകളില്‍ പൈങ്കിളി വാരികകളോട് പ്രിയമേറി വരും കുറെയേറെപ്പേര്‍ക്ക്.  ധനാഢൃനായ വ്യവസായിയുടെ സുന്ദരിയായ ഏക മകള്‍ അച്ഛന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട, പക്ഷെ സുമുഖനായ ചെറുപ്പക്കാരനെ പ്രണയിക്കുന്നു. എന്നാല്‍ മകള്‍ക്ക് വേണ്ടി അച്ഛനുറപ്പിച്ച വരന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഒരു ദിവസം നാട്ടിലെത്തുന്നു. ബാറില്‍ വെച്ച് അടിയുണ്ടാക്കിയ പ്രതിശ്രുത വരനെ, അവളുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു ദിവസം രക്ഷിച്ചു കൊണ്ടു വരുന്നു. ആ തങ്ക ഹൃദയത്തെ (കാമുകനെ)യല്ലാതെ വേറൊരാളെ തനിക്ക് വേണ്ട എന്ന് മകള്‍ കട്ടായം പറയുന്നു.  കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് കണ്ട അച്ഛന്‍ മകളുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ഗുണ്ടകളെ അയക്കുന്നു.  (തുടരും). പിന്നെ അടുത്ത ലക്കം വരുന്ന തിയതി കലണ്ടറില്‍ നോക്കി ഒരു കാത്തിരിപ്പാണ്.

സ്കൂളിലേക്കുള്ളതല്ലാത്ത പുസ്തകങ്ങള്‍ വീട്ടില്‍ നിന്ന് ലഭിക്കാന്‍ അധികം അവസരമില്ലാതിരുന്ന എനിക്ക്  ചില കുടുംബ വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ വലിയ ആഹ്ലാദം നിറഞ്ഞതായിരുന്നു. അവിടെ ചെന്നാല്‍ കഥാപുസ്തകങ്ങളുടെ പഴയ ലക്കങ്ങളടക്കം കുറേയെണ്ണം ഒന്നിച്ച് വായിക്കാമെന്നതായിരുന്നു കാരണം. മാത്യു മറ്റവും ജോയ്സിയുമൊക്കെ (James Joyce അല്ല) ലോകോത്തര എഴുത്തുകാരാണെന്ന് കരുതുകയും അവരെ ആരാധിക്കുകയും ചെയ്യുന്ന പ്രായം.  അങ്ങിനെയിരിക്കെയാണ് ഞങ്ങളുടെ വീടിനടുത്ത് ചെറിയ കവലയിലുള്ള ഒരു പഴയ ഒറ്റനിലക്കെട്ടിടത്തിനു മുകളിലത്തെ മുറിയില്‍ മുതിര്‍ന്നവര്‍ ചിലര്‍ ചേര്‍ന്ന് ഒരു ചെറിയ വായനശാല തുടങ്ങുന്നത്.  എല്ലാ തരക്കാരെയും ആകര്‍ഷിക്കാന്‍ വേണ്ടി ഏതാനും പൈങ്കിളി വാരികകളും അവിടെ വരുത്തിയിരുന്നു. അവിടെ വെച്ചാണ് ആദ്യമായി മാതൃഭൂമി വാരികയും കലാകൗമുദി വാരികയും (ഉള്ളടക്കത്തില്‍ അന്നത്തെ കലാകൗമുദിയല്ല ഇന്നുള്ളത്) ഒക്കെ അടുത്തു കാണുന്നത്. അതിലെ നീണ്ട മൂക്കും അതുപോലുള്ള കാലും കയ്യുമൊക്കെയുള്ള ആളുകളുടെ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ  അതൊന്നും വായിക്കാനേ തോന്നിയിരുന്നില്ല. എങ്കിലും, ഇഷ്ട വാരികകളെല്ലാം പെട്ടെന്ന് വായിച്ചു തീരുമ്പോള്‍ വലിയ താത്പര്യത്തോടെയല്ലെങ്കിലും ഇടയ്ക്കൊക്കെ മേല്‍പ്പറഞ്ഞ വികൃത ചിത്രങ്ങളുള്ള  വാരികകളും അലസമായി ഓടിച്ചു നോക്കും. ഫലിത ബിന്ദുക്കള്‍ പോലുമില്ലാത്ത വിരസമായ അതിന്‍റെ പേജുകള്‍ ആര് വായിക്കുമെന്ന് അത്ഭുതപ്പെടും. ഏതായാലും പിന്നീടെപ്പൊഴോ എം. കൃഷ്ണന്‍ നായര്‍ എഴുതുന്ന സാഹിത്യ വാരഫലം വായിക്കല്‍ ഒരു പതിവായിത്തീര്‍ന്നു. അന്ന കരെനീന, യുദ്ധവും സമാധാനവും, കരമസോവ് സഹോദരന്മാര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്നിങ്ങിനെ നമുക്കറിയാത്ത സംഭവങ്ങളെ പറ്റിയൊക്കെയാണെങ്കിലും വായിക്കാന്‍ ഒരു രസം വന്നു തുടങ്ങിയിരുന്നു.  അന്ന കരെനീന വായിച്ചാല്‍ ലോകത്തെ എല്ലാ നോവലുകളും വായിച്ചതിനു തുല്യമായി എന്നൊക്കെ വാരഫലക്കാരന്‍ അന്ന് എഴുതാറുണ്ടായിരുന്നു. അങ്ങിനെ മാതൃഭൂമിയിലും കലാകൗമുദിയിലുമൊക്കെ വരുന്ന നിലവാരമുള്ള സാഹിത്യം കുറേശെയൊക്കെ വായിച്ചു തുടങ്ങിയ ആ നാളുകളിലൊരിക്കല്‍ ഒരാളുടെ പക്കല്‍ നിന്ന് സി രാധാകൃഷ്ണന്‍റെ സ്പന്ദമാപിനികളെ നന്ദി എന്ന നോവല്‍ വായിക്കാന്‍ കിട്ടി. അത് പിന്നീടുള്ള വായനകളെ ആകെ വഴിമാറ്റി വിട്ടു എന്നു പറയാം. അതില്‍ പിന്നെയാണ് ബഷീറിന്‍റെ ബാല്യകാല സഖി വായിച്ചത്. അന്ന് അവസാനമായി കണ്ടപ്പോള്‍ സുഹറ പറയാന്‍ തുടങ്ങിയതെന്തായിരുന്നു? എന്ന ഒരു ചോദ്യത്തില്‍ ആ കഥ തീരുമ്പോള്‍ ശിരസ്സിനുള്ളില്‍ കടന്നലുകള്‍ മൂളിപ്പറന്നു. പിന്നീടാണ് ജീവിതം പറയുന്ന യഥാര്‍ത്ഥ എഴുത്തുകാര്‍ ആരൊക്കെയെന്ന് ഒരു ധാരണ വന്നു തുടങ്ങിയത്. അന്നൊക്കെ ഒരു പുസ്തകം കയ്യില്‍ വന്നാല്‍ അത് തന്നെയായിരുന്നു ലോകം. അത് തന്നെയായിരുന്നു തുടക്കവും ഒടുക്കവും. പുസ്തകങ്ങളെ പ്രണയിക്കുകയും അതിന് ആത്മാവിനെ നല്‍കുകയും ചെയ്തു വായനപ്രിയരായവര്‍. ഓരോ പുസ്തകവും ഓരോ അനുഭവമായിരുന്നു.

വിവര സാങ്കേതിക വിദ്യ വികസിക്കുകയും, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ ഫോണ്‍, റ്റാബ്, നോട്ട് (ഇനി എന്തൊക്കെയാണ് വരുന്നതാവോ!) എന്നിങ്ങിനെ വിവിധയിനം ഗാഡ്ജറ്റുകള്‍ ഒരു വിധം എല്ലാവര്‍ക്കും പ്രാപ്യമായി തുടങ്ങുകയും ചെയ്തതില്‍ പിന്നെ ലോകം അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിരല്‍തുമ്പിലാണെന്ന് പറയാം. നാനാവിധത്തില്‍ ലഭ്യമായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ന്യൂസ്‌ ഫീഡ്സ്, പുസ്തകാവലോകനങ്ങള്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ക്ഷണമാത്രയില്‍ കയ്യിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാമുണ്ട് ഒരു വിരല്‍ സ്പര്‍ശത്തില്‍. ഇനി ഇതെല്ലാം വിട്ട് റ്റെലിവിഷന്‍ തുറന്നാലും അതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ മായ്ച്ചു കളഞ്ഞുകൊണ്ട് ചാനലുകളും ചര്‍ച്ചകളും രാവും പകലും ഇടതടവില്ലാതെ പെയ്തിറങ്ങുന്നു. വിരല്‍തുമ്പില്‍ വിവരങ്ങള്‍ എമ്പാടും ലഭ്യമായ ഈ അസുലഭകാലഘട്ടം ആ നിലയ്ക്ക് നമ്മളെ കൂടുതല്‍ വിവരമുള്ളവരും വിവേകമുള്ളവരും ആക്കിത്തീര്‍ക്കേണ്ടതാണ്. എന്നാല്‍ അല്‍പവിവരത്തിന്‍റെയും അവിവേകത്തിന്‍റെയും സമ്മേളനത്തില്‍ ഒരു ആഗോളഗ്രാമം വികസിച്ചു വരുന്നതായിട്ടാണ് നമ്മള്‍ പലപ്പോഴും കണ്ടു വരുന്നത്. നെറ്റിലൂടെ ആവശ്യമുള്ളതും ബുദ്ധിവികാസത്തിന് അനുഗുണമാകുന്നതുമായ തെരുഞ്ഞെടുത്ത ഒരു വായന ശീലമാക്കാന്‍ അധികപേര്‍ക്കും സാധ്യമാകുന്നില്ല എന്നു തന്നെ പറയാം. പണച്ചിലവില്ലാതെയും അല്ലാതെയും എണ്ണമറ്റ പുസ്തകങ്ങള്‍ നമുക്കിന്ന് ഒരു മിനക്കേടുമില്ലാതെ നെറ്റ് വഴി ലഭിക്കാന്‍ പ്രയാസമില്ല. എന്നിട്ടും വായനയുടെ ആനന്ദത്തിലേക്ക് ഇന്റര്‍നെറ്റ്-വിജ്ഞാന വിസ്ഫോടനത്തിന് മുന്‍പുള്ള കാലത്തെപോലെ ആഴത്തിലിറങ്ങാന്‍ അധികപേര്‍ക്കും ആവുന്നില്ല.

പഴയതെല്ലാം നല്ലതും പുതിയതെല്ലാം മോശവുമെന്ന പതിവു ക്ലീഷേ മാത്രമാണോ ഈ തോന്നലുകള്‍? വായനയുടെ വസന്ത കാലം എന്ന് പറയുന്നത് ഈ വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനു മുന്‍പുള്ള ആ ഇല്ലായ്മയുടെ കാലം തന്നെയായിരുന്നു എന്ന് നമുക്ക് തോന്നുന്നത് എന്തുകൊണ്ടാവും? അന്ന് പുസ്തകങ്ങള്‍ ധാരാളമായി ലഭിക്കാന്‍  സാഹചര്യമില്ലാത്ത ഒരു കാലമാണ്. എവിടെ നിന്നെങ്കിലും, അല്ലെങ്കില്‍ ലൈബ്രറിയില്‍ നിന്ന് ഒരു പുസ്തകം നമ്മുടെ കയ്യില്‍ വരും. അത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ വായിച്ചു  തിരിച്ചു നല്‍കുകയും വേണം. സമയം കളയാതെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ അക്ഷരങ്ങളെയും ധ്യാനിച്ച്‌ കൊണ്ട് നിങ്ങളത് വായിച്ചു തീര്‍ക്കുന്നു. കഥയാണെങ്കില്‍ നിങ്ങള്‍ അതിലൊരു കഥാപാത്രമാവുന്നു. നോവലാണെങ്കില്‍ അതിലെ പല ജീവിതങ്ങള്‍ നിങ്ങള്‍ സ്വയം തന്നെ ജീവിക്കുന്നു. യാത്രാവിവരണമാണെങ്കില്‍ കപ്പലും വിമാനവുമേറി ഒരിക്കലും കണ്ടിട്ടില്ലാത്ത തുറമുഖങ്ങളിലേക്ക്, നഗരങ്ങളിലേക്ക് നിങ്ങളും തീര്‍ത്ഥയാത്ര പോകുന്നു. അതെ, ഓരോ വായനയും ഒരു തീര്‍ത്ഥയാത്രയായിരുന്നു, ആരാധനയായിരുന്നു. ഇന്ന് വിരല്‍തുമ്പില്‍, എന്നല്ല, ഒരു ഇമയനക്കം കൊണ്ട് തന്നെ വിജ്ഞാനലോകത്തിന്‍റെ കവാടം തുറക്കാന്‍ മനുഷ്യന്‍ കെല്‍പ്പ് നേടിയിരിക്കുന്നു. വിവരവിജ്ഞാനത്തിന്‍റെ അതി-ലഭ്യത പക്ഷെ നമ്മളെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുന്നു. വേണ്ടതും വേണ്ടാത്തതുമെല്ലാം ഒരു പോലെ ടൈം ലൈനില്‍ വന്ന് നിറയുന്നു. ഏറിയ കൂറും ഒരു ചന്തയുടെ സ്വഭാവ സവിശേഷതകളുള്ള സോഷ്യല്‍ നെറ്റ്-വര്‍ക്കുകളില്‍ ചിന്തയ്ക്കുള്ള ഇടം തുലോം തുച്ഛമാണ്. ഈ ബഹളം എല്ലാ ജിജ്ഞാസകളെയും ഭ്രൂണഹത്യ ചെയ്തു കളഞ്ഞിരിക്കുന്നു. കാത്തിരുന്നു കിട്ടുന്ന ഒരു പുസ്തകത്തിന്‍റെ വായന നല്‍കുന്ന അനുഭൂതി അന്യം നിന്ന് പോയിരിക്കുന്നു. ബുദ്ധിജീവികളെകൊണ്ട് ഇനിയെന്തു പ്രയോജനം?  സൈബര്‍ വലയില്‍ ചെന്ന് ചാടി അവള്‍/അവന്‍ ആത്മാഹുതി ചെയ്തിരിക്കുന്നു.